80 ശതമാനം സ്വകാര്യ സ്കൂളുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജിദ്ദ: അടുത്ത ഒന്നര വര്‍ഷത്തിനിടെ രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന 80 ശതമാനത്തോളം സ്വകാര്യസ്കൂളുകളും അടച്ചുപൂട്ടല്‍ ഭീഷണി നേരിടുമെന്ന് കൗണ്‍സില്‍ ഓഫ് സൗദി ചേമ്പേഴ്സിലെ സ്വകാര്യ സ്ഥാപന കമ്മിറ്റി അധ്യക്ഷന്‍ ഉമര്‍ അല്‍ ആമിര്‍ അറിയിച്ചു. സൗദിയിലെ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഹ്യൂമണ്‍ റിസോഴ്സ് ഡവലപ്മെന്‍റ് ഫണ്ട് (ഹദഫ്) നല്‍കി വരുന്ന സ്വദേശിവത്കരണ സഹായ കാലാവധി അടുത്ത 18 മാസത്തിനു ശേഷം അവസാനിക്കും. അതോടെ സ്വകാര്യസ്കൂളുകളിലെ സ്വദേശി അധ്യാപകര്‍ക്ക് നല്‍കി വരുന്ന സാമ്പത്തികസഹായം നിര്‍ത്തലാക്കും. സ്വദേശിവത്കരണ സഹായം നിര്‍ത്തുന്നതോടെ സ്കൂളുകള്‍ക്ക് നിലവിലുള്ളതിനേക്കാള്‍ 40 ശതമാനം ചെലവ് വര്‍ധിക്കും. ഈ അധികബാധ്യത നിക്ഷേപകര്‍ വഹിക്കേണ്ടിവരും. അതോടെ ഈ രംഗത്ത് നിക്ഷേപമിറക്കിയവര്‍ നഷ്ടം നേരിട്ട് അടച്ചുപൂട്ടാന്‍ നിര്‍ബന്ധിതരാവുമെന്നും അല്‍ആമിര്‍ പറഞ്ഞു. ഇങ്ങനെ അടച്ചുപൂട്ടാന്‍ സാധ്യതയുള്ള അറബി സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ സര്‍ക്കാര്‍ സ്കൂളുകളിലേക്ക് മാറുന്നതോടെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്‍ സമ്മര്‍ദം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഈ മേഖലയില്‍ ജോലി ചെയ്യുന്ന നിരവധി സ്വദേശി അധ്യാപകര്‍ തൊഴില്‍രഹിതരാകും. ഇക്കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ‘ഹദഫ്’ നല്‍കി വരുന്ന സ്വകാര്യവത്കരണ സാമ്പത്തികസഹായം തുടരണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളുടെ മേല്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ ഏര്‍പ്പെടുത്തിയ വിവിധ നിബന്ധനകള്‍ ഇത്തരം സ്ഥാപനങ്ങള്‍ നേരിടുന്ന വലിയ വെല്ലുവിളിയാണ്. ഇക്കാരണം കൊണ്ട്തന്നെ സ്വദേശി നിക്ഷേപകര്‍ ഈ രംഗത്തു നിന്ന് പിന്‍വലിയാനാണ് സാധ്യത. വിദേശി നിക്ഷേപകര്‍ക്ക് വിദ്യാഭ്യാസമേഖലയിലെ നിക്ഷേപം തീരെ ആകര്‍ഷണീയമല്ലാതാകുമെന്നും അല്‍ആമിര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.