മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ലാൻഡ് കസ്റ്റംസ് ഡിപ്പാർട്മെന്റിൽ പരിശോധനക്കിടെ
ദോഹ: അബു സംറ അതിർത്തി കവാടത്തിലെ സജ്ജീകരണങ്ങൾ വിലയിരുത്തി മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ ലാൻഡ് കസ്റ്റംസ് ഡിപ്പാർട്ട്മെന്റിൽ പരിശോധന നടത്തി. ഭക്ഷ്യ ചരക്കുകൾ വേഗത്തിൽ ക്ലിയറൻസ് ചെയ്യുന്നതിനും പരിശോധനകൾ സുഗമമാക്കുന്നതിനും കസ്റ്റംസ് വിഭാഗം നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. അതിർത്തി കവാടത്തിലെ പ്രവർത്തനങ്ങൾ ക്രമീകരിക്കുന്നതിനും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ഉറപ്പാക്കുന്നതിനും അബു സംറ ബോർഡർ ക്രോസിങ് മാനേജ്മെന്റ് കമ്മിറ്റി നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
നിലവിലെ പ്രാദേശിക സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സമില്ലാതെ ചരക്കുകൾ വിപണിയിൽ എത്തിക്കുന്നതിനും മുൻകൂട്ടിയുള്ള ആസൂത്രണം അത്യാവശ്യമാണെന്ന് മന്ത്രി ഓർമിപ്പിച്ചു. ഖത്തറിലേക്കുള്ള ചരക്കുകളുടെയും അവശ്യസാധനങ്ങളുടെയും സുഗമമായ പ്രവേശനം ഉറപ്പാക്കുന്നതിൽ അബൂ സംറ അതിർത്തി നിർണായക പങ്കാണ് വഹിക്കുന്നത്.
ചരക്കു നീക്കം വേഗത്തിലാക്കാൻ സഹായിക്കുന്ന എക്സ്-റേ സ്ക്രീനിങ് സംവിധാനങ്ങൾ, പരിശോധനാ പ്ലാറ്റ്ഫോമുകൾ എന്നിവയും മന്ത്രിയും സംഘവും സന്ദർശിച്ചു. ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് ചെയർമാൻ അഹമ്മദ് ബിൻ അബ്ദുല്ല അൽ ജമാലിൽ സന്നിഹിതനായിരുന്നു.
ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യോൽപന്നങ്ങളുടെ പരിശോധന, ഓഡിറ്റിങ് നടപടിക്രമങ്ങൾ എന്നിവ വിലയിരുത്തിയ മന്ത്രി കസ്റ്റംസ് പ്രവർത്തനങ്ങൾ നേരിട്ട് കണ്ടു മനസ്സിലാക്കി. മുനിസിപ്പാലിറ്റി മന്ത്രാലയം, പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം, ഖത്തർ ജനറൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡ്സ് ആൻഡ് മെട്രോളജി എന്നീ വകുപ്പുകൾ തമ്മിലുള്ള സഹകരണത്തെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.