റിയാദ്: വിവിധ നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് രാജ്യത്തെ 74 സ്വകാര്യ സ്കൂളുകളുടെ ലൈസൻസ് സൗദി വിദ്യാഭ്യാസ മന്ത്രാലയം റദ്ദാക്കി. വിദ്യാർഥികളുടെ സുരക്ഷ, വിദ്യാഭ്യാസ നിലവാരം, നിശ്ചിത മാനദണ്ഡങ്ങൾ എന്നിവ പാലിക്കാത്ത സ്കൂളുകൾക്കെതിരെയാണ് മന്ത്രാലയത്തിന്റെ കർശന നടപടി.
സൗദിയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് ഈ തീരുമാനം. ലൈസൻസ് റദ്ദാക്കപ്പെട്ട സ്കൂളുകളിലെ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ മന്ത്രാലയം പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. സിവിൽ ഡിഫൻസ് സുരക്ഷാ സർട്ടിഫിക്കറ്റിന്റെ അഭാവം, കാലാവധി കഴിഞ്ഞിട്ടും ലൈസൻസുകൾ പുതുക്കാതെ പ്രവർത്തിക്കുക, മന്ത്രാലയം നിർദേശിച്ച പുതുക്കിയ വിദ്യാഭ്യാസ-ഭരണ മാനദണ്ഡങ്ങൾ പാലിക്കുന്നതിലെ പരാജയം എന്നിവയാണ് കണ്ടെത്തിയ നിയമലംഘനങ്ങൾ.
പലതവണ മുന്നറിയിപ്പുകളും തിരുത്തൽ നിർദേശങ്ങളും നൽകിയിട്ടും നടപടി സ്വീകരിക്കാത്ത സാഹചര്യത്തിലാണ് സ്കൂളുകൾ പൂട്ടാൻ ഉത്തരവിട്ടതെന്ന് മന്ത്രാലയം വ്യക്തമാക്കി. വിദ്യാർഥികളുടെ സുരക്ഷയും മികച്ച പഠനാന്തരീക്ഷവും ഉറപ്പുവരുത്തുന്നതിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ല എന്നും മന്ത്രാലം അധികൃതർ കൂട്ടിച്ചേർത്തു.
ലൈസൻസ് റദ്ദാക്കപ്പെട്ടതോടെ പ്രതിസന്ധിയിലായ വിദ്യാർഥികൾക്കായി മന്ത്രാലയം ബദൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. റദ്ദായ സ്കൂളുകളിലെ താൽപ്പര്യമുള്ള വിദ്യാർഥികൾക്ക് സർക്കാർ സ്കൂളുകളിലേക്ക് നേരിട്ട് പ്രവേശനം നേടാം. രക്ഷിതാക്കൾക്ക് ഇഷ്ടമുള്ള മറ്റ് സ്വകാര്യ സ്കൂളുകളിലേക്ക് കുട്ടികളെ മാറ്റാനുള്ള അവസരവുമുണ്ടാകും. താമസസ്ഥലത്തിന് അടുത്തുള്ള അനുയോജ്യമായ വിദ്യാലയങ്ങളിൽ തന്നെ പഠനം തുടരാനുള്ള സൗകര്യം ഉറപ്പാക്കിയിട്ടുണ്ട്. സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരം ഉയർത്തുന്നതിനായി വരും ദിവസങ്ങളിലും കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.