ദോഹ: ആരുകണ്ടാലും മോഹിച്ചുപോകുന്ന ഫാൻസി നമ്പറുകളുമായി നിങ്ങളുടെ വാഹനം ചീറിപ്പായുന്നത് കാണാൻ മോഹമുണ്ടോ...? എങ്കിൽ വൈകേണ്ട. ഇന്നുമുതലാണ് സമയം. ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിനു കീഴിൽ സ്‍പെഷൽ നമ്പർ േപ്ലറ്റുകളുടെ 14ാമത് ഇലക്ട്രോണിക് ലേലം ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ചൊവ്വാഴ്ച രാവിലെ 10 മുതൽ വ്യാഴാഴ്ച ഉച്ചക്ക് 12 വരെയാണ് ലേലം.
രണ്ടുവിഭാഗങ്ങളിലായാണ് സ്‍പെഷൽ നമ്പറുകളുടെ ലേലം നടക്കുകയെന്ന് അധികൃതർ അറിയിച്ചു. ആദ്യ ഗ്രൂപ് നമ്പറുകൾക്ക് 10,000 റിയാലും രണ്ടാം ഗ്രൂപ്പിന് 5000 റിയാലുമാണ് സെക്യൂരിറ്റി തുക. ഓരോ നമ്പറുകളുടെ അടിസ്ഥാന തുകയും ട്രാഫിക് ഡയറക്ടറേറ്റ് പ്രഖ്യാപിച്ചു. 877777 നമ്പറിന് രണ്ടുലക്ഷം റിയാലാണ് അടിസ്ഥാന ലേലത്തുക. 320320, 304040 നമ്പറുകൾക്ക് 50,000 റിയാലാണ് അടിസ്ഥാന തുക. രണ്ടുലക്ഷം, ഒരുലക്ഷം, 50,000 എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ നമ്പറുകളുടെയെല്ലാം അടിസ്ഥാന തുക. ആവശ്യം കൂടുന്നതിനനുസരിച്ച് നമ്പറുകളുടെ വിലയും കൂടും.
ലേലസമയത്തിന്റെ അവസാന മണിക്കൂറുകളിൽ ആവശ്യക്കാരുടെ എണ്ണം കൂടുകയാണെങ്കിൽ ആ നമ്പറുകൾക്ക് 15 മിനിറ്റ് വരെ സമയം അധികം നൽകുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഡിമാൻഡ് അനുസരിച്ച് സൗകര്യം നൽകുമെന്നും അറിയിച്ചു. ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്യുന്നവർക്കായിരിക്കും ആ നമ്പർ ലഭിക്കുന്നത്. അവർ നാലുദിവസത്തിനുള്ളിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിൽ ബന്ധപ്പെടണം.
പണം അടക്കുന്നതിൽ വീഴ്ച വരുത്തിയാൽ സെക്യൂരിറ്റി തുകയും നഷ്ടമാവും. ലേലത്തുക പൂർണമായും അടച്ചാൽ മത്രമേ നമ്പർ നൽകൂവെന്നും അധികൃതർ വിശദീകരിച്ചു. ക്രെഡിറ്റ് കാർഡ്, ചെക്ക് വഴി എന്നിവ വഴി പണം അടക്കാവുന്നതാണ്. അമ്പതോളം നമ്പറുകളാണ് ലേലത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.