‘ഇസ്ലാം- ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’ കാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ
ദോഹ സോൺ സംഘടിപ്പിച്ച ചർച്ച സദസ്സ്
ദോഹ: ‘ഇസ്ലാം- ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’കാമ്പയിന്റെ ഭാഗമായി വിമൻ ഇന്ത്യ ദോഹ സോൺ ‘ഇസ്ലാമിലെ സ്ത്രീ നേർക്കാഴ്ച’ എന്ന തലക്കെട്ടിൽ ചർച്ച സദസ്സ് സംഘടിപ്പിച്ചു. ടി.വി. സുമയ്യ വിഷയാവതരണം നടത്തി.
‘ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന പദവി’യിൽ തുടങ്ങി ഹിജാബ്, വിദ്യാഭ്യാസം, വിവാഹം, വിവാഹമോചനം, കുടുംബ ജീവിതം, സ്ത്രീയുടെ സാമൂഹിക ജീവിതം തുടങ്ങിയ വിഷയങ്ങളിൽ ഖുർആനെയും ഹദീസിനെയും അവലംബിച്ച് ഗേൾസ് ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി അംഗം അഫ്ര ശിഹാബ്, ഷാദിയ ശരീഫ്, സന നസീം, ടി.വി. സുമയ്യ, ഷാദിയ നദീർ എന്നിവർ സംസാരിച്ചു.
പൗരോഹിത്യവും സാമ്പ്രദായിക നിയമങ്ങളും ചേർന്ന് വികൃതമാക്കിയ ഇസ്ലാമിലെ പല നിയമങ്ങളുടെയും സൗന്ദര്യവും ഇസ്ലാം സ്ത്രീകൾക്ക് നൽകിപ്പോരുന്ന നീതിയും അവകാശങ്ങളും അവർക്ക് അർഹമായി ഇപ്പോഴും ലഭിക്കുന്നുണ്ടോയെന്നുമുള്ള ആശങ്ക ചർച്ചയിൽ പങ്കെടുത്തവർ പ്രകടിപ്പിച്ചു. വിമൻ ഇന്ത്യ ഖത്തർ വൈസ് പ്രസിഡന്റ് ത്വയ്യിബ അർഷദ് മോഡറേറ്ററായിരുന്നു. സദസ്യരുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.
സി.ഐ.സി മൻസൂറ ഹാളിൽ നടന്ന പരിപാടി ഗേൾസ് ഇന്ത്യ പ്രതിനിധി റിദ ബിസ്മിയുടെ പ്രാർഥനയോടെ ആരംഭിച്ചു. വിമൻ ഇന്ത്യ ഖത്തർ ദോഹ സോൺ പ്രസിഡന്റ് ലുലു അഹ്സന സ്വാഗതവും ദോഹ സോൺ വൈസ് പ്രസിഡന്റ് സലീല മജീദ് നന്ദിയും പറഞ്ഞു. വിമൻ ഇന്ത്യ വൈസ് പ്രസിഡന്റ് എം.എ. സജ്ന, ജനറൽ സെക്രട്ടറി സറീന ബഷീർ, ഫിനാൻസ് സെക്രട്ടറി റൈഹാന അസ്ഹർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.