സ്കൂള്‍ സമയമാറ്റത്തെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭ നിര്‍ദേശം

റിയാദ്: രാജ്യത്തെ വിവിധ നഗരങ്ങളിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള നീക്കത്തിന്‍െറ ഭാഗമായി സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പഠനം നടത്താന്‍ മന്ത്രിസഭ വിദ്യാഭ്യാസ മന്ത്രാലയത്തെ ചുമതലപ്പെടുത്തി. സല്‍മാന്‍ രാജാവിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് രാവിലെ 6.30ന് ആരംഭിച്ച് ഉച്ചക്ക് ഒരു മണിക്ക് അവസാനിക്കുന്ന സ്കൂള്‍ സമയത്തില്‍ മാറ്റം വരുത്തുന്നതിനെക്കുറിച്ച് പഠിക്കാന്‍ നിര്‍ദേശിച്ചത്. ആണ്‍ കുട്ടികളുടെയും പെണ്‍കുട്ടികളുടെയും പ്രാഥമിക തലം മുതല്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാലയങ്ങളുടെ സമയമാറ്റത്തെക്കുറിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. വിദ്യാര്‍ഥി, വിദ്യാര്‍ഥിനികളുടെ ഗതാഗത സൗകര്യവുമായി ബന്ധപ്പെട്ട സമൂലമായ അഴിച്ചുപണി നടത്താനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. സാമ്പത്തിക, വികസന സമിതിയുടെ ശിപാര്‍ശയനുസരിച്ചാണ് പരിഷ്കരണങ്ങള്‍ നടത്താന്‍ തീരുമാനിച്ചതെന്ന് സാംസ്കാരിക, വാര്‍ത്താവിനിമയ മന്ത്രി ഡോ. ആദില്‍ അത്തുറൈഫ് വ്യക്തമാക്കി.
ആഭ്യന്തരം, വിദ്യാഭ്യാസം, തൊഴില്‍, തദ്ദേശഭരണം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് വിവിധ വിഷയത്തില്‍ പഠനം നടത്തുക. സിവില്‍ സര്‍വീസ് മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ‘സാഇദ്’ സംവിധാനം ഉപയോഗപ്പെടുത്തിയാണ് വിദ്യാര്‍ഥികളുടെ ഗാതഗത ശൃംഖല കാര്യക്ഷമമാക്കുക. ഗതാഗത മേഖലയിലെ സ്വദേശിവത്കരണത്തെക്കുറിച്ച് തൊഴില്‍ മന്ത്രാലയം ഉറപ്പുവരുത്തും. സൗദി റെയില്‍വെ കമീഷന്‍ പിരിച്ചുവിട്ട് ഗതാഗത മന്ത്രാലയത്തിന് കീഴിലെ പൊതുഗതാഗത വകുപ്പില്‍ ലയിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചു.
 എട്ട് വര്‍ഷമായി രാജ്യത്ത് പ്രവര്‍ത്തിക്കുന്ന റെയില്‍വെ കമീഷന്‍െറ പ്രവര്‍ത്തനങ്ങള്‍ പൊതുഗതാഗതവുമായി ബന്ധിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. വ്യോമഗതാഗതം ഒഴിച്ചുള്ള ദേശീയ, അന്തര്‍ദേശീയ യാത്ര, ചരക്ക് ഗതാഗതം എന്നിവ പൊതുഗതാഗത വകുപ്പിന് കീഴിലാക്കാനാണ് തീരുമാനം. 
ഗതാഗത മന്ത്രിയുടെ കീഴില്‍ ആഭ്യന്തരം, ധനകാര്യം, തദ്ദേശഭരണം, പ്ളാനിങ്, വാണിജ്യ, വ്യവസായം എന്നീ വകുപ്പുകളുടെ പ്രതിനിധികള്‍ അടങ്ങിയ സമിതിയാണ് പൊതുഗതാഗത വകുപ്പിന് മേല്‍നോട്ടം വഹിക്കുക. സിറിയയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറാന്‍ തുടങ്ങിയത് സമാധാന ശ്രമങ്ങള്‍ക്ക് വേഗം കൂട്ടുമെന്നും മന്ത്രിസഭ അഭിപ്രായപ്പെട്ടു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.