അൽ ബെയ്ത് സ്റ്റേഡിയം
ദോഹ: വാശിയേറിയ ക്വാർട്ടർ പോരാട്ടത്തിനൊടുവിൽ ഫിഫ അറബ് കപ്പ് സെമി മത്സരങ്ങൾ ഇന്ന് നടക്കും. വൈകീട്ട് 5.30ന് ഖലീഫ ഇന്റർ നാഷനൽ സ്റ്റേഡിയത്തിൽ മൊറോക്കോയും യു.എ.ഇയും തമ്മിലാണ് ആദ്യ മത്സരം.
സിറിയൻ പ്രതിരോധത്തിന്റെ കോട്ട തകർത്താണ് മൊറോക്കോ സെമിയിലെത്തിയത്. നേരത്തേ, സൗദി അറേബ്യയെയും കോമറോസിനെയും കീഴടക്കിയ മൊറോക്കോ ഗ്രൂപ്പിൽ ഒന്നാമതായാണ് ക്വാർട്ടറിലെത്തിയിരുന്നത്. അതേസമയം, എതിരാളികളായെത്തുന്ന യു.എ.ഇ ഗ്രൂപ്പുഘട്ടത്തിൽ ഒരോ ജയവും തോൽവിയും സമനിലയുമായി പതർച്ചയോടെയായിരുന്നു തുടക്കം. ഗ്രൂപ്പിൽനിന്ന് രണ്ടാമതായാണ് യു.എ.ഇ ക്വാർട്ടറിലെത്തിയതെങ്കിലും മുൻ ചാമ്പ്യന്മാരായ അൽജീരിയയെ കെട്ടുകെട്ടിച്ച ഫോമിലാണ് സെമിയിൽ മൊറോക്കോക്കെതിരെ അങ്കത്തിനിറങ്ങുക.
രാത്രി 8.30ന് അൽ ബെയ്ത് സ്റ്റേഡിയത്തിൽ നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ സൗദി അറേബ്യയെ ജോർഡൻ നേരിടും. ഗ്രൂപ്പുഘട്ടത്തിൽ യു.എ.ഇയും കുവൈത്തിനെയും ഈജിപ്തിനെയും വലിയ വെല്ലുവിളികളില്ലാതെ അനായാസ വിജയവുമായി ക്വാർട്ടറിലെത്തിയ ജോർഡന് നാലു തവണ അറബ് ചാമ്പ്യന്മാരായ ഇറാഖിനെയും നിഷ്പ്രഭമാക്കിയാണ് സെമിയിലെത്തിയത്. ടൂർണമെന്റിലുടനീളം ഒരു മത്സരവും പരാജയം രുചിക്കാതെയാണ് ജോർഡൻ സെമി പോരാട്ടത്തിനിറങ്ങുന്നത്. എന്നാൽ, മികച്ച ഫോമിലുള്ള സൗദി അറേബ്യ എതിരാളികളായെത്തുന്നതോടെ മത്സരം കടുക്കും. ഗ്രൂപ്പുഘട്ടത്തിൽ ഒമാൻ, കോമറോസ് എന്നിവരെ കീഴടക്കി ഗ്രൂപ്പിൽനിന്ന് രണ്ടാമതായി ക്വാർട്ടറിലെത്തിയ സൗദി അറേബ്യ, ഫലസ്തീൻ പ്രതിരോധത്തെയും മറികടന്നാണ് സെമി പോരിനിറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.