ശംസുൽ ഹുദ​

മനോവിഭ്രാന്തിയിൽ ബത്​ഹ തെരുവിൽ അലഞ്ഞു തിരിഞ്ഞ്​ മലയാളി

റിയാദ്: മനസിന്‍റെ താളംതെറ്റി തെരുവിൽ അലയുകയും അജ്ഞാതരിൽ നിന്ന് ക്രൂര മർദനമേറ്റ് അവശനിലയിലാവുകയും ചെയ്ത മലയാളിയെ കരുതലിന്റെ കരവലയത്തിലാക്കി ഒരു കൂട്ടം മനുഷ്യസ്നേഹികൾ. ഏറ്റ പീഡനങ്ങളിൽ മുറിഞ്ഞ്​ തൂങ്ങിയ ഒരു ചെവി പഴുത്തുവിങ്ങിയിട്ടും വേദന പോലുമറിയാതെ മനോവിഭ്രാന്തിയുടെ ഉന്മാദത്തിലായിരുന്ന തൃശൂർ കയ്പമംഗലം ചളിങ്ങാട് സ്വദേശി ശംസുൽ ഹുദയാണ് ഇപ്പോൾ സാമൂഹിക പ്രവർത്തകരുടെ സംരക്ഷണയിൽ കഴിയുന്നത്.

'ബൈപോളാർ ഡിസോർഡർ' എന്ന രോഗത്തി​ന്‍റെ അവസ്ഥാന്തരങ്ങളിൽ ഉഴലുന്ന യുവാവിനെ ബത്ഹയിലെ ഒരു ഗല്ലിയിൽ നിന്നാണ്​ മലയാളി സാമൂഹിക പ്രവർത്തകർ കണ്ടെത്തിയത്​. ഊണും ഉറക്കവും വൃത്തിയുമില്ലാതെ തെരുവിൽ ബഹളംവെച്ചും അക്രമാസക്തനായും ചിലപ്പോൾ വിഷാദ ഭാവത്തിൽ ചടഞ്ഞിരുന്നും കാഴ്​ചക്കാർക്ക്​ ഭയമോ തമാശയോ ആയി മാറിയ യുവാവി​നെ ഏറ്റെടുത്ത് സംരക്ഷണം നൽകാൻ ഈ മനുഷ്യസ്​നേഹികൾ മുന്നോട്ട്​ വരികയായിരുന്നു.​

അലച്ചിലിനിടയിൽ നിന്ന്​ എവിടെ​നിന്നോ ഏറ്റ ക്രൂര മർദനത്തിൽ അയാളുടെ ചെവി തകർന്നു പോയിരുന്നു. അത്​ പഴുത്തി വിങ്ങിയിരുന്നു. നീര്​ വന്ന്​ വീർത്തിരുന്നു. ബത്​ഹയിലെ ശിഫ അൽജസീറ ക്ലിനിക്കിൽ പ്രവേശിപ്പിച്ച്​ ആവശ്യമായ ചികിത്സ നൽകി. മുറിവ്​ വലിയ വ്രണമായി മാറിയതിനാൽ തുടർച്ചയായി ഡ്രസിങ്​ നടത്തി മരുന്നുവെക്കണം. അതിനായി ക്ലിനിക്കിൽ കിടത്താൻ സൗകര്യമില്ലാത്തതിനാൽ തൊട്ടടുത്തുള്ള ഹോട്ടലിൽ മുറിയെടുത്ത്​ കിടത്തിയിരിക്കുകയാണ്​.

വിഷാദത്തി​നും ഉന്മാദത്തിനുമിടയിൽ ആടിയുലയുന്ന മനസുമായി നിയന്ത്രണംവിട്ട്​ പെരുമാറുന്ന യുവാവിന്​ ഊണും ഉറക്കവും ഉപേക്ഷിച്ച്​ കാവലിരിക്കുകയാണ്​ സാമൂഹിക പ്രവർത്തകർ. ചെവിയിലെ മുറിവുണങ്ങിയാലെ റിയാദിലെ മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കാനാവൂ. അവിടെ ചികിത്സിപ്പിച്ച്​ രോഗം ഭേദമായാലേ നാട്ടിലേക്ക്​ യാത്ര ചെയ്യിക്കാനാവൂ. എക്​സിറ്റ്​ വിസയും യാത്രാരേഖകളും ശരിയാക്കിയിട്ടുണ്ട്​.

റിയാദിൽ കുറച്ചുകാലം പ്രവാസിയായ ശംസുൽ ഹുദ നാട്ടിലേക്ക്​ മടങ്ങിയ ശേഷം എട്ട്​ മാസം മുമ്പ് പുതിയ വിസയിൽ തിരിച്ചെത്തിയതായിരുന്നു. കുറച്ചുനാൾ മുമ്പാണ്​ ബൈപോളാർ ഡിസോർഡർ എന്ന രോഗത്തിന് അടിപ്പെടുന്നത്​. റിയാദിലെ അൽഅമൽ മനോരോഗാശുപത്രിയിൽ ആരോ എത്തിച്ചു. കുറച്ചുനാൾ അവിടെ ചികിത്സയിൽ കഴിഞ്ഞു. സുഖമായപ്പോൾ ആശുപത്രിയിൽ നിന്ന് വിട്ടയച്ചു. എന്നാൽ കുറച്ചുദിവസം കഴിഞ്ഞപ്പോൾ വീണ്ടും താളംതെറ്റി.

തെരുവിൽ അലയുന്നതിനിടയിൽ പൊലീസ്​ പിടിച്ച്​ അൽപകാലം ജയിലിൽ പാർപ്പിച്ചു. എന്നാൽ അവിടെയും പ്രശ്നമായപ്പോൾ തുറന്നുവിട്ടു. ശേഷമാണ് ബത്ഹയിലെ തെരുവിൽ അലയാൻ തുടങ്ങിയതും മർദനമേറ്റതും ഒടുവിൽ സാമൂഹിക പ്രവർത്തകർ രക്ഷകരായതും. തന്റെ കീഴിൽ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്​പോൺസർ പരാതിപ്പെട്ടതിനാൽ 'ഹുറൂബി'ന്റെ നിയമകുരുക്കുമുണ്ടായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും അവരുടെ സഹായത്തോടെ നാടുകടത്തൽ കേന്ദ്രത്തിൽ നിന്ന് എക്സിറ്റ് നടപടികൾ പൂർത്തിയാക്കുകയും ചെയ്തു. പക്ഷേ ചെവിയിലെ മുറിവുണങ്ങിയും മനോനില ശരിയാവുകയും ചെയ്താലേ നാട്ടിലേക്ക് കയറ്റിവിടാനാകൂ.

അതുവരെ കരുതലും സ്​നേഹവും നൽകി യുവാവിന് കാവലിരിക്കുകയാണ് ഒരു കൂട്ടം മനുഷ്യർ. ഹോട്ടലിൽ നാലു ദിവസമായി. മൂന്നും നാലും വീതം ആളുകൾ ഊഴമിട്ട്​ രാവും പകലും കാവലിരിക്കുകയാണ്​. ഉന്മാദം വരു​മ്പോൾ യുവാവ്​ ഉച്ചത്തിൽ അലറിവിളിക്കുകയും ബഹളമുണ്ടാക്കുകയും അക്രമാസക്തനാവുകയും ചെയ്യുന്നുണ്ട്. അല്ലാത്തപ്പോൾ വിഷാദം തലയിണയാക്കി കണ്ണടച്ചു കിടക്കും. എപ്പോഴാണ്​ ഭാവം മാറുന്നതെന്ന്​ ഒരു നിശ്ചയവുമില്ല. അതുകൊണ്ട്​ കണ്ണുചിമ്മാതെ കാവലിരുന്നേ കഴിയൂ. ഈ കരുതലൊരുക്കുന്നവരിൽ ഒരാളും യുവാവിന്റെ ആരുമല്ല. കേരളത്തിലെ പലഭാഗങ്ങളിൽ നിന്നുള്ളവരാണ്​. പല തരം മനുഷ്യരാണ്​. മനുഷ്യത്വമാണ്​ അവരെ ഒന്നിപ്പിക്കുന്നത്​. എന്നാൽ എത്രകാലം ഇങ്ങനെ എന്ന ചോദ്യം അവരെയും കുഴക്കുകയാണ്. വിവരമറിഞ്ഞ് ഇയാളുടെ ബന്ധുക്കളൊ നാട്ടുകാരോ സഹായത്തിനെത്തും എന്ന പ്രതീക്ഷയുണ്ട്.

ശിഹാബ്​ കൊട്ടുകാടിനെ കൂടാതെ വിക്രമൻ, കുമ്മിൾ സുധീർ (നവോദയ), ഡൊമിനിക്​ സാവിയോ (ഡബ്ല്യൂ.എം.എഫ്​), ഷൈജു നിലമ്പൂർ (റിയാദ്​ ടാക്കീസ്​), ഷരീഖ്​ തൈക്കണ്ടി, ബിനു കെ. ​തോമസ്​ (പി.എം.എഫ്​), സുരേഷ്​ ശങ്കർ (ഒ.ഐ.സി.സി), സഗീർ (തൃശൂർ കൂട്ടായ്​മ), ജലീൽ ആലപ്പുഴ, ലോക്​നാഥ്​, ഫൈസൽ തൃശൂർ, സലാം പെരുമ്പാവൂർ, ലത്തീഫ്​, കാർഗോ രാജു, റഹീം, ഉമർ കൂൾടെക് തുടങ്ങിയ സാമൂഹിക പ്രവർത്തകരാണ് യുവാവിനെ സഹായിക്കാൻ രംഗത്തുള്ളത്.

Tags:    
News Summary - A Malayali Shamsul Huda wandering in Batha street in a state of depression

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.