ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ ഭാഗ്യ മുദ്രക്കൊപ്പം സംഘാടക സമിതി ഭാരവാഹികൾ
ദോഹ: രാജ്യം ഏഷ്യൻ കപ്പ് ഫുട്ബാൾ മാമാങ്കത്തിന്റെ കിക്കോഫ് വിസിൽ മുഴക്കത്തിന് കാത്തിരിക്കെ, തൊട്ടുപിന്നാലെ ലോക നീന്തൽ താരങ്ങൾ മാറ്റുരക്കുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പും വിളിപ്പാട് അകലെ മാത്രം. ‘ദോഹ 2024’ അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് രാജ്യം സജ്ജമായി കഴിഞ്ഞതായി ഒരു മാസ കൗണ്ട്ഡൗണിന്റെ ഭാഗമായി നടന്ന വാർത്താ സമ്മേളത്തിൽ അധികൃതർ വ്യക്തമാക്കി. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളുമായി വർഷങ്ങളായി പ്രധാന നീന്തൽ ചാമ്പ്യൻഷിപ്പുകൾക്ക് വേദിയാകുന്ന നഗരമെന്നതിനാൽ, ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ് വിജയകരമാകുമെന്ന് സംഘാടകർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.
‘ഇതുവരെ ആതിഥ്യം വഹിച്ചതിൽ ഏറ്റവും വലിയ മേളകളിലൊന്നാണിത്. വിജയകരമായ ഒരു പതിപ്പിന് ആതിഥ്യം വഹിക്കുകയാണ് ലക്ഷ്യം. ഇതിനായി ഖത്തർ പൂർണ സജ്ജമായി കഴിഞ്ഞു’ - പ്രാദേശിക സംഘാടക സമിതി ജനറൽ ഡയറക്ടർ ഖലീൽ ഇബ്റാഹിം അൽ ജാബിർ പറഞ്ഞു. 197 രാജ്യങ്ങളിൽ നിന്നായി 2600 കായിക താരങ്ങൾ മിന മേഖലയിൽ ആദ്യമായി എത്തുന്ന ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനിറങ്ങും. നീന്തൽ, ഡൈവിംഗ്, ഹൈ ഡൈവിംഗ്, വാട്ടർപോളോ, ആർട്ടിസ്റ്റിക് നീന്തൽ, ഓപ്പൺ വാട്ടർ നീന്തൽ എന്നിങ്ങനെ ആറിനങ്ങളിലായി ഫെബ്രുവരി രണ്ട് മുതൽ 18 വരെ ആസ്പയർ ഡോം, ഹമദ് അക്വാട്ടിക് സെന്റർ, പഴയ ദോഹ തുറമുഖം എന്നീ വേദികളിൽ 75 മെഡലുകൾക്കായി താരങ്ങൾ മത്സരിക്കും.
ലോക ചാമ്പ്യൻഷിപ്പിന്റെ ഡ്രസ് റിഹേഴ്സൽ എന്ന നിലയിൽ ജനുവരി 10 മുതൽ 15 വരെ രണ്ടാം അറബ് ഏജ് ഗ്രൂപ്പ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകും. അത്ലറ്റുകൾക്കും കാണികൾക്കും ഒരുപോലെ ലോകോത്തര ചാമ്പ്യൻഷിപ്പും അനുഭവവും നൽകുകയാണ് ലക്ഷ്യമെന്ന് അൽ ജാബിർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
കഴിഞ്ഞ ദശകത്തിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിൽ ഖത്തർ ലോകത്ത് തന്നെ മുൻനിരയിലാണ്. ഇതിന് തുടർച്ചയാണ് ദോഹ 2024 എന്ന പേരിലറിയപ്പെടുന്ന ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പ്. കായിക മികവിനോടൊപ്പം ഖത്തറിന്റെ ആതിഥ്യ മര്യാദയും സ്വീകരിക്കുന്നതിലൂടെ മേഖലയിൽ ഇത് വലിയ സ്വാധീനം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു -അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി നാലിന് ആസ്പയർ ഡോമിലായിരിക്കും ലോക ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനമെന്ന് മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് മേധാവിയും ഉദ്ഘാടന-സമാപന ചടങ്ങുകളുടെ ചമതല വഹിക്കുകയും ചെയ്യുന്ന ശൈഖ അസ്മാ ബിൻത് ഥാനി ആൽഥാനി പറഞ്ഞു.
ടിക്കറ്റ് വിൽപനയിൽ അഭൂതപൂർവമായ വർധനവുണ്ടായിരിക്കുന്നു. നിരവധി പേർ മത്സരങ്ങൾ കാണാനും ഉദ്ഘാടന ചടങ്ങിനും എത്തും. അവരെ സ്വാഗതം ചെയ്യാൻ അക്ഷമയോടെ കാത്തിരിക്കുകയാണ്. ഡിസ്കവർ ഖത്തറുമായി സഹകരിച്ച് ഖത്തറിന് പുറത്ത് നിന്നെത്തുന്നവർക്ക് മികച്ച പാക്കേജുകളും സജ്ജമാക്കിയിട്ടുണ്ട് -ശൈഖ അസ്മ ആൽഥാനി പറഞ്ഞു. ഔദ്യോഗിക ചാമ്പ്യൻഷിപ്പ് മാസ്കോട്ടുകളായ മെയ്ഫറയും നഹിമും വാർത്താ സമ്മേളനത്തിൽ സാന്നിദ്ധ്യമറിയിച്ചു.
ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പിന് ശേഷം ഫെബ്രുവരി 23 മുതൽ മാർച്ച് മൂന്ന് വരെ ലോക അക്വാട്ടിക്സ് മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിനും ഖത്തർ വേദിയാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുവായിരത്തിലധികം താരങ്ങൾ ഈ മത്സരങ്ങളിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.