ഖത്തർ അണ്ടർ 23 ടീം അംഗങ്ങൾ
ദോഹ: ലോകകപ്പ് കഴിഞ്ഞതിനു പിന്നാലെ പുതിയ ലക്ഷ്യങ്ങളിലേക്ക് ബൂട്ടുകെട്ടാനൊരുങ്ങി ഖത്തറിന്റെ പുതുനിര. ഒളിമ്പിക്സും അടുത്ത ലോകകപ്പും യോഗ്യത ലക്ഷ്യമിടുന്ന ഖത്തറിന്റെ യുവനിരയായ അണ്ടർ 23 ടീമിന് സൗഹൃദ മത്സരപ്പുറപ്പാട്. ബുധനാഴ്ച യു.എ.ഇയെയും 25ന് തായ്ലൻഡിനെയുമാണ് ഖത്തർ സ്വന്തം മണ്ണിൽ നടക്കുന്ന സൗഹൃദമത്സരത്തിൽ നേരിടുന്നത്. രാത്രി 10ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ.
അടുത്തവർഷം നടക്കുന്ന അണ്ടർ 23 ഏഷ്യൻ കപ്പ്, ഒളിമ്പിക്സ് യോഗ്യത തുടങ്ങിയ മത്സരങ്ങൾ മുന്നിൽ നിൽക്കെ ശക്തമായ ടീമിനെ കെട്ടിപ്പടുക്കാനുള്ള ഒരുക്കത്തിലാണ് അന്നാബി ജൂനിയേഴ്സ്.
സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിനെ കോച്ച് ബ്രൂണോ പിൻഹിയറോ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. 23 അംഗ സംഘമാണ് യു.എ.ഇ, തായ്ലൻഡ് ടീമുകൾക്കെതിരെ ഒരുങ്ങുന്നത്. വരാനിരിക്കുന്ന മത്സരങ്ങളുടെ തയാറെടുപ്പിന്റെ ഭാഗമായി നിരവധി മത്സരങ്ങളാണ് ഖത്തർ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.
ഈ സമയംതന്നെ മേഖലയിലെ നിരവധി യൂത്ത് ടീമുകൾ ഖത്തറിൽ സൗഹൃദമത്സരങ്ങൾ കളിക്കുന്നുണ്ട്. സൗദി, കുവൈത്ത്, ഒമാൻ, ഇറാഖ്, യു.എ.ഇ, കിർഗിസ്താൻ, ദക്ഷിണ കൊറിയ, ഇറാഖ്, വിയറ്റ്നാം എന്നിവരാണ് വരാനിരിക്കുന്ന ടൂർണമെന്റുകൾക്കുള്ള തയാറെടുപ്പായി ഇവിടെ ബൂട്ടുകെട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.