കുട്ടികളുടെ അവകാശ സംരക്ഷണം സമഗ്ര നിയമനിർമാണ ചട്ടക്കൂട് തയാറാക്കും: കരട് നിയമനിർമാണങ്ങൾക്ക് മന്ത്രിസഭ അനുമതി
ദോഹ: കുട്ടികളുടെ അവകാശ സംരക്ഷണം, ഡിജിറ്റൽ സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള കരട് നിയമനിർമ്മാണങ്ങൾക്ക് പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗം അംഗീകാരം നൽകി. സാമൂഹിക വികസന -കുടുംബ മന്ത്രാലയത്തിന്റെ 2025-30 സ്ട്രാറ്റജിയുടെ ഭാഗമായാണ് കുട്ടികളുടെ അവകാശ നിയമത്തിന്റെ കരട് തയാറാക്കിയത്.
കുട്ടികൾക്ക് സുരക്ഷിതവും സുസ്ഥിരവുമായ അന്തരീക്ഷത്തിൽ വളരാനുള്ള സമഗ്ര നിയമനിർമ്മാണ ചട്ടക്കൂട് നിർമിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പൊതുജനങ്ങളുടെ അഭിപ്രായ രൂപീകരണത്തിനായി കരട് നിയമം 'അൽ മീസാൻ' ലീഗൽ പോർട്ടലിലും 'ഷാരെക്' പ്ലാറ്റ്ഫോമിലും 10 ദിവസത്തേക്ക് പ്രസിദ്ധീകരിക്കും. തുടർന്ന് നിയമനിർമ്മാണ അവലോകനത്തിന് വിധേയമാക്കും.
കുട്ടികളുടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള കരട് നിയമത്തിനും കാബിനറ്റ് അംഗീകാരം നൽകി. ഖത്തറിലെ കുട്ടികളുടെയും യുവാക്കളുടെയും ഡിജിറ്റൽ സുരക്ഷ സംബന്ധിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ സാമൂഹിക വികസന -കുടുംബ മന്ത്രാലയത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കാബിനറ്റ് യോഗത്തിനുശേഷം തീരുമാനങ്ങൾ നീതിന്യായ മന്ത്രിയും ക്യാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം അൽ മുഹന്നദി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.