അറബ് മേഖലയിലെ രാഷ്ട്രീയ  അസ്ഥിരത; 61,400 കോടി ഡോളറിന്‍െറ നഷ്ടമെന്ന് റിപ്പോര്‍ട്ട്

റിയാദ്: അറബ് വസന്തത്തിന് പിറകെ അറബ് മേഖലയിലുണ്ടായ രാഷ്ട്രീയ അനിശ്ചിതത്വവും യുദ്ധവും ആഭ്യന്തര പ്രശ്നങ്ങളും കോടികളുടെ വളര്‍ച്ച മുരടിപ്പുണ്ടാക്കിയതായി പഠന റിപ്പോര്‍ട്ട്. യു.എന്‍ പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് 2011 മുതലുള്ള അറബ് മേഖലയുടെ വളര്‍ച്ചയെ സംബന്ധിച്ചും സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളെ കുറിച്ചും വെളിച്ചം വീശുന്നത്. യു.എന്‍ ഇകണോമിക് ആന്‍റ് സോഷല്‍ കമീഷന്‍ ഫോര്‍ വെസ്റ്റേണ്‍ ഏഷ്യ (ഇ.എസ്.സി.ഡബ്യു.എ) എന്ന സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്.

ഭരണകൂടങ്ങള്‍ മാറിയതും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര കലഹങ്ങളും സിറിയയിലും ഇറാഖിലും നടക്കുന്ന രൂക്ഷമായ യുദ്ധങ്ങളുമാണ് മേഖല കൈവരിക്കേണ്ട സാമ്പത്തിക വളര്‍ച്ചയെ പിറകോട്ട് തള്ളിയത്. 61,400 കോടി ഡോളറിന്‍െറ വളര്‍ച്ച മുരടിപ്പും സാമ്പത്തിക നഷ്ടവുമാണ് ഇക്കാരണം കൊണ്ടുണ്ടായതെന്ന് പഠനത്തില്‍ പറയുന്നു. സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷമായിട്ട് ആറു വര്‍ഷം പിന്നിട്ടിരിക്കുന്നു. സിറിയയില്‍ മാത്രം 2011 മുതല്‍ 2016 വരെയുള്ള കണക്കനുസരിച്ച് 25,900 കോടി ഡോളറിന്‍െറ സാമ്പത്തിക നഷ്ടമാണുണ്ടായത്. സിറിയയെ കുറിച്ച് പഠനം നടത്തിയ യു.എന്‍ സമിതിയുടെ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത്. മേഖലയിലുണ്ടായ അസ്ഥിരത എണ്ണ വിലയേയും ബാധിച്ചു. 2014ല്‍ എണ്ണ വില കുത്തനെ കൂപ്പു കുത്തി. 13 വര്‍ഷം മുമ്പുണ്ടായിരുന്ന വിലയിലേക്കാണ് ഇക്കാലയളവില്‍ എണ്ണ വിപണി താഴ്ന്നത്. എണ്ണയുല്‍പാദക രാജ്യങ്ങളെയും അവരെ ആശ്രയിച്ച് കഴിയുന്ന രാജ്യങ്ങളെയും ഇത് ഗുരുതരമായി ബാധിച്ചു. യമനിലെ ആഭ്യന്തര കലഹങ്ങളും ലിബിയയിലെ രാഷ്ട്രീയ അസ്ഥിരതയുമൊക്കെ മേഖലയുടെ സാമ്പത്തിക വളര്‍ച്ചക്ക് മുരടിപ്പുണ്ടാക്കിയതിന്‍െറ കാരണങ്ങളാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഗള്‍ഫ്, അറബ് രാജ്യങ്ങളുടെ വാര്‍ഷിക ആഭ്യന്തര വളര്‍ച്ചയെയാണ് സാമ്പത്തിക പ്രതിസന്ധി ഗുരുതരമായി ബാധിച്ചതെന്ന് യു.എന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. എണ്ണ വിപണിയില്‍ സ്ഥിരത കൈവരികയും രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മാറുകയും ചെയ്താല്‍ മാത്രമേ ഈ അവസ്ഥക്ക് മാറ്റമുണ്ടാകൂ എന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.