‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത തുണയായി : അപൂര്‍വ രോഗത്താല്‍ ദുരിതമനുഭവിക്കുന്ന വിദ്യാര്‍ഥിനിക്ക് റിയാദില്‍ നിന്ന് സഹായം

റിയാദ്: ആറു വര്‍ഷമായി അപൂര്‍വ രോഗം കൊണ്ട് കഷ്ടപ്പെടുന്ന വിദ്യാര്‍ഥിനിക്ക് റിയാദില്‍ നിന്ന് സഹായം. ദഹനേന്ദ്രിയത്തെ ബാധിച്ച ഗുരുതരമായ രോഗം കാരണം ആറു വര്‍ഷമായി ദുരിതം തിന്നുന്ന മഞ്ചേരി ഗവ. ഹൈസ്കൂള്‍ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി മുബഷീറയുടെ ആശുപത്രി ജീവിതത്തെ കുറിച്ച് ജനുവരി 22ന് ‘ഗള്‍ഫ് മാധ്യമം’ വാര്‍ത്ത നല്‍കിയിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് റിയാദില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കുന്ന മലയാളി ചികിത്സക്കാവശ്യമായ 50000 രൂപ റിയാദ് ബ്യൂറോയെ ഏല്‍പ്പിച്ചത്. 
കൂലിപ്പണി ചെയ്ത് ജീവിക്കുന്ന മൈമൂനയുടെ മകളാണ് മുബഷീറ. നാലു വര്‍ഷം കോഴിക്കോട് മെഡിക്കല്‍ കോളജിലും രണ്ടു വര്‍ഷം മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സിച്ചുവെങ്കിലും രോഗശമനമായിട്ടില്ല. മേപ്പാടി അരപ്പറ്റയിലെ സ്വകാര്യാശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡിലാണ് പതിനാലുകാരി ഇപ്പോള്‍ കഴിയുന്നത്. വെല്ലൂരില്‍പോയി ഡബ്ള്‍ ബലൂണ്‍ എന്‍ഡോസ്കോപ്പി ചികിത്സ ചെയ്യണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് പ്രാരം
ഭത്തില്‍തന്നെ 50,000 രൂപ വേണം. ഈ തുകയാണ് റിയാദിലുള്ള മനുഷ്യ സ്നേഹി നല്‍കിയിരിക്കുന്നത്. പിതാവ് നേരത്തേ ഉപേക്ഷിച്ചു പോയ മുബഷീറ ആകെയുള്ള മൂന്നുസെന്‍റിലെ കൂരയില്‍ ഉമ്മയോടൊപ്പമാണ് താമസം. ഈ സ്ഥലത്തിന്‍െറ ആധാരം മൂത്ത സഹോദരിയുടെ വിവാഹാവശ്യത്തിന് ഉമ്മ ബാങ്കില്‍ പണയം വെച്ചിരിക്കുകയാണ്. മകളുടെ പരിചരണത്തിന് നില്‍ക്കേണ്ടിവരുന്നതിനാല്‍ കൂലിപ്പണിക്കുപോകാന്‍ മൈമൂനക്ക് കഴിയുന്നുമില്ല. ഇതോടെ ഭക്ഷണത്തിനുപോലും കഷ്ടപ്പെടുകയാണ്. മറ്റു രോഗികളുടെ ബന്ധുക്കളും നാട്ടുകാരും നല്‍കുന്ന സഹായമാണ് ഉമ്മയുടെയും മകളുടെയും ആശ്രയം. ഭക്ഷണം കഴിച്ചാല്‍ ഉടന്‍ ഛര്‍ദിച്ചുപോവുക, ഛര്‍ദിക്കുമ്പോള്‍ രക്തം വരിക, മലവിസര്‍ജ്യത്തിലും കഫവും രക്തവും തുടര്‍ച്ചയായി കാണപ്പെടുക, മുഖം നീരുവന്ന് വീങ്ങുക, ശരീരം ശോഷിക്കുക എന്നിവയാണ് ഈ എട്ടാം ക്ളാസുകാരിയുടെ ജീവിതം ദുരിതത്തിലാക്കിയത്. രോഗം വന്നതോടെ പഠനവും മുടങ്ങി. തുടര്‍ചികിത്സക്ക് ഭീമമായ തുക വേറെയും വേണ്ടിവരുമെന്നാണ് അറിയുന്നത്. രോഗം തളര്‍ത്തി യിട്ടും പഠിക്കാനാഗ്രഹമുള്ള മനസ്സുമായി കഴിയുന്ന മകളുടെ മുഖത്തുനോക്കി വിതുമ്പാനേ മൈമൂനക്ക് നിവൃത്തിയുള്ളൂ. വിദഗ്ധ ചികിത്സക്ക് ഉദാരമതികളുടെ സഹായം പ്രതീക്ഷിക്കുകയാണ് നി
ര്‍ധന കുടുംബം. മുബഷീറയുടെ പേരില്‍ നാട്ടില്‍ ചികിത്സ സഹായ സമിതി രൂപവത്കരിച്ചിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.