ദോഹ: പാസ്പോർട്ട് അപേക്ഷയുടെ ഫീസിൽ കേന്ദ്ര സര്‍ക്കാര്‍ വരുത്തിയ മാറ്റത്തിന്റെ ചുവടുപിടിച്ച് ഗള്‍ഫ് രാജ്യങ്ങളിലെ എംബസികള്‍ വഴി നടപ്പിലാക്കിയ വൻ വർധന പ്രവാസികളോടുള്ള കടുത്ത ദ്രോഹമാണെന്നും സാധാരണക്കാരന്റെ നട്ടെല്ലൊടിക്കുന്ന നിരക്ക് വർധനവ് പിന്‍വലിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. ഖത്തറിൽ സാധാരണ 36 പേജുള്ള പാസ്പോർട്ട് പുതുക്കാനുള്ള നിരക്ക് (ഐ.സി.ഡബ്ല്യു.എഫ് ഫീസ് ഉൾപ്പെടെ) 272 റിയാലിൽ നിന്ന് 447 റിയാലായാണ് ഉയർത്തിയിരിക്കുന്നത്. ഇന്ത്യയില്‍ 2,500 രൂപയാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ വരുത്തിയ ഈ വർധനവിലൂടെ ഏതാണ്ട് പന്ത്രണ്ടായിരത്തോളം രൂപ പാസ്പോര്‍ട്ട് പുതുക്കലിന് ചിലവഴിക്കേണ്ട അവസ്ഥയിലേക്ക് പ്രവാസികള്‍ എടുത്തെറിയപ്പെട്ടിരിക്കുകയാണ്.
അടിസ്ഥാന മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികളുടെ ശമ്പളത്തിന്റെ ഏറിയ പങ്കും ഇതിനായി ചെലവഴിക്കേണ്ടി വരും. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്താല്‍ കടുത്ത ജോലി പ്രതിസന്ധിയും ഉയര്‍ന്ന വിമാന യാത്ര നിരക്കിനാലും വലിയ ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് അമിതഭാരമാവുന്ന നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയണമെന്നും പ്രവാസി വെല്‍ഫെയര്‍ ആവശ്യപ്പെട്ടു. മറ്റു അനുബന്ധ സർവീസുകള്‍ക്കും നിരക്കുകള്‍ വർധിപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ അടിയന്തിര നടപടി ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തയക്കാനും പ്രവാസികാര്യ വകുപ്പിന്റെ കൂടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രി വി.ഡി സതീശന് നിവേദനം നല്‍കാനും പ്രവാസി വെല്‍ഫെയര്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.