പ്ര​ഫ. ജോ​ൺ മാ​ൻ കോ​ൺ​വോ​ങ്

ഖത്തറിൽ തിമിംഗലസ്രാവുകൾക്കായി പ്രാദേശിക ഗവേഷണകേന്ദ്രം തുറക്കുന്നു

ദോഹ: ഗൾഫ് നാടുകൾക്കും മേഖലക്ക് പുറത്തേക്കുമായി തിമിംഗല സ്രാവ് ഗവേഷണ, പരിശീലന കേന്ദ്രം സ്ഥാപിക്കാനുള്ള തയാറെടുപ്പുമായി ഖത്തർ. മേഖലയിലെ തിമിംഗല സ്രാവുകളെക്കുറിച്ച് പഠിക്കുന്നതിനും ഗവേഷണം നടത്തുന്നതിനും അനുയോജ്യമായ സാഹചര്യമാണ് ഖത്തറിലുള്ളതെന്നും തിമിംഗല സ്രാവുകളെക്കുറിച്ച ഗവേഷണ, പരിശീലന, വിദ്യാഭ്യാസ കേന്ദ്രം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതരെന്നും പരിസ്ഥിതി, കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിലെ പ്രൊട്ടക്ഷൻ ആൻഡ് നേച്വർ റിസർവ് അഫയേഴ്സ് അസി. അണ്ടർസെക്രട്ടറി പ്രഫ. ജോൺ മാൻ കോൺവോങ്ങിനെ ഉദ്ധരിച്ച് ഗൾഫ് ടൈംസ് റിപ്പോർട്ട് ചെയ്തു.

ഖത്തർ നാചുറൽ ഹിസ്റ്ററി ഗ്രൂപ് ‘ഖത്തർ സമുദ്ര പരിസ്ഥിതിയുടെ ഭൂതം, വർത്തമാനം, ഭാവി’ വിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയോടനുബന്ധിച്ച് ഗൾഫ് ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവേഷണ, പരിശീലനകേന്ദ്രം സ്ഥാപിക്കുന്നതിന്റെ ഭാഗമായി രണ്ട് ഓഫിസുകളും ഒരു ലാബും ഇതിനകം സജ്ജമാക്കിയിട്ടുണ്ട്. പുതിയ സംരംഭത്തിന് മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണയുണ്ട്. യുനെസ്കോയും ഇതുമായി ബന്ധപ്പെട്ട് സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. യു.എൻ, യുനെസ്കോ എന്നിവയുമായി ചേർന്ന നടപടിക്രമങ്ങൾ പൂർത്തിയാക്കണം. രണ്ടുവർഷത്തിനുള്ളിൽ ഇതിന്റെ മുഴുവൻ പ്രക്രിയകളും പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രഫ. വോങ് പറഞ്ഞു.

ഗൾഫ് മേഖലയിലെ ഒരേയൊരു ഉപദ്വീപാണ് ഖത്തർ. ഭൂമിശാസ്ത്രപരമായ കിടപ്പ് കാരണം സമ്പന്നമായ സമുദ്ര വൈവിധ്യമാണ് ഖത്തറിനുള്ളത്. സമുദ്രത്തിലെ ആഴംകൂടിയതും കുറഞ്ഞതുമായ ഇടങ്ങൾ നമുക്കുണ്ടെന്നും സമുദ്ര വിദഗ്ധനായ വോങ് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ വൈവിധ്യമായ പരിസ്ഥിതി ധാരാളം ദേശാടന ജീവികളെ ആകർഷിക്കുന്നു. അതുകൊണ്ടാണ് തിമിംഗല സ്രാവുകളും ഡുഗോംഗുകളും ഇവിടെ കൂടുതലായുള്ളത്. രാജ്യത്തെ 30 ശതമാനം ജലവും സംരക്ഷിക്കുന്നതിന് ഒരു സമുദ്രസംരക്ഷിത മേഖല ഖത്തർ സ്ഥാപിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. അനുയോജ്യമായ സമുദ്രാന്തരീക്ഷത്തിൽ, പല ജീവിവർഗങ്ങൾക്കും ഏറെ സവിശേഷവും മികച്ചതുമായ സാഹചര്യമാണ് രാജ്യത്തിനുള്ളത്.

മേഖലയിലെ മറ്റു രാജ്യങ്ങളിൽനിന്ന് വ്യത്യസ്തമായി ആഴംകൂടിയതും കുറഞ്ഞതുമായ തീരപ്രദേശങ്ങളും നമുക്കുണ്ട്. മേഖലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നതിനാൽ മേഖലയിലൂടെ സഞ്ചരിക്കുന്ന ദേശാടനക്കിളികൾക്ക് ഖത്തറിലൂടെ പോകണം. അവരുടെ പ്രധാന കേന്ദ്രബിന്ദുവാണ് ഖത്തർ. വടക്കും കിഴക്കും ഭാഗങ്ങളിൽ ധാരാളമായി കടലാമകൾ കൂടുകൂട്ടുന്നതിന്റെ പ്രധാന കാരണമിതാണ്. കടൽ പുൽത്തകിടികളിൽ ഭക്ഷണത്തിനായി റാണി ആമകൾ ഇവിടെയെത്തുന്നു -അദ്ദേഹം വിശദീകരിച്ചു. ഖത്തറിനും ബഹ്റൈനും യു.എ.ഇക്കും ഇടയിലുള്ള കടലിടുക്കിലാണ് ലോകത്തെ ഏറ്റവും വലിയ ഡുഗോംഗുകളുള്ളതെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഗൾഫ് മേഖലയിലെ ഏറ്റവും വലിയ തിമിംഗല സ്രാവുകൾ വേനൽക്കാലത്ത് സഞ്ചരിക്കുന്നതും ഖത്തറിന്റെ വടക്കൻ ജലാശയത്തിലാണ്.

വേനൽക്കാലത്ത് ഖത്തറിന് വടക്ക് മേഖലയിൽ തിമിംഗലസ്രാവുകളുടെ വലിയ കൂട്ടങ്ങളെ കാണാൻ സാധിക്കും. ഇതുമായി ബന്ധപ്പെട്ട ഗവേഷണത്തിൽ ഒരു ചെറിയ സ്ഥലത്തുതന്നെ അമ്പതോളം വരുന്ന തിമിംഗലസ്രാവുകളുടെ കൂട്ടത്തെ കണ്ടെത്തിയിരുന്നു. ട്യൂണ മത്സ്യത്തിന്റെ മുട്ടകൾ കഴിക്കാനാണ് അവർ ഇവിടെയെത്തുന്നത്. ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങൾ കാരണം ഖത്തറിന്റെ വടക്കുകിഴക്കൻ സമുദ്രത്തിലാണ് ഇത് സംഭവിക്കുന്നത്. ഗൾഫിൽ തിമിംഗലസ്രാവുകളുടെ കേന്ദ്രമാണ് ഖത്തർ. അതിനാൽ അവയെക്കുറിച്ച് കൂടുതൽ പഠിക്കാൻ ഏറ്റവും അനുയോജ്യമായ സ്ഥലവും ഖത്തറാണ്. സീസൺ അവസാനിക്കുന്നതോടെ അവ സൗദി അറേബ്യയുടെ ഭാഗത്തേക്കും ഗൾഫ് മേഖലയുടെ മറ്റു ഭാഗങ്ങളിലേക്കും ചേക്കേറുന്നു -പ്രഫ. വോങ് പറഞ്ഞു.

Tags:    
News Summary - Regional research center for whale sharks will open in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.