ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തി "ക്യുമെഡ്' എക്സിബിഷൻ ഇന്നു മുതൽ
ദോഹ: ആരോഗ്യ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്നതിനും സഹകരണത്തിനും നിക്ഷേപത്തിനുമുള്ള അവസരങ്ങളും ഒരുക്കി മൂന്നാമത് ഇന്റർനാഷണൽ മെഡിക്കൽ ഡിവൈസസ് ആൻഡ് ഹെൽത്ത് കെയർ എക്സിബിഷൻ ആൻഡ് കോൺഫറൻസ് (ക്യുമെഡ് -2026) ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ ബുധനാഴ്ച ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന മേളയിൽ 12 രാജ്യങ്ങളിൽ നിന്നുള്ള 55 പ്രമുഖ കമ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും.
ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മേളയിൽ ഹെൽത്ത്കെയർ സ്ഥാപനങ്ങൾ, മെഡിക്കൽ -സാങ്കേതികവിദ്യ കമ്പനികൾ, നിർമാതാക്കൾ, വിതരണക്കാർ, ആരോഗ്യ മേഖലയിലെ വിദഗ്ധർ എന്നിവർ പങ്കെടുക്കും.
ആരോഗ്യ മേഖലയിലെ അത്യാധുനിക ഉൽപ്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കുന്നതിനും, അറിവുകൾ പങ്കുവെക്കുന്നതിനും, പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്താനും പ്രാദേശിക -അന്തർദേശീയ സംരഭകർക്ക് കോൺഫറൻസ് വേദിയായകും. കൂടാതെ, വിവിധ സെമിനാറുകൾ, പാനൽ ചർച്ചകൾ, വർക്ക്ഷോപ്പുകൾ, പ്രത്യേക സെഷനുകൾ അടങ്ങിയ വിപുലമായ പ്രോഗ്രാമുകളും സംഘടിപ്പിച്ചിട്ടുണ്ട്.
ഖത്തറിന്റെ മൂന്നാമത് നാഷണൽ ഡെവലപ്മെന്റ് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തി ആരോഗ്യ മേഖലയുടെ വളർച്ച ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇന്റർനാഷണൽ മെഡിക്കൽ ഡിവൈസസ് ആൻഡ് ഹെൽത്ത് കെയർ എക്സിബിഷൻ ആൻഡ് കോൺഫറൻസ് സംഘടിപ്പിക്കുന്നതെന്ന് പൊതുജനാരോഗ്യ മന്ത്രാലയ പി.ആർ ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ നാസർ അഹമ്മദ് അൽ ഖൂരി പറഞ്ഞു.
നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും ആരോഗ്യമേഖലയിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും, ഖത്തറിന്റെ ആരോഗ്യമേഖലയെ മുന്നോട്ട് നയിക്കുന്നതിനും സഹായിക്കുന്ന ഇത്തരം പരിപാടികൾക്ക് പൊതുജനാരോഗ്യ മന്ത്രാലയം വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും അദ്ദേഹം വിശദമാക്കി.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പിന്തുണയോടെ നടത്തുന്ന എക്സിബിഷൻ രാജ്യത്തെ ആരോഗ്യ മേഖലയിൽ നിർണായകമായ മുന്നേറ്റമാണെന്ന് ക്യുമെഡ് 2026 ഓർഗനൈസിങ് കമ്മിറ്റി ചെയർമാൻ ഖലീഫ സൽമാൻ അൽ മുഹന്നദി പറഞ്ഞു. പ്രാദേശിക -അന്തർദേശീയ വിപണികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കാൻ ഇത് അവസരമൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.