ചില്ലറ വില്‍പന മേഖലയില്‍  വിദേശ നിക്ഷേപത്തിന് അനുമതി 

റിയാദ്: രാജ്യത്തെ ചില്ലറ വില്‍പന മേഖലയില്‍ വിദേശ നിക്ഷേപത്തിന് അധികൃതര്‍ അനുമതി നല്‍കി. ഫെബ്രുവരി 15ന് അനുമതി പ്രാബല്യത്തില്‍ വരുമെന്ന് സൗദി ജനറല്‍ ഇന്‍വസ്റ്റ്മെന്‍റ് അതോറിറ്റി (സാഗിയ) പ്രതിനിധി വ്യക്തമാക്കി. വാണിജ്യ, വ്യവസായ, തൊഴില്‍ മന്ത്രാലയങ്ങള്‍ സംയുക്തമായാണ് പുതിയ നിയമാവലി തയ്യാറാക്കിയതെന്ന് ഡോ. ആയിദ് അല്‍ഉതൈബി വ്യക്തമാക്കി. നിലവില്‍ അന്താരാഷ്ട്ര വാണിജ്യ സംഘടനയില്‍ അംഗത്വമുള്ള 161 രാജ്യങ്ങളില്‍ 62 രാജ്യങ്ങളാണ് ചില്ലറ വില്‍പന മേഖലയില്‍ മുതല്‍മുടക്കിന് അനുമതി നല്‍കിയിരിക്കുന്നത്. കുവൈത്ത്, ഒമാന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങളാണ് നിലവില്‍ ചില്ലറ വില്‍പനക്ക് വിദേശികള്‍ക്ക് അനുമതിയുള്ള അറബ് രാജ്യങ്ങള്‍. ഈ രാജ്യങ്ങളുടെയും ഇതര വിദേശ രാജ്യങ്ങളുടെയും അനുഭവം പഠനവിധേയമാക്കിയ ശേഷമാണ് വിദേശ നിക്ഷേപത്തിന് അനുമതി നല്‍കാന്‍ സൗദി അറേബ്യ തീരുമാനിച്ചതെന്ന് ഡോ. ഉതൈബി കൂട്ടിചേര്‍ത്തു. സൗദി സാമ്പത്തിക മേഖലക്ക് ചേരുന്ന തരത്തില്‍ ഏതാനും നിബന്ധനകള്‍ക്ക് വിധേയമായാണ് നിക്ഷേപം അനുവദിക്കുക. വിശദാംശങ്ങള്‍ ഫെബ്രുവരി 15ന് സാഗിയ പുറത്തുവിടുന്ന നിയമാവലിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 100 ശതമാനവും വിദേശ മുതല്‍മുടക്ക് എന്ന സ്വഭാവത്തിലാണ് ചില്ലറ വില്‍പന മേഖലയിലേക്ക് വിദേശികള്‍ക്ക് കടന്നുവരാന്‍ അനുമതി നല്‍കുക. റിയാദില്‍ ഞായറാഴ്ച ആരംഭിച്ച സൗദി കോംപറ്ററ്റിറ്റേഴ്സ് ഫോറം പരിപാടിയില്‍ വെച്ചാണ് സാഗിയയുടെ പുതിയ കാല്‍വെപ്പ് ഡോ. ആയിദ് അല്‍ഉതൈബി പ്രഖ്യാപിച്ചത്. ചില്ലറ വില്‍പന മേഖലയിലേക്ക് വിദേശ മുതല്‍മുടക്ക് കടന്നുവരുന്നത് തൊഴില്‍ മേഖലയിലും വില്‍പന രംഗത്തും വന്‍ കുതിപ്പിന് കാരണമാവുമെന്ന് സാഗിയ പ്രത്യാശ പ്രകടിപ്പിച്ചു. ഈ രംഗത്തേക്ക് മുമ്പ് കടന്നുവന്ന വിദേശരാജ്യങ്ങളുടെ അനുഭവത്തിന്‍െറ അടിസ്ഥാനത്തില്‍ സാമ്പത്തിക മേഖലയിലെ ഉണര്‍വ് ലക്ഷ്യമാക്കിയാണ് ഈ തീരുമാനത്തിലത്തെിയതെന്നും ഡോ. അല്‍ഉതൈബി പറഞ്ഞു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.