ദോഹ: വെള്ളിയാഴ്ച തകർത്തുപെയ്ത മഴക്ക് ശമനം. ശനിയാഴ്ച ഖത്തറിന്റെ മിക്കഭാഗങ്ങളിലും മഴയൊഴിഞ്ഞ കാലാവസ്ഥയായിരുന്നു. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചു. ശക്തമായ കാറ്റിനും ശമനമുണ്ടായി. വ്യാഴം മുതൽ ശനിവരെ ശക്തമായ മഴയുണ്ടാകാനുള്ള സാധ്യതാ മുന്നറിയിപ്പ് കാലാവസ്ഥ നിരീക്ഷണവകുപ്പ് നേരത്തേ നൽകിയിരുന്നു. പ്രവചനങ്ങൾക്കൊത്ത രീതിയിൽ വെള്ളിയാഴ്ച രാത്രിയിൽ ഉൾപ്പെടെ കനത്തതോതിലുള്ള മഴയാണ് ഖത്തറിൽ ലഭിച്ചത്. ശനിയാഴ്ച രാവിലെയോടെ മഴയുടെ ശക്തി കുറയുകയായിരുന്നു. ഞായറാഴ്ച ശക്തമായ മഴയുണ്ടാകില്ലെന്നാണ് പ്രവചനം.
വെള്ളിയാഴ്ച ഏറ്റവും കൂടുതൽ മഴ ലഭിച്ചത് റാസ് ലഫാനിലാണ് -37.1 മില്ലീമീറ്റർ. അൽ ജുമൈലിയയിൽ 36.9ഉം അൽ ഷെഹൈമിയയിൽ 36.8ഉം ദുഖാനിൽ 34.5ഉം മി.മീ മഴ പെയ്തു. അൽ ഖോർ-34.3 മി.മീ, ഉമ്മു ബാബ്-34.1 മി.മീ, ഹമദ് എയർപോർട്ട് 29.1 മി.മീ എന്നിങ്ങനെയാണ് മഴയുടെ അളവ്. ഏറ്റവും കുറവ് സൗദി അതിർത്തിക്കടുത്ത സുഡാൻത്തീലിലാണ് -15 മി.മീ. മെസെഈദിൽ 15.3 മി.മീ മഴയാണ് ലഭിച്ചത്.
മഴ കുറഞ്ഞതോടെ താപനിലയിലും വ്യത്യാസം വന്നു. കാലാവസ്ഥാവകുപ്പിന്റെ പട്ടികയനുസരിച്ച് ശനിയാഴ്ച അബൂ സംറയിൽ മാത്രമാണ് താപനില 15 ഡിഗ്രി സെൽഷ്യസിൽ താഴെയായത്. 14 ഡിഗ്രിയാണ് ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ താപനില. അൽ ഖോർ, ദുഖാൻ, മെസഇദ്, തുറൈന, കറാന, മെസെയ്മീർ, ഷഹാനിയ, ഖത്തർ യൂനിവേഴ്സിറ്റി, ഹമദ് എയർപോർട്ട്, ജുമൈലിയ, വക്റ, മുകൈനിസ് എന്നിവിടങ്ങളിൽ 15 ഡിഗ്രി സെൽഷ്യസാണ് കുറഞ്ഞ താപനിലയായി രേഖപ്പെടുത്തിയത്.
റുവൈസ്, ഷെഹൈമിയ, ഉമ്മു ബാബ്, ഗുവൈരിയ എന്നിവിടങ്ങളിൽ കുറഞ്ഞ താപനില 16 ഡിഗ്രിയായിരുന്നു. ഖത്തർ യൂനിവേഴ്സിറ്റി, റുവൈസ്, ദോഹ എയർപോർട്ട്, മെസെയ്മീർ എന്നിവിടങ്ങളിൽ രേഖപ്പെടുത്തിയ 20 ഡിഗ്രി സെൽഷ്യസാണ് കൂടിയ താപനില. അബൂ സംറയിലും തുറൈനയിലും കൂടിയ താപനിലയെത്തിയത് 18 ഡിഗ്രിയിലാണ്. മറ്റിടങ്ങളിൽ 19 ഡിഗ്രിയായിരുന്നു കൂടിയ താപനില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.