ദോഹ: ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സുരക്ഷാസംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള 'അറേബ്യൻ ഗൾഫ് സെക്യൂരിറ്റി-4' ഞായറാഴ്ച ദോഹയിൽ ആരംഭിക്കും. ഖത്തർ ആഭ്യന്തര മന്ത്രിയും ലഖ്വിയ കമാൻഡറുമായ ശൈഖ് ഖലീഫ ബിൻ ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ്, ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികളുടെ സംയുക്ത അഭ്യാസപ്രകടനം നടക്കുക.
ഫെബ്രുവരി നാലുവരെ നീളുന്ന സുരക്ഷാ അഭ്യാസത്തിൽ ജി.സി.സി അംഗരാജ്യങ്ങളിൽ നിന്നുള്ള സുരക്ഷാ ഏജൻസികളും സേനകളും പങ്കെടുക്കും. കൂടാതെ, വിവിധ പ്രതികൂല സാഹചര്യങ്ങളെയും വെല്ലുവിളികളെയും നേരിടുന്നതിന് വൈദഗ്ധ്യവും പരിശീലനവും നൽകുന്നതിനായി യു.എസ് സുരക്ഷാ യൂനിറ്റുകളും സംയുക്ത അഭ്യാസത്തിൽ പങ്കുചേരും. അറേബ്യൻ ഗൾഫ് സെക്യൂരിറ്റി ഫീൽഡ് അഭ്യാസത്തിൽ പങ്കെടുക്കാൻ യു.എ.ഇ, ബഹ്റൈൻ, സൗദി അറേബ്യ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ള സൈനികർ ദോഹയിൽ എത്തിയിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങൾക്കിടയിലുള്ള സുരക്ഷാ സഹകരണ സംവിധാനം ശക്തിപ്പെടുത്തുക, സുരക്ഷാ തയാറെടുപ്പുകളും സംയുക്ത ഏകോപനവും മെച്ചപ്പെടുത്തുക, പ്രതിസന്ധികളിലും അടിയന്തര സാഹചര്യങ്ങളിലും പ്രതികരിക്കാനുള്ള ശേഷി വർധിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സംയുക്ത ജി.സി.സി സുരക്ഷാ അഭ്യാസപ്രകടനം നടക്കുക. ഓരോ രാജ്യത്തെയും സുരക്ഷാ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ അനുഭവങ്ങളും അത്യാധുനിക പ്രവർത്തന രീതികളും പരസ്പരം കൈമാറാനുള്ള അവസരം കൂടിയാണിത്. സുരക്ഷാ സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള സംയുക്ത പരിശീലന പരിപാടികൾ ഇതിന്റെ ഭാഗമായി നടക്കും.
പ്രതിരോധ പ്രവർത്തന പദ്ധതികൾ പരിശോധിക്കാനും വിവിധ യൂനിറ്റുകൾ തമ്മിലുള്ള ഏകോപനം വികസിപ്പിക്കാനും പ്രഫഷനലിസം ഉറപ്പാക്കി അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള സന്നദ്ധത ഉറപ്പാക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.
പങ്കെടുക്കുന്ന സേനകൾക്ക് സംഘടനത്തിനും പരിശീലനത്തിനുമായി എല്ലാ ഒരുക്കങ്ങളും ലോജിസ്റ്റിക്സ് സംബന്ധമായ ക്രമീകരണങ്ങളും പൂർത്തിയാക്കിയതായി ഖത്തർ സുപ്രീം കമ്മിറ്റി അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങളും മികച്ച പരിശീലന നിലവാരവും ഉറപ്പാക്കുന്നതിനായി ഖത്തറിലെ വിവിധയിടങ്ങളിലായാണ് അഭ്യാസപ്രകടനങ്ങൾ നടക്കുക. മേഖലയുടെ സുരക്ഷയും സുസ്ഥിരതയും വർധിപ്പിക്കുന്നതിനായി ജി.സി.സി രാജ്യങ്ങൾ തമ്മിൽ കൂടുതൽ സംയോജിതവും ഫലപ്രദവുമായ സുരക്ഷാസംവിധാനം കെട്ടിപ്പടുക്കുന്നതിൽ 'അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4' ഒരു സുപ്രധാന നാഴികക്കല്ലാകുമെന്ന് ഖത്തർ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
ഈ സുരക്ഷാ കൂട്ടായ്മയുടെ തുടക്കം 2016ൽ ബഹ്റൈനിലാണ് ആരംഭിച്ചത്. ഗൾഫ് മേഖലയുടെ സമാധാനവും സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്ന പ്രഖ്യാപനവുമായാകും ജി.സി.സി രാജ്യങ്ങളിലെ സേനാംഗങ്ങൾ ഖത്തറിന്റെ മണ്ണിൽ അണിനിരക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.