ദോഹ: ഗൾഫ് ഐക്യത്തിന്റെ സന്ദേശം പങ്കുവെച്ച് 46ാമത് ജി.സി.സി ഉച്ചകോടി. അംഗരാജ്യങ്ങളുടെ രാഷ്ട്രനേതാക്കളും പ്രതിനിധികളും ഭാഗമായ സമ്മിറ്റിൽ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.
ജി.സി.സി രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിരത, സാമ്പത്തിക അഭിവൃദ്ധി, സുരക്ഷാ സഹകരണം എന്നിവയും രാജ്യങ്ങളുടെ ദേശീയ പരമാധികാരം സംരക്ഷിക്കുക എന്നതിലും ഊന്നിയാണ് ഉച്ചകോടി നടന്നത്. ജറൂസലം തലസ്ഥാനമായി സ്വതന്ത്ര ഫലസ്തീൻ നിർമിക്കണമെന്ന് ഉച്ചകോടി ആവശ്യപ്പെട്ടു. ഇറാന്റെയും ഇസ്രായേലിന്റെയും ഖത്തർ ആക്രമണത്തെ ഉച്ചകോടി അപലപിച്ചു.
ഖത്തറിനെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. ഒമാൻ സുൽത്താൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അൽ സഈദ്, സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ, കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, യു.എ.ഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും പ്രത്യേക അതിഥിയായി ഇറ്റാലിയൻ പ്രസിഡന്റ് ജോർജ് മെലോണിയും പങ്കെടുത്തു.
കസ്റ്റംസ് യൂനിയനും ഗൾഫ് കോമൺ മാർക്കറ്റ് പദ്ധതിയും സംയുക്തമായി സഹകരിച്ച് പൂർത്തിയാക്കുമെന്നും സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊർജം, മറ്റ് സുപ്രധാന മേഖലകൾ എന്നിവയിൽ പങ്കാളിത്തം വികസിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുമെന്നും ഉച്ചകോടി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.