ദോഹ: യാത്ര ആവശ്യങ്ങൾക്കുള്ള കോവിഡ് ആർ.ടി.പി.സി.ആർ പരിശോധനകൾക്ക് ഓൺലൈൻ വഴി ബുക്ക് ചെയ്യണമെന്ന് നിർദേശിച്ച് സിദ്ര മെഡിസിൻ. ഖത്തറിൽനിന്ന് വിദേശരാജ്യങ്ങളിലേക്ക് യാത്രചെയ്യുന്നവർക്ക്, അതത് രാജ്യങ്ങൾ ആവശ്യപ്പെടുന്ന പ്രകാരം വിവിധ സമയ കാലയളവിനുള്ളിലെ പരിശോധനാ ഫലത്തിനായി സമീപിക്കുമ്പോൾ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് അപ്പോയിൻമെന്‍റ് സ്വീകരിക്കണമെന്നാണ് സിദ്ര വീണ്ടും നിർദേശിച്ചത്.
കോവിഡ് മൂന്നാം തരംഗത്തിന് പിന്നാലെ സിദ്രയിലെ എല്ലാ പരിശോധനകളും ബുക്കിങ് വഴിയാക്കിയിരുന്നു. അതിവേഗത്തിൽ പരിശോധനാഫലം ലഭിക്കുന്ന വിവിധ ടെസ്റ്റിങ് സംവിധാനങ്ങൾ ഉള്ളതിനാൽ ഖത്തറിൽനിന്നുള്ള കൂടുതൽ യാത്രക്കാരും സിദ്രയെ ആണ് ആശ്രയിക്കുന്നത്. രോഗവ്യാപനത്തിന്‍റെ കൂടി പശ്ചാത്തലത്തിൽ നേരിട്ടുള്ള വരവ് ഒഴിവാക്കാനാണ് ഓൺലൈൻ വഴി ബുക്ക് ചെയ്ത് അപ്പോയിൻമെന്‍റ് എടുത്ത ശേഷം മാത്രം വരാൻ നിർദേശിക്കുന്നത്.
'വേഗത്തിൽ ലഭ്യമാവുന്ന പി.സി.ആർ പരിശോധന ആവശ്യമുള്ളവരും ഓൺലൈൻ വഴി ബുക്ക് ചെയ്യണം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങളും നിരക്കും വെബ്സൈറ്റിൽ ലഭ്യമാവും. തിരക്ക് വർധിക്കുമ്പോൾ ബുക്കിങ് നിയന്ത്രിക്കുമെന്നതിനാൽ, ആവശ്യമുള്ളവർ നേരത്തെ ബുക്ക് ചെയ്യണം. കാൻസലേഷന് അനുസരിച്ച് യാത്രക്കാർക്ക് കൂടുതൽ അപ്പോയിൻമെന്റുകൾ അനുവദിക്കുന്നതാണ്. യാത്രാതീയതി കണക്കാക്കി നേരത്തെ ബുക്ക് ചെയ്യുന്നതുവഴി കാര്യക്ഷമമായ സർവിസും ഉപയോഗപ്പെടുത്താം'-സിദ്ര മെഡിസിനിലെ പാത്തോളജി മേധാവി ഡോ. ജാസൺ ഫോഡ് പറഞ്ഞു.
കോവിഡ് മൂന്നാം തരംഗത്തിൽ ലോകത്തെല്ലായിടത്തും എന്നപേലെ ഇവിടെയും പരിശോധന കൂടിയതിനാൽ സിദ്രയിലും തിരക്കനുഭവപ്പെട്ടു. ഇത് പലപ്പോഴും യാത്രക്കാർക്ക് വേഗത്തിൽ ഫലം നൽകാൻ തടസ്സമായിരുന്നു -ഡോ. ഫോഡ് പറഞ്ഞു. നിലവിൽ മൂന്നുനാല് മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാവുന്ന പി.സി.ആർ പരിശോധന സിദ്രയിൽ ലഭ്യമാണ്. സ്രവം ശേഖരിച്ച് മൂന്ന് മുതൽ നാല് മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കും. 660 റിയാലാണ് അതിവേഗത്തിൽ ഫലം ലഭിക്കാനുള്ള നിരക്ക്. എട്ട് മണിക്കൂറിൽ ഫലം ലഭിക്കുന്ന പി.സി.ആറിന് 300 റിയാലും 18 മണിക്കൂറിനുള്ളിൽ ഫലം ലഭിക്കാൻ 160 റിയാലുമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.