ഖത്തർ ഫുട്ബാൾ ടീം
ദോഹ: ഫിഫ ലോകകപ്പ് തയാറെടുപ്പുകളുടെ ഭാഗമായി ഖത്തർ ദേശീയ ഫുട്ബാൾ ടീം ഇന്ന് അയർലൻഡിനെതിരെ സൗഹൃദ മത്സരത്തിനിറങ്ങും. ലോകകപ്പിന് മുന്നോടിയായുള്ള ഖത്തറിന്റെ അവസാനവട്ട ഒരുക്കങ്ങളുടെ ഭാഗമാണ് ഈ മത്സരം. സന്നാഹ മത്സരങ്ങൾക്കായി മുഖ്യ പരിശീലകൻ ജൂലൻ ലോപ്റ്റെഗിപ്രഖ്യാപിച്ച 28 അംഗ ടീമിൽ പ്രമുഖ താരങ്ങളായ അക്രം അഫീഫ്, അൽ മുഈസ് അലി, ഹസ്സൻ അൽ ഹൈദോസ്, പെഡ്രോ മിഗ്വൽ എന്നിവരുൾപ്പെടെയുള്ള പരിചയസമ്പന്നരായ വലിയൊരു നിര തന്നെയുണ്ട്.
അയർലൻഡിനെതിരെയുള്ള സന്നാഹ മത്സരത്തിനുള്ള ഖത്തർ ദേശീയ ടീമിലും മലയാളി തഹ്സിൻ മുഹമ്മദ് ഇടം പിടിച്ചിട്ടുണ്ട്. സന്നാഹമത്സരങ്ങൾക്കു ശേഷം ദേശീയ ടീമിൽ ഉൾപ്പെട്ടാൽ ലോകകപ്പ് ടീമിൽ ഇടം നേടുന്ന ആദ്യ മലയാളി താരമാകും തഹ്സിൻ. ആദ്യം പ്രഖ്യാപിച്ച 34 അംഗ പ്രാഥമിക ടീമിനെയാണ് ജൂലൻ ലോപ്റ്റെഗി വെട്ടിച്ചുരുക്കി 28 ആക്കിയത്. രണ്ട് ആഴ്ച നീണ്ട പരിശീലനങ്ങൾക്കും സാങ്കേതിക വിലയിരുത്തലുകൾക്കും ശേഷം പ്രാഥമിക ടീമിൽ നിന്ന് ഏഴ് കളിക്കാരെ ഒഴിവാക്കിയിട്ടുണ്ട്. സെബാസ്റ്റ്യൻ സോറിയ, താരിക് സൽമാൻ, ഫഹദ് യൂനിസ്, ബസ്സാം അൽ റാവി, മുഹമ്മദ് വാദ്, മുബാറക് ഷനാൻ, നൈൽ മേസൺ എന്നിവരെയാണ് ഒഴിവാക്കപ്പെട്ടത്. അയർലൻഡിനെതിരെയുള്ള മത്സരത്തിന് ശേഷം ഖത്തർ ടീം പരിശീലന ക്യാമ്പിനായി അമേരിക്കയിലേക്ക് തിരിക്കും. ജൂൺ ആറിന് എൽ സാൽവഡോറുമായും ഖത്തർ സൗഹൃദ മത്സരം കളിക്കുന്നുണ്ട്.
ജൂൺ 11 മുതൽ അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ ഗ്രൂപ്പ് ബിയിൽ ആണ് ഖത്തർ ഉൾപ്പെട്ടിട്ടുള്ളത്. ആതിഥേയരായ കാനഡ, സ്വിറ്റ്സർലൻഡ്, ബോസ്നിയ ആൻഡ് ഹെർസഗോവിന എന്നിവരാണ് ഖത്തറിന്റെ എതിരാളികൾ. 2022ൽ ആതിഥേയരെന്ന നിലയിൽ അരങ്ങേറ്റം കുറിച്ചതിന് ശേഷം ഖത്തറിന്റെ രണ്ടാമത്തെ ലോകകപ്പ് പങ്കാളിത്തമാണിത്.
ഖത്തർ ടീം അംഗങ്ങൾ: മെഷാൽ ബർഷാം, മഹ്മൂദ് അബുനാദ, സലാ സക്കരിയ, ഷിഹാബ് അല്ലെതി, അഹമ്മദ് അൽ ജനാഹ്, അൽമുഇസ് അലി, അക്രം അഫീഫ്, എഡ്മിൽസൺ ജൂനിയർ, അഹമ്മദ് ഫതഹി, അഹമ്മദ് അലാ, തഹ്സിൻ മുഹമ്മദ്, പെഡ്രോ മിഗ്വൽ, ബോലം ഖൗഖി, അയൂബ് അൽ അലവി, അൽ ഹാഷ്മി അൽ ഹുസൈൻ, അസിം മദിബോ, സുൽത്താൻ അൽ ബ്രേക്ക്, റയ്യാൻ അൽ അലി, ഹസൻ അൽ ഹൈദോസ്, ജാസിം ജാബർ, മുഹമ്മദ് അൽ മാനായ്, ലൂക്കാസ് മെൻഡിസ്, കരീം ബൗദിയാഫ്, ഈസ ലായ്, അബ്ദുൽ അസീസ് ഹാതിം, യൂസഫ് അബ്ദുറിസാ, ഹമാം അഹമ്മദ്, മുഹമ്മദ് മുൻതാരി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.