നേട്ടങ്ങളുടെ ഏഴ് വർഷം; 29 കോടി യാത്രക്കാർ ദോഹ മെട്രോ യാത്ര തുടരുന്നു

ദോഹ: രാജ്യത്തിന്റെ പൊതുഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ കുറിച്ച ദോഹ മെട്രോ ഏഴ് വർഷങ്ങൾ പൂർത്തിയാക്കി യാത്ര തുടരുന്നു. 2019ൽ പ്രവർത്തനം ആരംഭിച്ചത് മുതൽ രാജ്യത്തെ ഗതാഗത സംവിധാനത്തിൽ നിർണായകമായി മാറാൻ ദോഹ മെട്രോക്ക് സാധിച്ചിട്ടുണ്ട്. പ്രവർത്തനമാരംഭിച്ചത് മുതൽ ഇതുവരെ ഏകദേശം 29.2 കോടി യാത്രക്കാരാണ് മെട്രോ സേവനം പ്രയോജനപ്പെടുത്തിയത്. ഉപഭോക്തൃ സംതൃപ്തിയിൽ 99.90 ശതമാനം എന്ന റെക്കോർഡ് നേട്ടം കൈവരിക്കാനും മെട്രോക്ക് സാധിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുരക്ഷിതവും സുഗമവുമായ യാത്രാ സംവിധാനമെന്ന നിലയിൽ ദോഹ മെട്രോ ഇന്ന് ഖത്തറിലെ ജനജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിട്ടുണ്ട്. ട്രെയിനുകളുടെ ലഭ്യത, കൃത്യനിഷ്ഠത എന്നിവയിൽ 99.83 ശതമാനവും മികവ് പുലർത്തുന്നു. അപകട നിരക്ക് 0.013 എന്ന ഏറ്റവും കുറഞ്ഞ അളവിലാണെന്നതും ശ്രദ്ധേയമാണ്.

രാജ്യത്തെ പ്രധാന സ്ഥലങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് 37 സ്റ്റേഷനുകളാണ് മെട്രോ ശൃംഖലയിലുള്ളത്. യാത്രക്കാർക്ക് സ്റ്റേഷനുകളിലെത്താൻ 70 റൂട്ടുകളിലായി മെട്രോലിങ്ക് ബസ് സേവനവും 10 സ്റ്റേഷനുകളിൽ മെട്രോ എക്സ്പ്രസ് സേവനവും ലഭ്യമാണ്. ഫിഫ ലോകകപ്പ് ഉൾപ്പെടെ ഖത്തർ ആതിഥേയത്വം വഹിച്ച നാൽപ്പതിലധികം അന്താരാഷ്ട്ര കായിക -സാംസ്കാരിക പരിപാടികൾക്ക് തടസ്സമില്ലാത്ത ഗതാഗത സൗകര്യം ഒരുക്കുന്നതിൽ ദോഹ മെട്രോ വഹിച്ച പങ്ക് ലോകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഖത്തർ നാഷണൽ വിഷൻ 2030 അനുസരിച്ച്, രാജ്യത്തെ താമസക്കാർക്കും സന്ദർശകർക്കും സുരക്ഷിതവും കാര്യക്ഷമവും സുസ്ഥിരവുമായ യാത്രാസൗകര്യം ഒരുക്കി ദോഹ മെട്രോ പ്രയാണം തുടരുകയാണ്.

Tags:    
News Summary - Seven years of achievements; 29 crore passengers as Doha Metro continues its journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.