ദോഹ: സാങ്കേതിക തികവോടെ കോവിഡ് കാല പ്രതിസന്ധികളെ മറികടക്കുന്നതിൽ പുതു ചരിത്രമെഴുതാനൊരുങ്ങി ഖത്തർ എയർവേസ്. കോവിഡ് മുൻകരുതലുകൾ പാലിച്ച് സുരക്ഷിത യാത്രക്കായി രാജ്യാന്തര എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (അയാട്ട) പുറത്തിറക്കിയ ഡിജിറ്റൽ പാസ്‌പോർട്ട് സേവനം വഴി കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റ് സൂക്ഷിക്കുന്ന സംവിധാനമാണ് ഒരുക്കുന്നത്.
ലോകത്ത് ആദ്യമായാണ് യാത്രക്കാരൻ വാക്സിൻ സ്വീകരിച്ചു എന്നുറപ്പുവരുത്താൻ 'ഡിജിറ്റൽ രേഖ' സംവിധാനം ഒരു എയർലൈൻസ് ഒരുക്കുന്നത്. പുതിയ പദ്ധതിയുടെ ആദ്യഘട്ടം സ്വന്തം ക്യാബിൻക്രൂവിലൂടെ വരുംദിവസങ്ങളിൽ നടപ്പാക്കും. കുവൈത്ത്, ലണ്ടൻ, ലോസ്ആഞ്ജലസ്, ന്യൂയോർക്, പാരിസ്, സിഡ്നി എന്നിവിടങ്ങളിൽ നിന്നും ദോഹയിലേക്കുവരുന്ന ഖത്തർ എയർവേസ് കാബിൻ ക്രൂ അംഗങ്ങൾക്ക് കോവിഡ് വാക്സിനേഷൻ സർട്ടിഫിക്കറ്റും, കോവിഡ് പരിശോധന ഫലവും 'ഡിജിറ്റൽ പാസ്പോർട്ടിൽ' അപ്ലോഡ് ചെയ്ത് സൂക്ഷിക്കാനാവും. ദോഹയിലെത്തിയ ശേഷം വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ മൊബൈൽ ആപ്പിലെ ഈ രേഖകൾ കാണിച്ചാൽ മതിയാവും.
സ്വന്തം ജീവനക്കാരിൽ നടത്തുന്ന പരീക്ഷണം വിജയകരമായാൽ യാത്രക്കാർക്കും ഈ സൗകര്യമൊരുക്കും. പേപ്പറുകളുടെ ഉപയോഗം കുറക്കുക, കോവിഡ് കാലത്ത് പരസ്പരം ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുക, യാത്ര എളുപ്പമാക്കുക എന്നിവയാണ് ഇതുവഴിയുള്ള നേട്ടങ്ങൾ. അയാട്ട ട്രാവൽ പാസ് ഡിജിറ്റൽ പാസ്‌പോർട്ട് വഴി വാക്സിനേഷൻ സർട്ടിഫിക്ക് സംവിധാനമൊരുക്കുന്നതിൽ അഭിമാനമുണ്ടെന്ന് ഖത്തർ എയർവേസ് ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് അക്ബർ അൽ ബകർ പറഞ്ഞു.
ആരോഗ്യ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പി.എച്ച്.സി.സി, ഹമദ് മെഡിക്കൽ കോർപറേഷൻ എന്നിവക്കുള്ള നന്ദിയും അദ്ദേഹം അറിയിച്ചു. ഖത്തർ എയർവേസും സർക്കാറും അയാട്ട ഡിജിറ്റൽ പാസ്‌പോർട്ട് നടപ്പാക്കുന്നതിൽ ലോകത്തിന് മാതൃക കാണിക്കുകയാണെന്ന് അയാട്ട ഡയറക്ടർ ജനറൽ വില്ലീ വാൽഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.