സംസ്കൃതി ഖത്തർ വനിത ദിനാഘോഷം ഗായത്രി വർഷ
ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ലോകമെങ്ങുമുള്ള സ്ത്രീ സമൂഹം ലിംഗ സമത്വത്തിനായി പോരാടുമ്പോഴും അതുറപ്പാക്കാൻ 146 വർഷങ്ങൾ ഇനിയും കാത്തിരിക്കണമെന്നാണ് അന്തർ ദേശീയ സ്ഥിതിവിവരക്കണക്കുകൾ ചൂണ്ടിക്കാട്ടുന്നതെന്ന് പ്രമുഖ അഭിനേത്രിയും സാമൂഹിക പ്രവർത്തകയുമായ ഗായത്രി വർഷ ദോഹയിൽ അഭിപ്രായപ്പെട്ടു.
ഖത്തർ സംസ്കൃതി വനിതവേദി അന്തർദേശീയ വനിതദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ഓരോ അന്തർദേശീയ വനിതദിനങ്ങളിലും ഉയർത്തുന്ന മുദ്രാവാക്യങ്ങളിലടക്കം സ്ത്രീ സമൂഹത്തെ ഇന്നും വിപണിവത്കരിക്കപ്പെടുകയാണെന്നും അവർ പറഞ്ഞു. ‘സ്ത്രീകൾക്ക് ലിംഗനീതി ലഭിക്കണമെങ്കിൽ അവരെ ആദ്യം വ്യക്തികളായി പരിഗണിക്കണം.
സ്ത്രീ പുരുഷ തുല്യതയും ലിംഗനീതിയും സമത്വവും നേടിയെടുക്കാൻ ഒരു പരിധിവരെ കേരളത്തിലെ സ്ത്രീ സമൂഹത്തിനു കഴിഞ്ഞു.
ആഗോള സൂചികകൾ പ്രകാരം ലോകത്തു തന്നെ സ്ത്രീകൾക്ക് ഒട്ടും സുരക്ഷിതമല്ലാത്ത രാജ്യമായി ഇന്ത്യയിൽ മാറിയെന്നും, കേരളീയ സമൂഹങ്ങളിൽ സ്ത്രീ വിഷയങ്ങളെ തുറന്ന് കാട്ടുന്നതുപോലെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ഉയർത്താൻ കഴിയില്ലെന്നും ഗായത്രി അഭിപ്രായപ്പെട്ടു.
ദോഹയിലെ സ്കിൽസ് ഡെവലപ്മെന്റ് സെന്റർ മാസ്റ്ററോ ഹാളിൽ നടന്ന ചടങ്ങിൽ വനിതവേദി വൈസ് പ്രസിഡന്റ് ജാൻസി റാണി അധ്യക്ഷത വഹിച്ചു. സംസ്കൃതി വൈസ് പ്രസിഡന്റ് ബിന്ദു പ്രദീപ്, പ്രസിഡന്റ് അഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി എ.കെ. ജലീൽ, കേരള പ്രവാസി ക്ഷേമ നിധി ബോർഡ് ഡയറക്ടർ ഇ.എം. സുധീർ എന്നിവർ ആശംസകൾ നേർന്നു.
സംസ്കൃതി കലാ വിഭാഗത്തിന്റെ നേതൃത്വത്തിൽ കുറിയേടത്ത് താത്രി, നിലമ്പൂർ ആയിഷയും, കല്ലുമാല സമരം പെൺചെറുത്തു നിൽപുകളെ ആധാരമാക്കിയുള്ള ‘പെണ്മയുടെ പ്രതിരോധങ്ങൾ’ സംഗീത നൃത്തശിൽപം അരങ്ങേറി. വനിതവേദി സെക്രട്ടറി ജസിത ചിന്ദുരാജ് സ്വാഗതവും , ജോ.സെക്രട്ടറി സൗമ്യ രഞ്ജിത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.