തെക്ക്-വടക്ക് പാതയുടെ  പരിപാലനം തെയ്ല്‍സ് ഗ്രൂപ്പിന് 

ദമ്മാം: സൗദി അറേബ്യയുടെ ഉപരിതല ഗതാഗത രംഗത്തെ മാറ്റിമറിക്കുന്ന തെക്ക്-വടക്ക് റെയില്‍ പാതയുടെ പരിപാലന ചുമതല തെയ്ല്‍സ് ഗ്രൂപ്പിന്. ഒരുവര്‍ഷത്തെ കരാറാണ് ഫ്രഞ്ച് ബഹുരാഷ്ട്ര സ്ഥാപനമായ തെയ്ല്‍സിന് നല്‍കിയിരിക്കുന്നത്. കരാറിനെ തുടര്‍ന്ന് തങ്ങള്‍ നിര്‍വഹിക്കുന്ന ചുമതലകളുടെ വിശദാംശങ്ങള്‍ ഗ്രൂപ്പ് പുറത്തുവിട്ടു. ഈ റൂട്ടിലെ പാസഞ്ചര്‍ ലൈന്‍ ഇക്കൊല്ലം അവസാനത്തോടെ പ്രവര്‍ത്തനമാരംഭിക്കുമെന്നാണ് സൂചന. ധാതു ലവണങ്ങളുടെ കടത്തിനുള്ള ചരക്കുപാതയും യാത്ര പാതയും ഉള്‍പ്പെടെ മൊത്തം 2,400 കിലോമീറ്റര്‍ റെയില്‍ ലൈനാണ് തെക്ക്-വടക്ക് പദ്ധതിയിലുള്ളത്. ലോകത്തിലെ ഏറ്റവും വലിയ റെയില്‍വേ നിര്‍മാണ പദ്ധതിയും യൂറോപ്യന്‍ സിഗ്നലിങ് സിസ്റ്റം (ഇ.ടി.സി.എസ്- ലെവല്‍ 2) സ്ഥാപിക്കുന്ന ദൈര്‍ഘ്യമേറിയ പാതയും ഇതാണെന്ന് തെയ്ല്‍സ് വ്യക്തമാക്കുന്നു. റിയാദില്‍ നിന്ന് ജോര്‍ഡന്‍ അതിര്‍ത്തിയിലെ അല്‍ ഹദീത വരെയാണ് പാത. ധാതുപാതയുടെ 1,486 കിലോമീറ്റര്‍ നീളത്തിലുള്ള ഭാഗത്ത് കഴിഞ്ഞ നവംബര്‍ മുതല്‍ സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. ഫോസ്ഫേറ്റ് ബെല്‍റ്റിലെ അല്‍ ജലാമിദ് മുതല്‍ ബോക്സൈറ്റ് മേഖലയിലെ അസ്സാബിറ വരെയാണ് നിലവില്‍ ചരക്കുവണ്ടികള്‍ ഓടുന്നത്. സൗദി ദേശീയ ഖനന കമ്പനിയായ മആദിന്‍െറ കൂറ്റന്‍ ഫോസ്ഫേറ്റ് ഖനി പ്രവര്‍ത്തിക്കുന്നത് ഇറാഖ് അതിര്‍ത്തിക്കടുത്ത ജലാമിദിലാണ്. ഹാഇലിനും ഹഫറുല്‍ ബാതിനിലിനും മധ്യേ സ്ഥിതി ചെയ്യുന്ന അസ്സാബിറയിലാണ് ബോക്സൈറ്റ് ഖനിയും മആദിന്‍െറ തന്നെ അലൂമിനിയം, ഇന്‍ഡസ്ട്രിയല്‍ മിനറല്‍സ് പദ്ധതികളും ഉള്ളത്. ഇവിടെ നിന്ന് കിഴക്കന്‍ തീരത്തെ റാസ് അല്‍ ഖൈറിലേക്ക് നീളുന്നതാണ് നിര്‍ദിഷ്ട ധാതുപാത.  
റിയാദില്‍ നിന്ന് ഹദീത വരെ നീളുന്ന 1,418 കിലോമീറ്റര്‍ പാസഞ്ചര്‍ ലൈനിന്‍െറ പണി പൂര്‍ത്തിയായി കഴിഞ്ഞു. സുദൈര്‍, ഖസീം, ഹാഇല്‍, അല്‍ ജൗഫ്, അല്‍ ബസൈത എന്നി പ്രദേശങ്ങള്‍ സ്പര്‍ശിച്ചാണ് പാത അല്‍ ഹദീതയിലത്തെുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇവിടെ ട്രെയിന്‍ ഓടിത്തുടങ്ങുമെന്നാണ് തെയ്ല്‍സ് നല്‍കുന്ന സൂചന. 
സമ്പൂര്‍ണ പരിപാലന കരാറാണ് കമ്പനിക്ക് നല്‍കിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍, സംവിധാനം തകരാറിലാകുന്നതിന് മുന്നേയുള്ള തിരുത്തലുകള്‍ എന്നിവ ഇതിന്‍െറ ഭാഗമാണ്. എയ്റോസ്പേസ്, ഗതാഗതം, പ്രതിരോധം, സുരക്ഷ എന്നീ രംഗങ്ങളിലെ പ്രഗത്ഭ സ്ഥാപനമായ തെയ്ല്‍സ് നിരവധി യൂറോപ്യന്‍ റെയില്‍ ശൃംഖലകള്‍ക്ക് സഹായം നല്‍കുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.