മുശൈരിബിൽ പൊളി വൈബ്: 50 ലക്ഷം സന്ദർശകർ

ദോഹ: ജി.സി.സി രാജ്യങ്ങളിലെ താമസക്കാരുടെയും വിനോദസഞ്ചാരികളുടെയും പ്രധാന വിനോദ കേന്ദ്രമായ മുശൈരിബ് ഡൗൺടൗൺ ശൈത്യകാല സീസണിൽ എത്തിയത് 50 ലക്ഷം സന്ദർശകർ. 2025 നവംബർ മുതൽ 2026 ഫെബ്രുവരി ആദ്യ വാരം വരെയുള്ള കാലയളവിലാണ് ഇത്രയേറെ സന്ദർശകർ എത്തിയത്. ‘മുശൈരിബിൽ എല്ലാവർക്കും വൈബ് ആക്കാം’ എന്ന പ്രമേയത്തിൽ കല, സംസ്കാരം, കായികം, വിനോദം എന്നിവ കോർത്തിണക്കിയാണ് വിന്റർ സീസൺ ഒരുക്കിയത്.

​ബറാഹത് മുശൈരിബ്, സിക്കത് വാദി മുശൈരിബ്, മുശൈരിബ് മ്യൂസിയംസ് തുടങ്ങിയ ഇടങ്ങളിൽ നടന്ന വിവിധ പരിപാടികളിൽ പങ്കെടുക്കാൻ സ്വദേശികളും വിദേശികളുമായ നിരവധി പേർ എത്തി. പ്രാദേശിക, അന്തർദേശീയ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായ ഇവിടം ശൈത്യകാലത്ത് ജി.സി.സി രാജ്യങ്ങളിൽ നിന്നുള്ളവർക്കും അന്തർദേശീയ സഞ്ചാരികൾക്കും ഇഷ്ടപ്പെട്ട നഗര കേന്ദ്രമാണ്. നവംബർ മുതൽ ജനുവരി വരെ ഇവിടുത്തെ ഹോട്ടലുകളിൽ 95 ശതമാനത്തിലധികം ബുക്കിങ് രേഖപ്പെടുത്തി. 2024നെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണത്തിലും വലിയ വർധനവാണുണ്ടായത്.

ഡിസംബറിൽ നടന്ന അറബ് കപ്പ് മുശൈരിബിലെ വിന്റർ സീസൺ പരിപാടികൾക്ക് കൂടുതൽ ആവേശം പകർന്നു. ഫുട്ബാൾ ആരാധകർക്കായി ബറാഹ പ്രീമിയം ഫാൻ സോണിലും സിക്കത് വാദി മുശൈരിബിലും ലൈവ് മാച്ച് സ്കീനിങ്ങും കമ്മ്യൂണിറ്റി പരിപാടികളും മറ്റ് ആക്റ്റിവിറ്റികളും ഒരുക്കിയിരുന്നു.​ കുട്ടികൾക്കായി ‘സ്വീറ്റ് സിക്ക’ കാൻഡി സോണും, ഇന്ററാക്റ്റീവ് ഗെയിമുകളും കുടുംബത്തോടൊപ്പം ഔട്ട് ഡോറായി സിനിമ ആസ്വദിക്കാൻ ഒരുക്കിയ ‘ബറാഹ സിനിമ’യും ആകർഷകമായി.

​ഖത്തർ ദേശീയ ദിനത്തോടനുബന്ധിച്ച് പൈതൃകവും ഐക്യവും വിളിച്ചോതുന്ന വിവിധ പരിപാടികൾ അരങ്ങേറി. ജനുവരിയിൽ നടന്ന അൽ ജസീറ ഓർക്കസ്ട്രയുടെ സംഗീത വിരുന്നും ഏറെ ശ്രദ്ധേയമായിരുന്നു. ഇക്കാലയളവിൽ 70,000ത്തിലധികം സന്ദർശകരെ വരവേറ്റ് മുശൈരിബ് മ്യൂസിയംസ് വൈവിധ്യമാർന്ന സാംസ്കാരിക പരിപാടികളാണ് ഒരുക്കിയത്. വാസ്തുവിദ്യയും ജ്യോമിട്രിയും സമന്വയിപ്പിച്ച്, അന്തരിച്ച ഈജിപ്ഷ്യൻ കലാകാരനായ ഹസീം അൽ മെസ്റ്റികാവിയുടെ ഐഡന്റിറ്റിസ് ഓഫ് പെർഫെക്ഷൻ എക്സിബിഷൻ, പോസിറ്റീവ് ഇംപാക്ട് ലീഡർഷിപ്പ് സമ്മിറ്റ്, വിദ്യാഭ്യാസ വർക്ക്ഷോപ്പുകൾ തുടങ്ങിയ പരിപാടികൾക്ക് മുശൈരിബ് മ്യൂസിയംസ് വേദിയായി.

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക, ദക്ഷിണേഷ്യ മേഖലയിലെ ആദ്യത്തെ ആർട്ട് ബാസൽ മേളയോടെയാണ് ശൈത്യകാല സീസൺ അവസാനിച്ചത്. ഫെബ്രുവരി 7 വരെ നടന്ന ഈ പ്രദർശനത്തിൽ 87 അന്താരാഷ്ട്ര എക്സിബിറ്റർമാരും 84 കലാകാരന്മാരും പങ്കെടുത്തു. ഇതോടെ, പ്രാദേശിക പാരമ്പര്യത്തെയും ആധുനിക കലയെയും ബന്ധിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ പ്രധാന സാംസ്കാരിക കേന്ദ്രമായി മുശൈരിബ് ഡൗൺടൗൺ വളർന്നു.

വിന്റർ സീസൺ അവസാനിക്കുമ്പോൾ മുശൈരിബ് ഡൗൺടൗണിലെത്തിയ സന്ദർശകരുടെ വലിയ പങ്കാളിത്തം വലിയൊരു നാഴികക്കല്ലാണെന്ന് മുശൈരിബ് പ്രോപ്പർട്ടീസ് കോർപറേറ്റ് കമ്യൂണിക്കേഷൻ സീനിയർ ഡയറക്ടർ ഡോ. ഹഫീസ് അലി അബ്ദുല്ല പറഞ്ഞു.​ സ്പോർട്സ്, വൈവിധ്യമാർന്ന ആഗോള കലാപരിപാടികൾ, ഖത്തരി ആതിഥ്യം എന്നിവയൊരുക്കി ഓരോ സന്ദർശകനും ആകർഷിക്കുന്ന ടൂറിസ്റ്റ് കേന്ദ്രമാണ് മുശൈരിബ് ഡൗൺടൗൺ എന്ന് തെളിയിക്കുന്നതാണ് വർധിച്ച സന്ദർശക പങ്കാളിത്തം.

Tags:    
News Summary - Mushairib: 5 million visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.