പ്രവർത്തനം അവസാനിപ്പിച്ച ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ സെൻറർ
ദോഹ: ഖത്തറിെൻറ കോവിഡ് പോരാട്ടത്തിൽ മഹത്തായ ദൗത്യം പൂർത്തിയാക്കി ലോകത്തെ തന്നെ ഏറ്റവും വിശാലമായ വാക്സിനേഷൻ കേന്ദ്രം പ്രവർത്തനം അവസാനിപ്പിച്ചു. രാജ്യത്തെ വ്യവസായ, വാണിജ്യ, നിർമാണ മേഖലകളിലെ മുഴുവൻ തൊഴിലാളികൾക്കും ഏറ്റവും വേഗത്തിൽ വാക്സിൻ നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇൻഡസ്ട്രിയൽ ഏരിയ സെൻററാണ് കഴിഞ്ഞ ദിവസത്തോടെ ദൗത്യം പൂർത്തിയാക്കി അടച്ചുപൂട്ടിയത്. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, രാജ്യത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ വഴിയുള്ള വാക്സിനേഷൻ കാമ്പയിൻ തുടരും.
കഴിഞ്ഞ ഏപ്രിലിൽ പ്രവർത്തനം ആരംഭിച്ച ഇൻഡസ്ട്രിയൽ ഏരിയ വാക്സിനേഷൻ സെൻറർ വഴി 16 ലക്ഷം ഡോസ് വാക്സിൻ വിതരണം ചെയ്തു. 300 വാക്സിൻ സ്റ്റേഷനുകൾ ഒരുക്കിയാണ് ലോകത്തെ തന്നെ ഏറ്റവും വിശാലമായ കോവിഡ് പ്രതിരോധ കുത്തിവെപ്പ് കൗണ്ടർ അധികൃതർ സജ്ജീകരിച്ചത്.
ലോകശ്രദ്ധ നേടിയ ദൗത്യം രാജ്യത്തിെൻറ അതിവേഗ വാക്സിനേഷൻ പ്രവർത്തനത്തിന് ഊർജം പകരുന്നതായിരുന്നു. 700 മെഡിക്കൽ ജീവനക്കാരുടെ സേവനം ലഭ്യമാക്കിയിരുന്ന കേന്ദ്രത്തിൽ പ്രതിദിനം 25,000 ഡോസ് വരെ നൽകിയിരുന്നു.
തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും വാക്സിന്‍ ലഭ്യമാക്കിയതോടെയാണ് സെൻറര്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. കോവിഡ് നിയന്ത്രണവിധേയമാക്കി ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതില്‍ സെൻററിെൻറ പ്രവര്‍ത്തനം നിര്‍ണായകമായിരുന്നുവെന്നും ഇതില്‍ അഭിമാനമുണ്ടെന്നും സെൻറര്‍ മേധാവികളിലൊരാളായ ഡോ. ഖാലിദ് അബ്ദുന്നൂര്‍ പറഞ്ഞു.
പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ മന്ത്രാലയം, പ്രൈമറി ഹെല്‍ത്ത് സെൻറര്‍ കോര്‍പറേഷന്‍ തുടങ്ങിയവയുടെ സംയുക്ത സഹകരണത്തോടെയായിരുന്നു കേന്ദ്രത്തിെൻറ പ്രവർത്തനം.
നിലവിൽ ഖത്തറിൽ രണ്ടു ഡോസ് വാക്സിനേഷൻ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. 12 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. 50ന് മുകളിൽ പ്രായമുള്ളവരിൽ രണ്ട് ഡോസ് സ്വീകരിച്ച് എട്ടുമാസം കഴിഞ്ഞ വിഭാഗങ്ങൾക്ക് ബൂസ്റ്റർ ഡോസ് വാക്സിനും നൽകിത്തുടങ്ങി. 47.85 ലക്ഷം വാക്സിൻ ഡോസുകളാണ് ഇതുവരെ രാജ്യത്ത് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.