കള്ളപ്പണമിടപാട് തടയല്‍:  എക്സ്ചേഞ്ച് ജീവനക്കാര്‍ക്ക്  പരിശീലനം നിര്‍ബന്ധമാക്കും -സാമ

റിയാദ്: സൗദിയിലെ മണി എക്സ്ചേഞ്ചുകളിലും പണമിടപാട് സ്ഥാപനങ്ങളിലും ജോലി ചെയ്യുന്നവര്‍ക്ക് കള്ളപ്പണമിടപാട് തടയുന്നതിനുള്ള പരിശീലനം നിര്‍ബന്ധമാക്കുമെന്ന് സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി (സാമ) വ്യക്തമാക്കി. രാജ്യത്തേക്ക് വരുന്നതും പുറത്തേക്ക് അയക്കുന്നതുമായ എല്ലാ സാമ്പത്തിക വിനിമയത്തിന്‍െറയും സുതാര്യത ഉറപ്പുവരുത്താനാണ് പരിശീലനം നിര്‍ബന്ധമാക്കുന്നത്. പണം വെളുപ്പിക്കല്‍ തടയല്‍, വ്യാജ കറന്‍സി തിരിച്ചറിയല്‍, സംശയകരമായ സാഹചര്യമുള്ള ഉപഭോക്താവിന്‍െറ വ്യക്തിത്വവും ലക്ഷ്യവും തിരിച്ചറിയല്‍ തുടങ്ങി വിവിധ കഴിവുകള്‍ നേടാന്‍ ഉപയുക്തമായ പരിശീലനമാണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്. തീവ്രവാദം, മയക്കുമരുന്ന് തുടങ്ങി രാജ്യദ്രോഹപരവും സാമൂഹിക വിരുദ്ധവുമായ പ്രവണതക്ക് പണം നല്‍കുന്നത് തടയുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വിദേശത്തുനിന്ന് വരുന്ന പണത്തിന്‍െറയും വിദേശത്തേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന്‍െറയും ഉറവിടം തിരിച്ചറിയുക, വിലാസം ഉള്‍പ്പെടെയുള്ള വിവിരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുക എന്നിവ സാമയുടെ നിര്‍ദേശത്തില്‍പെടുന്നു. 
50,000 റിയാലിന് മുകളിലുള്ള സംഖ്യയുടെ ഉറവിടം അന്വേഷിക്കണമെന്നും നിബന്ധനവെച്ചിട്ടുണ്ട്. ഹജ്ജ്, ഉംറ തീര്‍ഥാടകരെ കൂടി പരിഗണിക്കുമ്പോള്‍ സൗദിയില്‍ ദിനേന ശരാശരി 15 ലക്ഷം റിയാലിന്‍െറ വിനിമയം നടക്കുന്നുണ്ടെന്നാണ് മോണിറ്ററി ഏജന്‍സിയുടെ കണക്ക്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.