ദോഹ: മേഖലയിലെ സംഘർഷം അനിശ്ചിതമായി തുടരുന്നതിനിടെ ഖത്തറിനെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻ ആക്രമണം. പശ്ചിമേഷ്യയെ ആശങ്കയിലാക്കി വ്യാഴാഴ്ച ഉച്ചക്ക് 12ഓടെയാണ് തുടർച്ചയായി ആക്രമണ ശ്രമമുണ്ടായത്. ദോഹയുടെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി വലിയ സ്ഫോടന ശബ്ദങ്ങളുണ്ടായതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. ദോഹ നഗരത്തിലും യു.എസ് എംബസിയുടെ സമീപമുള്ള പ്രദേശങ്ങളിലുമായി ഒരു ഡസനിലധികം ആക്രമണങ്ങളാണ് ഉണ്ടായതെന്നും അൽ ജസീറ പങ്കുവെച്ചു.
സുരക്ഷ കണക്കിലെടുത്ത് നേരത്തേ ഖത്തറിലെ യു.എസ് എംബസിക്ക് സമീപം താമസിക്കുന്നവരെ താൽക്കാലികമായി ആഭ്യന്തര മന്ത്രാലയം മാറ്റിപാർപ്പിച്ചിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോൺസുലേറ്റും താൽക്കാലികമായി അടച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ദോഹയിലെ യു.എസ് എംബസിക്ക് സമീപമുള്ളവരെ മാറ്റിതാമസിപ്പിച്ചത്. രാജ്യത്തിനുനേരെ മിസൈൽ ആക്രമണം ഉണ്ടായതായും എല്ലാ ആക്രമണത്തെയും വ്യോമ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായും പ്രതിരോധ മന്ത്രാലയവും സ്ഥിരീകരിച്ചു. പൗരന്മാരും താമസക്കാരും സന്ദർശകരും ജാഗ്രത പാലിക്കണമെന്നും അധികൃതർ പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.