ഖത്തർ 2022 ലോകകപ്പ് വളണ്ടിയറായി പ്രവർത്തിക്കുന്നതിനിടെ ലേഖകൻഖത്തർ 2022 ലോകകപ്പ് വളണ്ടിയറായി പ്രവർത്തിക്കുന്നതിനിടെ
ഫിഫ ലോകകപ്പ് ആവേശം ലോകമെമ്പാടും പടരുമ്പോൾ, ഓർമകൾ സ്വാഭാവികമായി എത്തിനിൽക്കുന്നത് ചരിത്രം രചിച്ച ഖത്തർ 2022 ലോകകപ്പിലേക്കാണ്. ഖത്തറിൽ ജീവിക്കുന്ന അനേകരെപ്പോലെ, ലോകത്തിലെ ഏറ്റവും വലിയ കായികമാമാങ്കത്തിന്റെ ഭാഗമാകുക എന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിലൊന്നായിരുന്നു. ആ സ്വപ്നം യാഥാർഥ്യമായപ്പോൾ, സമ്മാനിച്ച അനുഭവങ്ങളും ഓർമകളും ഇന്നും മനസ്സിൽ മായാതെ നിറഞ്ഞുനിൽക്കുന്നു.
ഖത്തർ ലോകകപ്പ് ഒരു ഫുട്ബോൾ ടൂർണമെന്റ് മാത്രമായിരുന്നില്ല. അത് സംസ്കാരങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും ആഗോള ആഘോഷമായിരുന്നു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തിയ ലക്ഷക്കണക്കിന് ആരാധകരുടെ ആവേശവും ആഹ്ലാദവും ഒരുമിച്ചുചേർന്ന മഹത്തായ ഉത്സവം. ലോകകപ്പുമായി ചേർന്നുനിൽക്കാൻ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത അനുഭവങ്ങളിലൊന്നാണ്. അതിന് അവസരമൊരുക്കിയ ഖത്തർ എന്ന രാഷ്ട്രത്തോടും അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയോടും ഫിഫയോടും ഞാൻ എന്നും നന്ദിയുള്ളവനാണ്.
ലോകകപ്പിന്റെ ഹൃദയഭാഗമായ ലുസൈൽ സിറ്റിയുടെ നിർമാണഘട്ടത്തിൽ എൻജിനീയറായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ് ഈ യാത്രയിലെ ആദ്യത്തെ അധ്യായം. നൂതന സാങ്കേതികവിദ്യയും ഭാവിനഗര സങ്കൽപ്പങ്ങളും സമന്വയിപ്പിച്ച് രൂപംകൊണ്ട അതുല്യ സൃഷ്ടിയായിരുന്നു ലുസൈൽ. ഇന്ന് ലോകമെമ്പാടുമുള്ളവർക്ക് സുപരിചിതമായ ലുസൈൽ ബോളിവാർഡും മറീനയും രൂപകൽപന ചെയ്തുകൊണ്ടിരുന്ന കാലത്ത്, ഒരുനാൾ ഇത്രയും വലിയ ജനക്കൂട്ടം ഇവിടെ സംഗമിക്കുമോ എന്ന സംശയം പലർക്കുമുണ്ടായിരുന്നു. എന്നാൽ ലോകകപ്പ് ദിനങ്ങളിൽ അവിടങ്ങളിലൂടെ ഒഴുകിയെത്തിയ ജനസമുദ്രം ആ സ്വപ്നങ്ങളുടെ സാക്ഷാത്കാരമായി മാറി.
ലോകകപ്പിനായി വളണ്ടിയറായി അപേക്ഷിക്കുകയും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തത് മറ്റൊരു നാഴികക്കല്ലായിരുന്നു. ഖത്തറിന്റെ മുഖമുദ്രകളിലൊന്നായ കോർണിഷിന്റെയും സൂഖ് വാഖിഫിന്റെയും പരിസരങ്ങളിൽ സംഘടിപ്പിച്ച “കോർണിഷ് ആക്ടിവേഷൻ” പദ്ധതിയിലായിരുന്നു എന്റെ സേവനം. ഷെറാട്ടൺ ഹോട്ടൽ മുതൽ മ്യൂസിയം ഓഫ് ഇസ്‍ലാമിക് ആർട്ട് വരെ നീണ്ടുകിടന്ന ആറു കിലോമീറ്റർ പ്രൊമെനേഡിൽ സംഗീതം, നൃത്തം, കലാപരിപാടികൾ, ഭക്ഷ്യമേളകൾ, കുടുംബസൗഹൃദ വിനോദങ്ങൾ തുടങ്ങി ലോകകപ്പ് ആരാധകർക്ക് അവിസ്മരണീയ നിമിഷങ്ങളാണ് ഒരുക്കിയിരുന്നത്. അവിടെ എത്തിയ സന്ദർശകർക്കും സംഘാടകർക്കും പിന്തുണയേകാൻ കഴിഞ്ഞത് ഏറെ ചാരിതാർഥ്യം നൽകി. 11 ദിവസത്തെ സേവനം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മനുഷ്യരെയും സംസ്കാരങ്ങളെയും അടുത്തറിയാനുള്ള അപൂർവ അവസരമായി മാറി. ഫാൻ സോണുകളിൽ വിവിധ ഭാഷകളിൽ അവതാരകനായി പരിപാടികൾ നയിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ മറ്റൊരു അഭിമാന നിമിഷമായിരുന്നു. ഓരോ ദിവസവും വർധിച്ച ജനപങ്കാളിത്തം ലോകകപ്പിന്റെ സന്തോഷം രാജ്യത്ത് ജീവിക്കുന്ന എല്ലാവരിലേക്കും എത്തിക്കാനുള്ള ഖത്തറിന്റെ ആത്മാർഥ ശ്രമത്തിന്റെ തെളിവായി മാറി.
ലോകകപ്പിന്റെ മറ്റൊരു മനോഹരമായ ഓർമ്മ കുടുംബത്തോടൊപ്പം ചിലവഴിച്ച നിമിഷങ്ങളാണ്. കേരളത്തിൽ നിന്നുള്ള എന്റെ നാട്ടുകാരെയും സുഹൃത്തുക്കളെയും മാത്രമല്ല, വിവിധ രാജ്യങ്ങളിൽ പ്രവാസികളായ സുഹൃത്തുക്കൾക്ക് ഖത്തറിൽ ആതിഥേയത്വം വഹിക്കാനും ലോകകപ്പ് അനുഭവങ്ങൾ പങ്കിടാനും അവസരം ലഭിച്ചു.ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലുകളിലൊന്നായ എം.എസ്.സി ക്രൂയിസസിൽ കുടുംബത്തോടൊപ്പം സ്റ്റേക്കേഷൻ ആസ്വദിക്കാനും കഴിഞ്ഞു. കടലിൽ നിന്ന് ലോകകപ്പിന്റെ ആവേശം അനുഭവിക്കുകയും, ഫുട്ബോൾ മത്സരങ്ങൾ കാണുകയും ചെയ്തത് ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്തതാണ്.
ഖത്തറിന്റെ ദേശീയ ദിനവും ലോകകപ്പ് ഫൈനലും ഒരേ ദിവസം വന്നത് ആഘോഷങ്ങൾക്ക് ഇരട്ടിമധുരം പകർന്നു. അർജന്റീനയുടെ ചരിത്രവിജയത്തിന് ശേഷം സ്വർണക്കപ്പ് ഉയർത്തിപ്പിടിച്ച് തുറന്ന ബസിൽ എത്തിയ ലോക ചാമ്പ്യൻമാരെ നേരിൽ കാണാനും ദേശീയദിന-വിജയ പരേഡിൽ തിരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമാരെ മുൻനിരയിൽ നിന്ന് നയിക്കാനും കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവങ്ങളിലൊന്നായി. ഖത്തർ അമീറും രാജകുടുംബാംഗങ്ങളും ലോകനേതാക്കളും ഫിഫ പ്രസിഡന്റും ലക്ഷക്കണക്കിന് ആരാധകരും സാക്ഷിയായ ആ മഹത്തായ നിമിഷങ്ങളിൽ മുൻനിരയിൽ പ്രവർത്തിക്കാൻ കഴിഞ്ഞത് ഇന്നും അഭിമാനത്തോടെയും ആവേശത്തോടെയും ഓർക്കുന്ന അനുഭവമാണ്. കാലം എത്ര മുന്നോട്ടുപോയാലും ഖത്തർ 2022 എന്റെ ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായി എന്നും നിലനിൽക്കും. നന്ദി ഖത്തർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.