എന്തുകൊണ്ട് വലിയ ശബ്ദങ്ങൾ നാം കേൾക്കുന്നു..?
ഇറാൻ ആക്രമണം തുടങ്ങിയ ശേഷം എന്തുകൊണ്ടാണ് വലിയ ശബ്ദങ്ങൾ നാം കേൾക്കുന്നത്. ഖത്തറിന്റെ വ്യോമാതിർത്തിക്കുള്ളിൽ മിസൈലുകളെ പ്രതിരോധിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന വായു പ്രതിരോധ സംവിധാനങ്ങളുടെ ശബ്ദങ്ങളാണിവ. മിസൈൽ പ്രതിരോധത്തിന്റെ ഉച്ചത്തിലുള്ള ശബ്ദങ്ങളെയും തുടർന്നുണ്ടാകുന്ന പ്രകമ്പനങ്ങളെയും സംബന്ധിച്ച് പൊതുജനങ്ങൾക്ക് വേണ്ടി വിശദീകരിക്കുകയാണ് ഖത്തർ പ്രതിരോധ മന്ത്രാലയവും ഗവൺമെന്റ് കമ്മ്യൂണിക്കേഷൻസ് ഓഫിസും.
ശബ്ദത്തിന് പിന്നിലെ കാരണം
മിസൈൽ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി പ്രവർത്തിക്കുമ്പോഴാണ് ഉച്ചത്തിലുള്ള ശബ്ദങ്ങൾ കേൾക്കാറുള്ളത്. ഉയർന്ന അന്തരീക്ഷത്തിൽ വെച്ച് മിസൈലുകളെ തടയുകയും നശിപ്പിക്കുകയും ചെയ്യുമ്പോൾ, 'സോണിക് ബൂമിന് സമാനമായ ശക്തമായ മർദ്ദതരംഗങ്ങൾ ഉണ്ടാകുന്നു. ഇതാണ് വൻ ശബ്ദത്തിന് കാരണമാകുന്നത്.
എന്തുകൊണ്ട് പ്രകമ്പനങ്ങൾ
മിസൈലുകൾ തകർക്കപ്പെടുമ്പോൾ ഉണ്ടാകുന്ന തീവ്രമായ മർദ്ദതരംഗങ്ങൾ കെട്ടിടങ്ങൾക്ക് മുകളിലൂടെ കടന്നുപോകുമ്പോഴാണ് പ്രകമ്പനങ്ങൾ അനുഭവപ്പെടുന്നത്. കെട്ടിടങ്ങളുടെ ചില്ലുകളിലും ഭിത്തികളിലും ഇത് പ്രകടമായേക്കാം. ഇത്തരം പ്രകമ്പനങ്ങൾ പ്രധാനമായും ഉയരമുള്ള കെട്ടിടങ്ങളിലാണ് കൂടുതൽ അനുഭവപ്പെടാറുള്ളത്. എന്നാൽ ഇവ നിലത്ത് വീഴുന്ന ആഘാതത്തെയല്ല സൂചിപ്പിക്കുന്നത് എന്നത് മനസ്സിലാക്കണം.
ശബ്ദം തീവ്രമായി തോന്നുന്നത്
മിസൈലുകൾ തടയപ്പെട്ട ശേഷം ശബ്ദതരംഗങ്ങൾ താഴേക്കാണ് സഞ്ചരിക്കുക. ആകാശത്ത് ശബ്ദത്തെ തടയാൻ തടസ്സങ്ങളില്ലാത്തതിനാലും 'സൗണ്ട് റിഫ്ലക്ഷൻ' പ്രതിഭാസം മൂലവും ശബ്ദത്തിന്റെ തീവ്രത വർധിക്കുന്നു. ഇത് യഥാർത്ഥത്തിലുള്ളതിനേക്കാൾ വലിയ ശബ്ദം വളരെ അടുത്തായി കേൾക്കുന്നതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുന്നു.
പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ
- ഇത്തരം ശബ്ദങ്ങൾ കേൾക്കുമ്പോൾ പരിഭ്രാന്തരാകാതെ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കുക
- ശബ്ദങ്ങൾ കേൾക്കുമ്പോൾ താമസസ്ഥലത്ത് തന്നെ തുടരുക, വിവരങ്ങൾ അറിയാനോ ദൃശ്യങ്ങൾ പകർത്താനോ പുറത്തിറങ്ങരുത്
- കെട്ടിടങ്ങളുടെ ജനലുകളിൽ നിന്നോ തുറസ്സായ സ്ഥലങ്ങളിൽ നിന്നോ അകന്നു നിൽക്കുക
- വീണുകിടക്കുന്ന മിസൈൽ അവശിഷ്ടങ്ങൾ അപകടകരവും ജീവന് ഭീഷണിയുമായേക്കാം. അവയുടെ അടുത്തേക്ക് പോകരുത്
- ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്. സർക്കാർ നൽകുന്ന ഔദ്യോഗിക വിവരങ്ങൾക്കും നിർദേശങ്ങൾക്കും മാത്രം മുൻഗണന നൽകുക
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.