ദമ്മാം: കടക്ക് മുന്നില്‍ വെച്ചിരുന്ന ബൈക്കുകള്‍ മോഷ്ടാക്കള്‍ പിക്കപ്പ് വാനിലത്തെി കടത്തി. കിഴക്കന്‍ പ്രവിശ്യയിലെ അബ്ഖൈഖില്‍ ഇന്നലെ പുലര്‍ച്ചെ 5.45 നാണ് സംഭവം. മതാര്‍ ഏരിയയിലെ ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ സ്ട്രീറ്റില്‍ പ്രവര്‍ത്തിക്കുന്ന അല്‍ കാഫില ബഖാലയിലെ മൂന്നുബൈക്കുകളാണ് മോഷ്ടിച്ചത്. തിരുവനന്തപുരം, കൊല്ലം സ്വദേശികളായ ഏഴുപേരാണ് ഇവിടത്തെ ജീവനക്കാര്‍. റമദാന്‍ ആയതിനാല്‍ പുലര്‍ച്ചെ നാലുമണി വരെ പ്രവര്‍ത്തിക്കുന്ന ബഖാല വീണ്ടും ആറര മണിയോടെയാണ് പിന്നീട് തുറക്കുന്നത്. ഈ സമയത്താണ് മോഷണം നടന്നത്. നാലു ബൈക്കുകളാണ് കടയ്ക്ക് മുന്നില്‍ സൂക്ഷിച്ചിരുന്നതെന്ന് ജീവനക്കാരനായ കല്ലമ്പലം പള്ളിക്കല്‍ സ്വദേശി നവാസ് പറഞ്ഞു. ആറരക്ക് തുറക്കാന്‍ വരുമ്പോള്‍ മൂന്നു ബൈക്കുകള്‍ കാണാനുണ്ടായിരുന്നില്ല.
ബഖാലക്ക് മുന്നില്‍ സ്ഥാപിച്ചിരുന്ന കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പിക്കപ്പ് വാനിലത്തെിയ നാലുപേര്‍ ബൈക്കുകള്‍ കടത്തുന്നത് വ്യക്തമായത്. പിക്കപ്പ് ഓടിച്ച് ബഖാലക്ക് മുന്നില്‍ കൊണ്ട് നിര്‍ത്തിയ ശേഷം മൂന്നു പേര്‍ ഇറങ്ങി ബൈക്കുകള്‍ തൂക്കിയെടുത്ത് പിക്കപ്പിന് പുറകിലേക്ക് ഇട്ട ശേഷം അതിവേഗത്തില്‍ ഓടിച്ച് പോകുന്നത് കാമറയില്‍ കാണാം. മൂന്നു ബൈക്കുകള്‍ വെച്ചപ്പോള്‍ പിക്കപ്പിലെ സ്ഥലം കഴിഞ്ഞതിനാലാണ് നാലാമത്തെ ബൈക്ക് ഉപേക്ഷിച്ചത്.
ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിച്ചു. സ്ഥലത്തത്തെി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് വ്യാപക തെരച്ചില്‍ തുടങ്ങി.
ദൃശ്യങ്ങളില്‍ കള്ളന്‍മാരുടെ മുഖം വ്യക്തമല്ലാത്തതിനാല്‍ സമീപത്തുള്ള ലോണ്‍ഡ്രിയിലെ കാമറയിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനും ശ്രമിക്കുന്നുണ്ട്. സ്വദേശിയായ അലി സെയ്ദ് അല്‍ ഗാംബിയുടെ ഉടമസ്ഥതയിലുള്ളതാണ് ബഖാല. 2,500 റിയാലിനടുത്ത് വിലയുള്ളതാണ് ബൈക്കുകള്‍.
ബഖാലയിലെ ജീവനക്കാര്‍ സാധനങ്ങള്‍ കൊണ്ടുവരാനും മറ്റും ഉപയോഗിക്കുന്നതാണ്. പൊതുവെ കുറ്റകൃത്യങ്ങളും മോഷണവും കുറവായ അബ്ഖൈഖില്‍ പകല്‍വെട്ടത്തില്‍ ഇങ്ങനെയൊരു സംഭവം ഉണ്ടായത് പ്രവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് അക്രമി സംഘം ഹാഇലിലെ ഒരു ബഖാല ആക്രമിച്ച് മലയാളിയെ വെട്ടി പരിക്കേല്‍പ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.