രാത്രിയിൽ തിരക്കേറിയ സൂഖ് വാഖിഫ്
ദോഹ: ശൈത്യകാലം വിരുന്നെത്തിയതോടെ ഖത്തറിലുടനീളം തണുപ്പ് കൂടിവരുകയാണ്. ചൂടുകാലത്തിനുശേഷമെത്തുന്ന ഈ ‘കുളിർമ’ ചിലർക്ക് ബുദ്ധിമുട്ടായി അനുഭവപ്പെടുന്നുണ്ടെങ്കിലും വലിയൊരു വിഭാഗം താമസക്കാർ ആസ്വദിക്കുകയാണ്. രാത്രികാലങ്ങളിൽ സൂഖ് വാഖിഫിലെത്തിയാലുള്ള തിരക്ക് സാക്ഷ്യപ്പെടുത്തുന്നത് അതാണ്. രാത്രിയിൽ ജോലിയെല്ലാം കഴിഞ്ഞ്, ഒന്നുകിൽ സൂഖ് വാഖിഫ് പോലുള്ള പരമ്പരാഗത ഇടങ്ങൾ സന്ദർശിക്കുകയോ അല്ലെങ്കിൽ ശൈത്യകാല ക്യാമ്പിങ്ങിനായി ഒരുങ്ങിപ്പുറപ്പെടുകയോ ചെയ്യുകയാണ് ആളുകൾ.
ലോകകപ്പ് കാലത്തെ അഭൂതപൂർവമായ തിരക്ക് മാറ്റിനിർത്തിയാൽ, രാത്രിയിൽ സൂഖ് വാഖിഫ് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ ഇപ്പോൾ ഏറെ വർധനയാണുള്ളത്. അർധരാത്രിവരെ ആളുകൾ ഇവിടേക്കെത്തുന്നുണ്ട്. ഭൂരിഭാഗം പേരും ഇഷ്ടപ്പെട്ട റസ്റ്റാറന്റിലും കഫേയിലുമിരുന്ന് ഒരു കപ്പ് ചായയോ കാപ്പിയോ ശീശയോ ആസ്വദിക്കാൻ സമയം കണ്ടെത്തുകയാണ്.
ഖത്തറിലെ ശൈത്യകാലത്തിനായി താൻ എപ്പോഴും കാത്തിരിക്കാറുണ്ടെന്ന് യു.എസിൽനിന്നുള്ള ക്രിസ്റ്റിൻ ‘ദ പെനിൻസുല’യോട് പറഞ്ഞു. ‘ഞാൻ ഇപ്പോൾ നാലു വർഷമായി ഖത്തറിലുണ്ട്. ഇവിടത്തെ തണുപ്പുകാലം ശരിക്കും ആസ്വദിക്കുകയാണ്. ഞാനും ഭർത്താവും മാസത്തിൽ രണ്ടുതവണയെങ്കിലും സൂഖ് വാഖിഫിൽ വരാറുണ്ട്.
ഇവിടെയെത്തുന്ന മറ്റുള്ളവരുടെ സഹവാസം ആസ്വദിക്കുകയും ചെയ്യുന്നു. ഇവിടത്തെ അന്തരീക്ഷം ഏറെ വ്യത്യസ്തമാണ്. ഈ തണുപ്പിനിടയിലും ആതിഥ്യമര്യാദയുടെ ഊഷ്മളത നിങ്ങൾക്ക് അനുഭവപ്പെടും’. അക്ബർ രണ്ട് സുഹൃത്തുക്കളോടൊപ്പം സൂഖിലെ നിമിഷങ്ങൾ ആസ്വദിക്കുകയാണ്. ‘ഞങ്ങൾ വാരാന്ത്യത്തിൽ സൂഖിലോ പേൾ ഖത്തറിലോ വെസ്റ്റ് ബേയിലോ ഒക്കെ ചുറ്റിക്കറങ്ങും. റൂമിൽ വെറുതെ കൂനിക്കൂടിയിരിക്കാൻ ഞങ്ങൾ മൂവർക്കും ഇഷ്ടമില്ല. രാത്രിയിൽ നടക്കുന്നത് സുഖകരമാണ്. ഒന്നുകിൽ ഇവിടെ സൂഖിലോ ഇതിനോട് ബന്ധപ്പെട്ടിരിക്കുന്ന മുശൈരിബ് ഡൗൺടൗണിലോ ഞങ്ങളുണ്ടാകും’.
നിരവധി താമസക്കാർ ശൈത്യകാല ക്യാമ്പിങ്ങിന് താൽപര്യം കാട്ടുന്നുണ്ട്. ഈ വർഷം ഒരു പുതിയ സാഹസികതക്കായി ഒരു സ്വകാര്യ സീലൈൻ ക്യാമ്പ് ബുക്ക് ചെയ്തതായി അർലിൻ അഹ്മദ് പറയുന്നു. ‘ഞാൻ കടലിന് അഭിമുഖമായി ഒരു റോയൽ ടെന്റ് ബുക്ക് ചെയ്തിട്ടുണ്ട്. രാത്രിയിൽ ഞങ്ങൾ നക്ഷത്രങ്ങളെ കണ്ടുകൊണ്ട് അറേബ്യൻ ബാർബിക്യൂ പരീക്ഷിക്കും’.
രണ്ടു വർഷം മുമ്പ് താനും കുടുംബവും ഇതേ സ്ഥലത്ത് താമസിച്ചിരുന്നതായി വിർജിനിയ ലസാരോ പറഞ്ഞു. ‘ ഇത് സന്ദർശിക്കാൻ പറ്റിയ രസകരമായ സ്ഥലമാണ്. മുമ്പ് ഇവിടെ താമസിച്ചത് ആസ്വാദ്യകരമായ അനുഭവമായിരുന്നു. മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളൊക്കെ പടിക്കുപുറത്തു നിർത്തി പ്രകൃതിയെ തൊട്ടറിയാൻ ലഭിക്കുന്ന വലിയ അവസരം’ -ലസാരോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.