മൂന്നാമത് വേൾഡ് ഡിഫൻസ് ഷോയിൽ പങ്കെടുക്കുന്ന ഖത്തരി പ്രതിനിധി സംഘം
ദോഹ: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ നടക്കുന്ന മൂന്നാമത് വേൾഡ് ഡിഫൻസ് ഷോയിൽ കരുത്തുറ്റ സാന്നിധ്യമറിയിച്ച് ഖത്തറും. ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഓഫിസ് ഉപദേഷ്ടാവ് മേജർ ജനറൽ ഡോ. അലി ഖാജിം അൽ അദബി ആണ് ഖത്തരി പ്രതിനിധി സംഘത്തെ നയിക്കുന്നത്. പ്രതിരോധ -സുരക്ഷാ മേഖലയിലെ ലോകത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയമായ പ്ലാറ്റ്‌ഫോമുകളിൽ ഒന്നാണിത്. ലോകമെമ്പാടുമുള്ള പ്രമുഖ കമ്പനികളും വിദഗ്ധരും പങ്കെടുക്കുന്ന വേൾഡ് ഡിഫൻസ് ഷോയിൽ ഏറ്റവും പുതിയ പ്രതിരോധ സാങ്കേതികവിദ്യകളും സുരക്ഷാ സംവിധാനങ്ങളും പ്രദർശിപ്പിക്കുന്നുണ്ട്.
പ്രതിരോധ -സുരക്ഷ രംഗത്തെ അത്യാധുനിക മാറ്റങ്ങൾ മനസ്സിലാക്കുന്നതിനും അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധ സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഡിഫൻസ് ഷോയിലെ പങ്കാളിത്തത്തിലൂടെ സാധിക്കും. പ്രതിരോധ -സുരക്ഷാ രംഗത്തെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുക, വൈദഗ്ധ്യവും അനുഭവസമ്പത്തും കൈമാറുക, അന്താരാഷ്ട്ര സുരക്ഷാ ഏജൻസികളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും പങ്കാളിത്തത്തിലൂടെ മന്ത്രാലയം ലക്ഷ്യമിടുന്നു.
പങ്കാളിത്ത രാജ്യങ്ങൾ തമ്മിലുള്ള സഹകരണം മെച്ചപ്പടുത്താനും അന്താരാഷ്ട്ര തലത്തിൽ സുരക്ഷ പങ്കാളിത്തം കെട്ടിപ്പടുക്കാനും ഇതിലൂടെ വേദിയൊരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ രാജ്യങ്ങൾ അണിനിരക്കുന്ന പ്രദർശനത്തിൽ കരുത്തുറ്റ സാന്നിധ്യമായി ഇന്ത്യൻ പവലിയൻ ഒരുങ്ങിയിട്ടുണ്ട്. സൗദിയിലെ ഇത്തരമൊരു പ്രദർശനമേളയിൽ ആദ്യമായാണ് ഇന്ത്യൻ പവലിയൻ ഒരുങ്ങുന്നത്. മേളയുടെ ആരംഭദിനമായ ഞായറാഴ്ച കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് പവിലിയൻ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.