യാംബു: ആഗോള ഈത്തപ്പഴ വിപണിയിൽ തങ്ങളുടെ അപ്രമാദിത്വം ഉറപ്പിച്ചു സൗദി അറേബ്യ മുന്നേറുന്നു.ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ഗുണനിലവാരമുള്ള നാനൂറിലധികം ഇനങ്ങൾ ഉൽപാദിപ്പിച്ചാണ് രാജ്യം ഈ നേട്ടം കൈവരിക്കുന്നത്. നിലവിൽ 4.57 ലക്ഷം ടൺ വാർഷിക ഉൽപാദനവുമായി ലോകത്തെ മുൻനിര ഈത്തപ്പഴ ഉൽപാദകരുടെ പട്ടികയിൽ സൗദി തങ്ങളുടെ സ്ഥാനം കൂടുതൽ സുരക്ഷിതമാക്കി.
രാജ്യത്തെ ഈത്തപ്പഴ ഉൽപ്പാദനത്തിന്റെ പ്രധാന കേന്ദ്രമായി റിയാദ് മേഖല മാറിയിരിക്കുകയാണ്. 21,000 ഫാമുകളിലായി വ്യാപിച്ചുകിടക്കുന്ന 81.77 ലക്ഷത്തിലധികം ഈന്തപ്പനകളാണ് റിയാദിലുള്ളത്.
അത്യാധുനിക രീതിയിലുള്ള 60ലധികം സംസ്കരണ പ്ലാൻറുകളുടെ പിന്തുണയോടെ ഉൽപാദനക്ഷമത വർധിപ്പിക്കുന്നതിലും അന്താരാഷ്ട്ര വിപണിയിൽ സാന്നിധ്യം ശക്തമാക്കുന്നതിലും ഈ മേഖല നിർണായക പങ്ക് വഹിക്കുന്നു.
നാഷനൽ സെൻറർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സൗദിയിലെ ഈത്തപ്പഴ വിപണി വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ആഭ്യന്തര വിപണിക്ക് പുറമെ വടക്കേ അമേരിക്ക, യൂറോപ്പ്, കിഴക്കൻ ഏഷ്യ, ഗൾഫ് മേഖലകൾ ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിലേക്കാണ് നിലവിൽ സൗദി ഈത്തപ്പഴങ്ങൾ കയറ്റുമതി ചെയ്യുന്നത്. ശാസ്ത്രീയമായ രീതിയിൽ പാക്ക് ചെയ്താണ് ഇവ വിദേശ വിപണികളിലേക്ക് എത്തിക്കുന്നത്. രാജ്യത്ത് മൊത്തം 3.3 കോടി ഈന്തപ്പനകളുണ്ട്. ഇത് ലോകത്തുള്ള മൊത്തം ഈന്തപ്പനകളുടെ 27 ശതമാനമാണ്. സൗദിയിൽ 457,000 ടൺ ആണ് വാർഷിക ഉത്പാദനം.
സൗദി അറേബ്യയുടെ സമ്പൂർണ വികസന കാഴ്ചപ്പാടായ ‘വിഷൻ 2030’ന്റെ ഭാഗമായി ഈത്തപ്പഴ മേഖലയുടെ സാമ്പത്തിക വൈവിധ്യവത്കരണത്തിനുള്ള സുപ്രധാന മാർഗമായാണ് രാജ്യം കാണുന്നത്. സൗദി അറേബ്യയെ ലോകത്തെ ഏറ്റവും വലിയ ഈത്തപ്പഴ കയറ്റുമതി രാജ്യമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വിപുലമായ പദ്ധതികളാണ് കൃഷി മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കി വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.