യൂത്ത് ഫോറം ‘ദോഹ റമദാന്‍ മീറ്റ്’ നടത്തി

ദോഹ: ഖത്തര്‍ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹിക സൗഹാര്‍ദ്ദവും സമാധാന സന്ദേശവും,  പരസ്പര ബഹുമാനത്തിന്റെയും സഹകരണത്തിന്റെയും സംസ്കാരവും, കാത്ത് സൂക്ഷിക്കുന്നതിലും  പ്രചരിപ്പിക്കുന്നതിലും ഇന്ത്യന്‍ പ്രവാസികള്‍  പ്രതിജ്ഞാബദ്ധരാണെന്ന്  ദോഹ മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി), ഖത്തര്‍ ചാരിറ്റി എന്നിവയുമായി സഹകരിച്ച് യൂത്ത് ഫോറം സംഘടിപ്പിച്ച ദോഹ റമദാന്‍ മീറ്റ് അഭിപ്രായപ്പെട്ടു. ഡി.ഐ.സി.ഐ.ഡി ചെയര്‍മാന്‍ ഡോ. ഇബ്രാഹിം സാലിഹ് അല്‍ നുഐമി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തര്‍ എപ്പോഴും സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഒരേപോലെ സമാധാനവും ഐക്യവും പ്രദാനം നല്‍കുന്ന നാടാണ്‌. വിവിധ സമൂഹങ്ങള്‍ക്കിടയില്‍ ആശയ സംവാദങ്ങള്‍ക്ക്  വേദിയൊരുക്കി പരസ്പരമുള്ള തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഡി.ഐ.സി.ഐ.ഡി നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഉദ്ഘാടന പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ പ്രവാസി സമൂഹം  എന്നും സഹവര്‍ത്തിത്വവും സാഹോദര്യവും പരസ്പര ബഹുമാനവും കൊണ്ട് സൗഹാര്‍ദ്ദപരമായ അന്തരീക്ഷമാണ്‌ സൃഷ്​ടിക്കുന്നതെന്ന് അദ്ദേഹം പ്രകീര്‍ത്തിച്ചു. ഡി.ഐ.സി.ഐ.ഡി യുടെ സന്ദേശം വിവിധ പ്രവാസി കൂട്ടായ്മകളുമായും സമൂഹവുമായും നിരന്തരം പങ്ക്‌ വെച്ച്‌ നല്ല ആത്മബന്ധം പുലര്‍ത്തിപ്പോരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഖത്തറിനും പുറത്തുമുള്ള വിവിധ സമൂഹങ്ങളുടെ ക്ഷേമത്തിനും പുരോഗമനത്തിനുമായി നിലകൊള്ളുന്ന സംഘടനയാണ്‌ ഖത്തര്‍ ചാരിറ്റിയെന്നും ഖത്തറിലെ പ്രവാസികളുടെ സമഗ്രമായ  ക്ഷേമം ഖത്തർ ചാരിറ്റിയുടെ പ്രധാന അജണ്ടകളിൽ ഒന്നാണെന്നും റമദാൻ  മീറ്റില്‍ ആശംസ  പ്രഭാഷണം നടത്തിയ ഖത്തര്‍ ചാരിറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.മുഹമ്മദ് അല്‍ ഗാമിദി പറഞ്ഞു. ഖത്തർ മുന്നോട്ട്‌ വക്കുന്ന മഹനീയ സന്ദേശങ്ങളുടെ അംബാസഡർമാരായി പ്രവാസികൾ മാറണം എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഡി.ഐ.സി.ഐഡിയും ഖത്തർ ചാരിറ്റിയും ഉയര്‍ത്തിപ്പിടിക്കുന്ന മനുഷ്യ സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും സന്ദേശം പ്രവാസി സമൂഹത്തിൽ പ്രതിനിധാനം ചെയ്യുന്നതിൽ യൂത്ത്‌ ഫോറത്തിനു സന്തോഷവും അഭിമാനവും ഉണ്ടെന്ന് അധ്യക്ഷ പ്രഭാഷണം നിർവഹിച്ച്‌ കൊണ്ട്‌ യൂത്ത്‌ ഫോറം പ്രസിഡന്‍റ് എസ്‌.എ ഫിറോസ്‌ പറഞ്ഞു.  യൂത്ത്ഫോറം ഉപദേശക സമിതി അംഗം കെ.സി. അബ്ദുല്ലത്തീഫ്, ദോഹ റമദാന്‍ മീറ്റ് ജനറല്‍ കണ്‍വീനര്‍ നൗഷാദ് വടുതല തുടങ്ങിയവര്‍ സംസാരിച്ചു. 
ഖത്തറിലെ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവാസികള്‍ക്ക് നല്‍കി കൊണ്ടിരിക്കുന്ന സഹായ സഹകരണങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ  യൂത്ത്ഫോറം വൈസ് പ്രസിഡൻറ്​ സലീല്‍ ഇബ്രാഹീം പറഞ്ഞു.  യൂത്ത്ഫോറം വൈസ് പ്രസിഡണ്ട് ഷാനവാസ് ഖാലിദ്, ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട് തുടങ്ങിയവര്‍ സംബന്ധിച്ചു. 
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബില്‍ വച്ച് നടന്ന പരിപാടിയില്‍ ഖത്തറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 2500-ല്‍ പരം മലയാളി യുവാക്കള്‍ പങ്കെടുത്തു. ഇഫ്​ത്താര്‍ മീറ്റോടെ പരിപാടി സമാപിച്ചു.

Tags:    
News Summary - youth forum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.