ഐ.സി.സി സ്ഥാപക ദിനത്തിൻെറ ഭാഗമായി നടന്ന കലാപരിപാടിയിൽ നിന്ന്​

ഐ.സി.സിക്ക്​ മുപ്പതിൻെറ യുവത്വം

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ കൂട്ടായ്​മയായ ഇന്ത്യൻ കൾചറൽ സെൻററിന്​ ഇത്​ 30ൻെറ യുവത്വം. ഇന്ത്യൻ എംബസിയുടെ അനുബന്ധ സംഘടന എന്നനിലയിൽ ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കും നയതന്ത്ര കാര്യാലയത്തിനുമിടയിലെ കണ്ണിയാണ്​ ഐ.സി.സി. 1991 സെപ്​റ്റംബർ എട്ടിനായിരുന്നു ഇന്ത്യക്കാരുടെ പൊതു പ്ലാറ്റ്​ഫോം എന്നനിലയിൽ കൾചറൽ സെൻറർ രൂപവത്​കരിക്കുന്നത്​ സംബന്ധിച്ച്​ ആദ്യ കൂടിയാലോചന യോഗം നടക്കുന്നത്​. എംബസി പരിസരത്തെ യോഗത്തിൽ അവതരിപ്പിച്ച ആശയം എല്ലാവരും സ്വാഗതംചെയ്​തു. എന്നാൽ, ഔദ്യോഗിക ഉദ്​ഘാടനത്തിന്​ ഒരു വർഷം കാത്തിരിക്കേണ്ടിവന്നു. 1992 ഒക്​ടോബർ 26ന്​ അന്നത്തെ അംബാസഡറായിരുന്ന ​രമേശഷ്​ ചന്ദ്ര ശുക്ലയായിരുന്നു ഉദ്​ഘാടനം നിർവഹിച്ചത്​.

എംബസിയുമായി ബന്ധപ്പെട്ട അനുബന്ധ സേവനങ്ങളിൽ കണ്ണിയായി ഇപ്പോൾ ഐ.സി.സിയുണ്ട്​. ​ദേശഭാഷാ, വ്യത്യാസമില്ലാതെ ഇന്ത്യക്കാരൻ എന്ന തിരിച്ചറിവിൽ മാത്രം എല്ലാവരെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന സംവിധാനമായി ഇന്ത്യൻ കൾചറൽ സെൻററിനെ ഇതിനകം ഖത്തറിലെ പ്രവാസി ഭാരതീയർ ഏറ്റെടുത്തു. ഖത്തറിലെ ഏഴര ലക്ഷം വരുന്ന ഇന്ത്യക്കാരുടെ ഔദ്യോഗിക പ്രതിനിധിയാണ്​ ഇന്ന്​ ഐ.സി.സി. നിലവിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 102 സംഘടനകൾ സെൻററിൽ രജിസ്​റ്റർ ചെയ്​ത്​ പ്രവർത്തിക്കുന്നു. കോൺസുലാർ സേവനങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം ഖത്തറിൻെറ മണ്ണിലെ ഇന്ത്യൻ സാംസ്​കാരിക വൈവിധ്യങ്ങളുടെ കൊടിയടയാളം കൂടിയാണ്​ ഐ.സി.സി. മലയാളികളുടെ ഓണം മുതൽ ഒഡിഷയിലെയും ഗുജാറാത്തിലെയും കശ്​മീരിലെയും പ്രാദേശിക ഉത്സവങ്ങളും കലാപരിപാടികളും ഇവിടെ ആഘോഷമാവുന്നു. ക്ലാസിക്കൽ നൃത്തങ്ങൾ​, കളരി, യോഗ തുടങ്ങിയവയുടെ പരിശീലനവും നൽകിയിരുന്നു. കോവിഡ്​ കാലത്ത്​ സ്​തുത്യർഹമായ സേവനത്തിലൂടെയും ഇവർ മാതൃകയായി. ​നാട്ടിലേക്ക്​ മടങ്ങാനുള്ള ​വന്ദേഭാരത്​ മിഷൻെറ ​ഏകോപനത്തിൽ എംബസിക്കൊപ്പം ചേർന്നും കോവിഡ്​ അടച്ചുപൂട്ടലിനിടെ ഭക്ഷണ കിറ്റുകൾ എത്തിച്ചും മറ്റും സജീവമായി. ഇന്ന്​ 3000ത്തിലേറെ അംഗങ്ങൾ നിലവിലുണ്ട്​. അംഗങ്ങളുടെ വോ​ട്ടെടുപ്പിലൂടെയാണ്​ 11 അംഗ ഭരണസമിതി നിലവിൽ വരുന്നത്​. രണ്ടു വർഷമാണ്​ ഓരോ സമിതിയുടെയും കാലാവധി.

30ാം വാർഷിക ആഘോഷം കഴിഞ്ഞ ദിവസം ഐ.സി.സി ആസ്ഥാനത്ത്​ സംഘടിപ്പിച്ചു. സ്ഥാപകാംഗങ്ങളെയും മുൻ ഭാരവാഹികളെയും അനുസ്​മരിച്ചുകൊണ്ടായിരുന്നു ആഘോഷ പരിപാടികൾ. സെൻററിൻെറ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡൻറ്​ റൊളാൻഡ്​ മെൻഡോൻസയായിരുന്നു 30ാം വാർഷികത്തിലെ ശ്രദ്ധേയ സാന്നിധ്യം. 1993 മുതൽ 95 വരെ ഐ.സി.സിയുടെ അധ്യക്ഷ പദവിയിലിരുന്ന അദ്ദേഹം, തൻെറ പഴയകാല ഓർമകൾ സദസ്സുമായി പങ്കുവെച്ചു. അന്നത്തെ തെരഞ്ഞെടുപ്പ്​ പ്രചാരണ പരിപാടികളിലെ താരമായിരുന്ന അദ്ദേഹത്തിൻെറ ഭാര്യ ​​നോറീൻ പാറ്റ്​സി റൊണാൾഡ്​ മെൻഡോസയും സദസ്സിലുണ്ടായിരുന്നു. സ്ഥാപകാംഗവും മുൻ ഭാരവാഹിയുമായ ഹസൻ ചൗ​ഗ്ലയു​ം തൻെറ പ്രവർത്തന കാലവും ഓർമകളും പങ്കുവെച്ചു. നിലവിലെ പ്രസിഡൻറ്​ പി.എൻ. ബാബുരാജ്​ 30ാം വാർഷിക ചടങ്ങുകളുടെ അധ്യക്ഷനായി.

ഇന്ത്യൻ അംബാസഡർ ദീപക്​ മിത്തൽ മുഖ്യാതിഥിയായി. കഴിഞ്ഞ മൂന്ന്​ പതിറ്റാണ്ടുകാലം പ്രവാസികൾക്കുവേണ്ടി സെൻറർ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. സേവ്യർ ധനരാജ്​, ഉപദേശക സമിതി ചെയർമാൻ കെ.എസ്​ പ്രസാദ്​, കെ.എം വർഗീസ്​, മിലൻ അരുൺ, മണികണ്​ഠൻ, സ്ഥാപകാംഗങ്ങളായ എ.കെ ഉസ്​മാൻ, എൻ.വി ഖാദർ, അസീം അബ്ബാസ്​, എച്ച്​.പി സിങ്​ ഭുള്ളാർ എന്നിവർ പ​ങ്കെടുത്തു. വാർഷികത്തിൻെറ ഭാഗമായി പുറത്തിറക്കിയ 'മിറർ' സുവനീർ അംബാസഡറും ഭാരവാഹികളും ചേർന്ന്​ പ്രകാശനം ചെയ്​തു.

Tags:    
News Summary - Youth in their thirties for the ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.