അഷ്ഗാൽ വികസിപ്പിച്ച ഗ്രീൻ സ്പേസുകൾ
ദോഹ: ഖത്തറിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ നിറവേറ്റുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായി കഴിഞ്ഞ നാല് വർഷത്തിനിടെ വിവിധ സബ്ഡിവിഷനുകളിലായി 3,63,000 ചതുരശ്ര മീറ്ററിൽ അധികം ഗ്രീൻ സ്പെയ്സുകൾ വികസിപ്പിച്ച് പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ. കൂടാതെ, 995 കിലോമീറ്റർ സൈക്കിൾ, നടപ്പാതകളും പൂർത്തീകരിച്ചിട്ടുണ്ട്. റോഡ് ശൃംഖലകൾ മെച്ചപ്പെടുത്തുക, വിവിധ പ്രദേശങ്ങൾ തമ്മിൽ കണക്റ്റിവിറ്റി ഉറപ്പാക്കുക, രാജ്യത്തുടനീളമുള്ള അടിസ്ഥാന സൗകര്യ സേവനങ്ങൾ വികസിപ്പിക്കുക തുടങ്ങി പുതിയതും നിലവിലുള്ളതുമായ നിരവധി വികസന പദ്ധതികൾ അഷ്ഗാൽ നടപ്പാക്കുന്നുണ്ട്. ഈ പദ്ധതികൾ നടപ്പാക്കുമ്പോൾ, സുസ്ഥിരതക്കും പരിസ്ഥിതി സംരക്ഷണത്തിനും അഷ്ഗാൽ മുൻഗണന നൽകുന്നു.
പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഭാവി തലമുറകൾക്കായി ഹരിതാഭവും സുസ്ഥിര അടിസ്ഥാന സൗകര്യങ്ങളും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഖത്തർ നാഷനൽ വിഷൻ 2030ന് അനുസൃതമായാണ് അഷ്ഗാൽ നിർണായകമായ സുസ്ഥിര വികസന പദ്ധതികൾ നടപ്പാക്കുന്നത്. ഭാവി തലമുറകൾക്കായുള്ള വിഭവസംരക്ഷണത്തിന്റെ ഭാഗമായി എല്ലാ പദ്ധതികളിലും സുസ്ഥിരതാ പ്രവർത്തനങ്ങൾക്കും പരിസ്ഥിതി സംരക്ഷണത്തിനും അഷ്ഗാൽ മുൻഗണന നൽകുന്നുണ്ടെന്ന് റോഡ് പ്രോജക്ട് വകുപ്പിന്റെ മാനേജർ എൻജിനീയർ സാലിം അൽ ഷാവി അൽ മാരി പറഞ്ഞു. ഹരിത സംരംഭങ്ങൾ നടപ്പാക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. അറിവും വൈദഗ്ധ്യവും പങ്കുവെച്ചും മികച്ച പ്രവർത്തനരീതികൾ സ്വീകരിച്ചും പരിസ്ഥിതി സംരക്ഷണത്തിനും ദീർഘകാല ചെലവ് കുറക്കലിനും സഹായിക്കുന്ന, സാമൂഹിക ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്ന സംരംഭങ്ങൾ നടപ്പാക്കി മേഖലയിൽ മാതൃകയാകാൻ അഷ്ഗാൽ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിവിധ പദ്ധതികളിൽ ഗ്രീൻ സ്പെയ്സുകൾ ഉൾപ്പെടുത്തിയാണ് അഷ്ഗാൽ സുസ്ഥിരത ഉറപ്പാക്കുന്നത്. സുരക്ഷിതവും കുറഞ്ഞ കാർബൺ ബഹിർഗമനം പുറപ്പെടുവിക്കുന്നതുമായ ഗതാഗത സംവിധാനങ്ങൾ പ്രത്യേകിച്ച് സൈക്കിള് പാതകളും നടപ്പാതകളും ഇതിനുവേണ്ടി ഒരുക്കുന്നു. ഇവ സുസ്ഥിര ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതാണ്. ഇത്തരം ഗ്രീൻ സ്പെയ്സുകൾ കാർബൺ ഡൈഓക്സൈഡ് ആഗിരണം ചെയ്യാനും ഇതുവഴി നഗരത്തിലെ ചൂടിന്റെ പ്രഭാവം കുറയ്ക്കാനും വരൾച്ച, വെള്ളപ്പൊക്കം തുടങ്ങിയ പ്രതിഭാസങ്ങൾ നിയന്ത്രിക്കാനും മഴവെള്ളം നിയന്ത്രിക്കുന്നതിലും സഹായിക്കുന്ന തരത്തിലാണ് നിർമിച്ചിട്ടുള്ളത്. ഭൂഗർഭജലം, മഴവെള്ളം എന്നിവ തിരിച്ച് ഡ്രെയിനേജ് ശൃംഖലകൾ നടപ്പാക്കുന്നതിലൂടെ അധിക ജലത്തിന്റെ മാനേജ്മെന്റ്, ജലസ്രോതസ്സുകളുടെ സുസ്ഥിരത, കാലാവസ്ഥ വ്യതിയാനങ്ങളോട് പൊരുത്തപ്പെടാനുള്ള ശേഷി എന്നിവ വർധിക്കുന്നു.
റീസൈക്ലിങ് മേഖലയിൽ, അഷ്ഗാൽ മാലിന്യവും കാർബൺ ബഹിർഗമനവും കുറക്കാൻ സഹായിക്കുന്ന നിരവധി നവീന സംരംഭങ്ങൾ സ്വീകരിച്ചിട്ടുണ്ട്. പഴയ റബർ ടയറുകൾ പുനരുപയോഗിച്ച് ക്രംബ് റബർ മോഡിഫൈഡ് ബിറ്റുമൻ (സി.ആർ.എം.ബി) നിർമാണം ഉൾപ്പെടുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ, റോഡ് വികസന പദ്ധതികളിൽ 4,510 ടൺ സി.ആർ.എം.ബി പുനരുപയോഗിച്ചിട്ടുണ്ട്. പൗരന്മാരുടെയും താമസക്കാരുടെയും ജീവിത നിലവാരം മെച്ചപ്പെടുത്തിയും ഭാവി തലമുറകൾക്കായി രാജ്യത്ത് സുസ്ഥിര അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് അഷ്ഗാൽ സുസ്ഥിര പദ്ധതികൾ നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.