ദോഹ ഫിലിം ഫെസ്റ്റിവലിൽ അജിയാൽ ഷോർട്ട് ഫിലിം പുരസ്കാരവുമായി
വിന്നി ആൻ ബോസി
ദോഹ: ദോഹ ഫിലിം ഫെസ്റ്റിവലിൽ അവാർഡ് നേട്ടവുമായി യുവ മലയാളി വനിത. അജിയാൽ ഷോർട്ട് ഫിലിം പുരസ്കാരമാണ് മലയാളിയായ വിന്നി ആൻ ബോസിന്റെ സുലൈമാനി എന്ന ചിത്രത്തിന് ലഭിച്ചത്. മികച്ച ഫീച്ചർ ഫിലിം അവാർഡ് കൗതർ ബെൻ ഹാനിയയുടെ ദി വോയ്സ് ഓഫ് ഹിന്ദ് റജബിനും ലഭിച്ചു. 12,000 യു.എസ് ഡോളറാണ് സമ്മാനത്തുക.
പാരിസിൽ യാദൃച്ഛികമായി കണ്ടുമുട്ടുന്ന രണ്ട് മലയാളി യുവതികളുടെ കഥ പറയുന്ന ചിത്രമാണ് സുലൈമാനി. രണ്ടു വർഷത്തോളം സമയമെടുത്താണ് സുലൈമാനി സിനിമയുടെ നിർമാണം പൂർത്തീകരിച്ചിരിക്കുന്നതെന്ന് വിന്നി ആൻ ബോസ് പറഞ്ഞു.
കോട്ടയം സ്വദേശിയായ അവർ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിങ്ങിൽനിന്നാണ് പഠനം പൂർത്തീകരിച്ചത്. നിലവിൽ മീഡിയ ആനിമേഷൻ രംഗത്ത് ജോലി ചെയ്യുന്ന അവർ ഫ്രാൻസിലാണ് താമസം. ഖത്തറിൽ ചലച്ചിത്ര ഉത്സവ ആഘോഷങ്ങളൊരുക്കി പ്രഥമ ദോഹ ഫിലിം ഫെസ്റ്റിവൽ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. 12 വർഷത്തോളമായി ഖത്തറിലെയും മേഖലയിലെയും ചലച്ചിത്ര പ്രേമികൾക്ക് ശ്രദ്ധേയമായ കാഴ്ചകൾ സമ്മാനിച്ച അജിയാൽ, അന്താരാഷ്ട്ര തലത്തിലെ പ്രമുഖ ചിത്രങ്ങളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിച്ചാണ് ‘ദോഹ ഫിലിം ഫെസ്റ്റിവൽ (ഡി.എഫ്.എഫ്)’ എന്ന പേരിൽ സംഘടിപ്പിച്ചത്. 62 രാജ്യങ്ങളിൽ നിന്നുള്ള 97 സിനിമകളാണ് പ്രഥമ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചത്.
കതാറ കൾച്ചറൽ വില്ലേജ്, മിശൈരിബ് ഡൗൺ ടൗൺ ദോഹ, ലുസൈൽ ബൊളെവാർഡ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട്ട് എന്നിവയുൾപ്പെടെ നിരവധി വേദികളിലായായിരുന്നു ഫിലിം ഫെസ്റ്റിൽ സംഘടിപ്പിച്ചിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.