ദോഹ: ഗ്യാസ് ഉൽപാദനം നിർത്തിവെക്കാനുള്ള ഖത്തറിന്റെ തീരുമാനം ബോധപൂർവമായ രാഷ്ട്രീയ നീക്കമാണെന്ന ഇസ്രായേൽ ആരോപണം ഖത്തർ തള്ളി. യു.എസിലെ എൽ.എൻ.ജി വിലയെ സ്വാധീനിക്കാനാണ് ഉൽപാദനം നിർത്തിവെച്ചതെന്ന ഇസ്രായേലി മാധ്യമ റിപ്പോർട്ടുകൾ ഖത്തറും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമമാണെന്നും മുതിർന്ന ഖത്തരി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. രാഷ്ട്രീയമോ സാമ്പത്തികമോ ആയ നേട്ടങ്ങളേക്കാൾ ജനങ്ങളുടെ സുരക്ഷക്കാണ് ഖത്തർ മുൻഗണന നൽകുന്നത്. മേഖലയിലുടനീളം കൂടുതൽ പിരിമുറുക്കവും വിഭജനവും സൃഷ്ടിക്കാനാണ് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ വക്താക്കൾ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഗോള എൽ.എൻ.ജി വിതരണത്തിന്റെ 20 ശതമാനവും ഖത്തറിൽനിന്നാണ്. ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ഊർജ കേന്ദ്രത്തിനും മിസഈദ് ഇൻഡസ്ട്രിയൽ സിറ്റിയിലെ പവർ പ്ലാന്റിലെ വാട്ടർ ടാങ്കിനു നേരെയും ഇറാൻ ഡ്രോൺ ആക്രമണം നടത്തിയിരുന്നു. തുടർന്ന് ഖത്തർ എനർജി എൽ.എൻ.ജി ഉൽപാദനം താൽക്കാലികമായി നിർത്തിവെക്കുകയായിരുന്നു. ഇത് ആഗോള എൽ.എൻ.ജി വിപണിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
എന്നാൽ, യുദ്ധം അവസാനിപ്പിക്കാൻ സമ്മർദം ചെലുത്തുന്നതിനായി ഇറാനും ഖത്തറും തമ്മിലുള്ള ഏകോപനത്തിന്റെ ഭാഗമായാണ് ഉൽപാദനം നിർത്തിയതെന്ന് ഇസ്രായേലി രാഷ്ട്രീയ വിശകലന വിദഗ്ധനായ അമിത് സെഗാൽ എക്സിൽ ആരോപിച്ചിരുന്നു. അമേരിക്കയും ഖത്തറും തമ്മിൽ ഭിന്നതയുണ്ടാക്കാനാണ് ഇസ്രായേൽ മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും ഖത്തരി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.