ദോഹ: 2026ലെ 29ാമത് പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന് ഏഷ്യൻ ഗെയിംസ് മെഡൽ ജേതാവും പ്രമുഖ അത്‌ലറ്റിക്സ് പരിശീലകനുമായ തൃശൂർ പാവറട്ടി സ്വദേശി ഒ.എൽ. തോമസ് അർഹനായി. വൈശാഖൻ (ജൂറി ചെയർമാൻ), പി. ഷംസുദ്ദീൻ, എം.എ. റഹ്മാൻ, കെ.കെ. സുധാകരൻ, സി.വി. റപ്പായി എന്നിവർ ഉൾപ്പെട്ട ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്. 1968–1970 കാലഘട്ടത്തിൽ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ മനുഷ്യൻ എന്ന വിശേഷണം നേടിയ കായികതാരമാണ് ഒ.എൽ. തോമസ്. പുരസ്കാരമായി അരലക്ഷം രൂപയും ശിൽപി നമ്പൂതിരി രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തിപത്രവും സമ്മാനിക്കും. കൂടാതെ, പുരസ്കാര ജേതാവിന്റെ സ്വദേശത്തെ പഠനമികവുള്ള ഒരു വിദ്യാർഥിക്ക് പ്രൊഫ. എം.എൻ. വിജയൻ സ്മാരക സ്കോളർഷിപ്പ് അവാർഡും നൽകും.
ജൂറിയുടെ അഭിപ്രായത്തിൽ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കായിക-ഫിറ്റ്നസ് രംഗത്തെ സമഗ്ര സംഭാവനയും, ഇന്ത്യയുടെ അത്‌ലറ്റിക്സ് ചരിത്രത്തിൽ നൽകിയ മികച്ച നേട്ടങ്ങളും ഒ.എൽ. തോമസിനെ ഈ പുരസ്കാരത്തിന് അർഹനാക്കുന്നു. ഫുട്ബാളിൽ ശ്രദ്ധേയമായ തുടക്കമുണ്ടായിരുന്നെങ്കിലും അത് ഉപേക്ഷിച്ച് അത്‌ലറ്റിക്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചതാണ് അദ്ദേഹത്തിന്റെ ജീവിതത്തിലെ നിർണായക വഴിത്തിരിവ്. പിന്നീട് ഇന്ത്യയെ അന്താരാഷ്ട്ര വേദികളിൽ അഭിമാനത്തോടെ പ്രതിനിധീകരിച്ച മികച്ച അത്‌ലറ്റായി അദ്ദേഹം ഉയർന്നു. 1970ൽ ബാങ്കോക്കിൽ നടന്ന ആറാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഒ.എൽ. തോമസ് 4×400 മീറ്റർ റിലേയിൽ വെങ്കല മെഡൽ നേടി.
തുടർന്ന് ടോക്കിയോയിൽ നടന്ന ഏഷ്യൻ ട്രാക്ക് ആൻഡ് ഫീൽഡ് മീറ്റിലും ദേശീയ റെക്കോർഡോടെ ഇന്ത്യയ്ക്കായി മറ്റൊരു വെങ്കല മെഡൽ കരസ്ഥമാക്കി. അവാർഡ് ജേതാവിന്റെ സൗകര്യമനുസരിച്ച് തിരൂർ തുഞ്ചൻപറമ്പിൽ വെച്ചായിരിക്കും പുരസ്കാര സമർപണ ചടങ്ങ് സംഘടിപ്പിക്കുക. പ്രവാസി ദോഹ ബഷീർ പുരസ്കാരത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കായികതാരത്തെ ഈ ബഹുമതിക്ക് തെരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.