റിയാദ്: നാട്ടിൽ പോയി വരുമ്പോൾ ഒരു വർഷത്തേക്ക് ഉപയോഗിക്കാനുള്ള മരുന്ന് കൊണ്ടുവന്നതിന് കസ്റ്റംസ് പിടിയിലാവുകയും നിയമനടപടി നേരിടുകയും ചെയ്ത മലയാളി യുവാവ് മടങ്ങി. സൗദി അറേബ്യൻ ബേസിക് ഇൻഡസ്ട്രീസിൽ (സാബിക്) കരാർ ജീവനക്കാരനായിരുന്ന കൊച്ചി സ്വദേശി നിഷീഫ് ഒലിയത്ത് അബ്ദുൽ ഗഫൂറിനാണ് 11 മാസം നീണ്ട യാത്രാനിരോധനത്തിനൊടുവിൽ സാമ്പത്തിക പിഴയൊടുക്കി എക്സിറ്റ് വിസയിൽ പോകേണ്ടിവന്നത്.
ശാരീരികാസ്വാസ്ഥ്യത്തെ തുടർന്ന് വിദഗ്ധ ചികിത്സക്ക് രണ്ടാഴ്ച അവധിക്ക് നാട്ടിൽ പോയി മടങ്ങുമ്പോൾ 2016 ജൂൺ 18 നായിരുന്നു സംഭവം. ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ റിയാദ് വിമാനത്താവളത്തിലിറങ്ങിയ നിഷീഫിനെ കസ്റ്റംസ് തടഞ്ഞു. ബാഗേജിൽ അമിതമായ അളവിൽ ഗുളികയും മറ്റ് മരുന്നുകളും കണ്ടതാണ് വിനയായത്. നാട്ടിൽ ചികിത്സിച്ച ഡോക്ടർ നിർദേശിച്ച ഒരു വർഷത്തേക്കുള്ള മരുന്നായിരുന്നു അത്. ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ ഉൾപ്പെടെ മതിയായ രേഖകളുണ്ടായിരുന്നെങ്കിലും അതൊന്നും രക്ഷയായില്ല. എയർപോർട്ടിലെ സെല്ലിൽ ഒരു ദിവസം കഴിഞ്ഞ ശേഷം സമീപത്തെ ഖലീജ് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും പിന്നീട് നസീമിലെ നർക്കോട്ടിക് സ്റ്റേഷനിലെത്തിച്ച് അവിടെ ജയിലിൽ അടക്കുകയും ചെയ്തു. ഇവിടെ 11 ദിവസം കിടന്നു. ഇയാളുടെ ബന്ധുവായ റിയാദ് നാടക വേദി പ്രവർത്തകൻ ആഷിഖ് വലപ്പാട് വിഷയത്തിലിടപെടുകയും മരുന്നുകളെയും ചികിത്സയെയും കുറിച്ച് പൊലീസ് ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കുകയും ചെയ്തു. തുടർന്ന് ഒരു സ്വദേശി പൗരെൻറ ജാമ്യത്തിൽ ആളെ ജയിലിൽ നിന്ന് വിട്ടയച്ചു.
എന്നാൽ കേസ് തുടർന്നതിനാൽ ഇഖാമ പുതുക്കാനായില്ല. ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. ജുബൈലിലെ ഒരു കരാർ കമ്പനിയുടെ സ്പോൺസർഷിപ്പിലായിരുന്നു യുവാവ്. ജയിലിൽ നിന്നിറങ്ങിയ ശേഷം അങ്ങോട്ട് പോയെങ്കിലും അപ്പോഴേക്കും സാബിക്കിലെ കരാർ അവസാനിച്ചിരുന്നതിനാൽ ജോലിയിൽ തുടരാനായില്ല. ഇഖാമ പുതുക്കാൻ കഴിയാതായതോടെ താമസസൗകര്യം കൂടി നഷ്ടമായി ഒരു രക്ഷയുമില്ലാതെ റിയാദിലേക്ക് മടങ്ങേണ്ടിവന്നു. ബന്ധു ആഷിഖിനോടൊപ്പമാണ് 10 മാസത്തോളം കഴിഞ്ഞത്. കഴിഞ്ഞ മാസമാണ് കേസിൽ തീർപ്പുണ്ടായത്. സാമ്പത്തിക പിഴയും നാടുകടത്തലുമായിരുന്നു വിധി. ഇഖാമ പുതുക്കാനും ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം തിരിച്ചെടുക്കാനും കഴിഞ്ഞു. സാമ്പത്തിക പിഴ വിമാനത്താവളത്തിലെ കസ്റ്റംസ് വിഭാഗത്തിൽ അടച്ചതോടെ യാത്രാവിലക്കും നീങ്ങി. ഇക്കഴിഞ്ഞ തിങ്കളാഴ്യാണ് നിഷീഫ് നാട്ടിലേക്ക് മടങ്ങിയത്. കൊച്ചി കൂട്ടായ്മയും നാടകം ഡോട്ട് കോം പ്രവർത്തകരും സഹായിക്കാൻ രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.