ദോഹ: രോഗപ്രതിരോധ സേവനങ്ങൾ ശക്തിപ്പെടുത്തുന്നതിനും രോഗങ്ങൾ നേരത്തേ കണ്ടെത്തുന്നതിനും രോഗികൾക്ക് മികച്ച ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുമായി പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപറേഷൻ (പി.എച്ച്.സി.സി) വാർഷിക ആരോഗ്യ പരിശോധനകൾക്കായി പൊതുജന ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.
പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള യോഗ്യരായ ഖത്തരി പൗരന്മാരെ ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ നടപ്പാക്കുന്നത്. കാമ്പയിന്റെ ഭാഗമായി, വാർഷിക ആരോഗ്യ പരിശോധനകൾ നടത്തുന്നതിനായി രോഗികൾക്ക് മൊബൈൽ ഫോണുകളിൽ ടെക്സ്റ്റ് മെസേജുകൾ അയക്കും.
രോഗനിർണയത്തിലും രോഗം വരാതെ തടയുന്നതിലും പതിവ് പരിശോധനകൾക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്താനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രോഗികൾക്ക് 107 എന്ന നമ്പറിൽ വിളിച്ച് സ്വന്തമായി അപ്പോയിന്റ്മെന്റുകൾ എടുക്കാവുന്നതാണ്. കൂടാതെ, 18 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാ രോഗികൾക്കും മുൻകൂട്ടി അപ്പോയിന്റ്മെന്റ് എടുക്കാതെ തന്നെ ഈ സേവനം ലഭ്യമാണ്.
പി.എച്ച്.സി.സി ഹെൽത്ത് സെന്ററുകളിൽ 24 മണിക്കൂറും ഈ വാർഷിക ആരോഗ്യ പരിശോധന സേവനങ്ങൾ ലഭ്യമാണ്. ആരോഗ്യ പരിശോധനയുടെ പ്രാരംഭ ഘട്ടം ഹെൽത്ത് സെന്ററിൽ നേരിട്ടെത്തി തന്നെ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ, തുടർ പരിശോധനകൾ രോഗിയുടെ അവസ്ഥക്ക് അനുസൃതമായി ആവശ്യമെങ്കിൽ റിമോട്ട് ആയി (ടെലിഫോൺ വഴിയോ മറ്റോ) നടത്താവുന്നതാണ്. ഈ കാമ്പയിനിന്റെ ഭാഗമായി ഉണ്ടാകാൻ സാധ്യതയുള്ള തിരക്കുകൾ നേരിടാൻ എല്ലാ ഹെൽത്ത് സെന്ററുകളും സജ്ജമാണെന്നും പി.എച്ച്.സി.സി വ്യക്തമാക്കി.
അടിയന്തര ചികിത്സ സേവനങ്ങൾ വിപുലീകരിച്ചിരിച്ച് പി.എച്ച്.സി.സി
ദോഹ: അടിയന്തര ചികിത്സ സേവനങ്ങൾ വിപുലീകരിച്ച് പ്രാഥമിക ആരോഗ്യ സംരക്ഷണ കോർപറേഷൻ (പി.എച്ച്.സി.സി). അൽ വാബ് ഹെൽത്ത് സെന്ററിലും കൂടി 24 മണിക്കൂർ അടിയന്തര സേവനം ലഭ്യമാക്കിയാണ് ഈ സേവനം വിപുലീകരിച്ചത്. ഇതോടെ മുതിർന്നവർക്കായി 24 മണിക്കൂർ അടിയന്തര ചികിത്സ ലഭ്യമാകുന്ന കേന്ദ്രങ്ങളുടെ എണ്ണം 16 ആയും കുട്ടികൾക്കായി ഈ സൗകര്യം ലഭിക്കുന്ന കേന്ദ്രങ്ങളുടെ എണ്ണം 11 ആയും വർധിച്ചു.
റുവൈസ്, ഉമ്മു സലാൽ, മുഐതർ, മഷാഫ്, സദ്ദ്, ഗറാഫ അൽ റയ്യാൻ, ഷഹാനിയ, അബൂബക്കർ അൽ സിദ്ദീഖ്, റൗദത്ത് അൽ ഖൈൽ, കാബാൻ, കരാന, ലബീബ്, വജ്ബ, തുമാമ, ഖോർ, വാബ് എന്നീ കേന്ദ്രങ്ങളിലാണ് മുതിർന്നവർക്കുള്ള അടിയന്തര ചികിത്സാ സൗകര്യം ലഭിക്കുന്നത്. റുവൈസ്, ഉമ്മ് സലാൽ, മുഐതർ, മഷാഫ്, സദ്ദ്, ലബീബ്, വജ്ബ, തുമാമ, ഖോർ, റൗദത്ത് അൽ ഖൈൽ, വാബ് എന്നിവയാണ് കുട്ടികൾക്കായി അടിയന്തര സേവനം നൽകുന്ന കേന്ദ്രങ്ങൾ. അടിയന്തരവും എന്നാൽ ജീവന് ഭീഷണിയല്ലാത്തതുമായ ആരോഗ്യപ്രശ്നങ്ങൾക്ക്, രോഗികൾ തങ്ങളുടെ രജിസ്റ്റർ ചെയ്ത ഹെൽത്ത് സെന്റർ ഏതാണെന്ന് നോക്കാതെ തന്നെ ഈ കേന്ദ്രങ്ങളെ സമീപിക്കാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.