സി.ഇ.ആർ.എഫ് ഉന്നതതല പ്ലെഡ്ജിങ് ചടങ്ങിൽ ഖത്തറിന്റെ
യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈഖ അലിയ അഹമ്മദ്
ബിൻ സെയ്ഫ് ആൽഥാനി സംസാരിക്കുന്നു
ദോഹ: ഐക്യരാഷ്ട്രസഭയുടെ മാനുഷിക -ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി ഖത്തറിന്റെ കൈത്താങ്ങ്. യു.എന്നിന്റെ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിലേക്കാണ് (സി.ഇ.ആർ.എഫ്) 10 ലക്ഷം യു.എസ് ഡോളർ ഖത്തർ വാഗ്ദാനം ചെയ്തത്. കഴിഞ്ഞദിവസം ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭയുടെ ആസ്ഥാനത്ത് നടന്ന 2026ലേക്കുള്ള സി.ഇ.ആർ.എഫ് ഉന്നതതല പ്ലെഡ്ജിങ് ചടങ്ങിലാണ് ഖത്തറിന്റെ യു.എന്നിലെ സ്ഥിരം പ്രതിനിധി ശൈഖ അലിയ അഹമ്മദ് ബിൻ സെയ്ഫ് ആൽഥാനി സഹായം പ്രഖ്യാപിച്ചത്. യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസും മാനുഷിക കാര്യങ്ങൾക്കായുള്ള അണ്ടർ സെക്രട്ടറി ജനറലും എമർജൻസി റിലീഫ് കോഓഡിനേറ്ററുമായ ടോം ഫ്ലെച്ചറും ചടങ്ങിൽ സന്നിഹിതരായിരുന്നു.
അടിയന്തര മാനുഷിക ആവശ്യങ്ങളോട് പ്രതികരിക്കുന്നതിൽ യു.എൻ സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ട് സുപ്രധാന പങ്ക് വഹിക്കുന്നതായി അഭിപ്രായപ്പെട്ട അവർ, യു.എന്നുമായുള്ള ദീർഘകാല പങ്കാളിത്തം മുൻനിർത്തി, പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും അഭിപ്രായപ്പെട്ടു. 2006ൽ സി.ഇ.ആർ.എഫ് സ്ഥാപിക്കപ്പെട്ടപ്പോൾ തന്നെ ആദ്യമായി സംഭാവന നൽകിയ രാജ്യങ്ങളിൽ ഒന്നാണ് ഖത്തർ. 2025 വരെയുള്ള കാലയളവിലായി ഏകദേശം 21 മില്യൺ ഡോളറിലധികം സഹായം ഖത്തർ നൽകിയിട്ടുണ്ടെന്നും അവർ വിശദമാക്കി.
അടിയന്തരവും സങ്കീർണവുമായ സാഹചര്യങ്ങളിൽ വേഗത്തിൽ ജീവൻ രക്ഷാസഹായം എത്തിക്കുന്നതിൽ സി.ഇ.ആർ.എഫ് സുപ്രധാന പങ്കുവഹിക്കുന്നു. നിർണായക നിമിഷങ്ങളിൽ ഭക്ഷണം, പാർപ്പിടം, വൈദ്യസഹായം, മറ്റ് അവശ്യ സേവനങ്ങൾ എന്നിവ നൽകിയിട്ടുണ്ടെന്നും അവർ എടുത്തുപറഞ്ഞു. സംഘർഷ മേഖലകളിലും കാലാവസ്ഥാ സംബന്ധമായ ദുരന്ത സാഹചര്യങ്ങളിലും അടിയന്തരമായി പ്രതികരിക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്.
ദുരിതബാധിതരായ എല്ലാവർക്കും മാനുഷിക സഹായം സമയബന്ധിതവും ഫലപ്രദവുമായ രീതിയിൽ എത്തിക്കണമെന്നും സായുധ പോരാട്ടങ്ങളോ പ്രകൃതിദുരന്തങ്ങളോ മൂലമുണ്ടാകുന്ന പ്രതിസന്ധികളിൽ എല്ലാ പങ്കാളികളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അവർ ഊന്നിപ്പറഞ്ഞു. സംഭാഷണങ്ങളും സംവാദങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലും ആവശ്യമുള്ളവരിലേക്ക് സഹായം എത്തിക്കുന്നത് സുഗമമാക്കുന്നതിനും മാനുഷിക നയതന്ത്രത്തിന്റെ പ്രാധാന്യവും അവർ വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.