റിയാദ്: യു.എ.ഇ, ബഹ്‌റൈൻ, ഖത്തർ, കുവൈത്ത്, ജോർദാൻ എന്നീ അഞ്ച് അറബ് രാജ്യങ്ങളുടെ പരമാധികാരത്തിന് മേൽ ഇറാൻ നടത്തിയ കടന്നുകയറ്റത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും രാജ്യങ്ങളുടെ പരമാധികാരത്തിെൻറയും മേലുള്ള ഇത്തരം നഗ്നമായ ലംഘനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൗദി മുന്നറിയിപ്പ് നൽകി.
ഇതുസംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി. ഇറാെൻറ ആക്രമണത്തെ നേരിടാൻ ഈ അഞ്ച് സഹോദര രാജ്യങ്ങൾക്കും സൗദി അറേബ്യ പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സുരക്ഷാ നടപടികൾക്കായി സൗദിയുടെ എല്ലാവിധ കഴിവുകളും സജ്ജമാണെന്നും മന്ത്രാലയം അറിയിച്ചു.
രാജ്യങ്ങളുടെ പരമാധികാരത്തിന് മേലുള്ള ഇത്തരം കടന്നുകയറ്റങ്ങൾ മേഖലയുടെ സമാധാനത്തെ തകർക്കും. ഇതിന് വലിയ വില നൽകേണ്ടി വരുമെന്ന് സൗദി മുന്നറിയിപ്പ് നൽകി. ഇറാെൻറ ഭാഗത്തുനിന്നുള്ള ഇത്തരം നിയമലംഘനങ്ങളെ അപലപിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം. മേഖലയുടെ സുസ്ഥിരത ഉറപ്പാക്കാൻ ഇറാനെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. മേഖലയിലെ സുരക്ഷയും സമാധാനവും കാത്തുസൂക്ഷിക്കാൻ അയൽരാജ്യങ്ങൾക്കൊപ്പം ഉറച്ചുനിൽക്കുമെന്ന നിലപാടിലാണ് സൗദി അറേബ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.