ദോഹ: നാട്ടിലെ പരസ്യം ഖത്തറിലും സത്യമായി. സിഗരറ്റ് വലിച്ചാൽ ആരോഗ്യപ്രശ്നങ്ങൾ ഒരുവശത്ത്. പോരാത്തതിന് നാളെ മുതൽ കീശ കൂടുതൽ ചോരുകയും ചെയ്യും. സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് നാളെ മ ുതൽ ഇരട്ടിയാണ് വില. 2019ലെ പൊതുബജറ്റ് പ്രകാരം പുകയില ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം നികുതി വർധിപ്പിക്കാനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. വില വർധിക്കുന്ന സാഹചര്യത്തിൽ പുകവലി ശീലമാക്കിയവർ തങ്ങളുടെ ഇഷ്ടബ്രാൻഡ് തേടി നെട്ടോട്ടമോടുകയാണ്. കച്ചവട സ്ഥാപനങ്ങൾ കൃത്രിമമായി ഉൽപന്നങ്ങളുടെ അപര്യാപ്തത സൃഷ്ടിക്കുകയാണെന്ന പരാതിയും ഉയരുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമാകുന്ന ഉൽപന്നങ്ങൾക്ക് കൂടുതൽ നികുതി ഏർപ്പെടുത്തുമെന്ന് പൊതുബജറ്റ് പ്രഖ്യാപനത്തിനിടെ ധനകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സെലക്ടീവ് ടാക്സ് എന്നയിനത്തിലാണ് അധിക നികുതി ഏർപ്പെടുത്തുന്നത്. സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് നൂറ് ശതമാനം നികുതി ചുമത്തുമ്പോൾ എനർജി ഡ്രിങ്കുകൾ, സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവക്ക് 50 ശതമാനം നികുതിയാണ് ചുമത്തിയിരിക്കുന്നത്.
പുതിയ വില നാളെ മുതൽ പ്രാബല്യത്തിൽ വരും. സിഗരറ്റിന് വില ഇരട്ടിയാകുമ്പോൾ പലരും പുകവലി സംബന്ധിച്ച് പുനർവിചിന്തനം നടത്തുമെന്നാണ് പ്രതീക്ഷ. പുകവലിക്കുന്ന പലരും മന്ത്രാലയത്തിെൻറ തീരുമാനത്തെ പ്രശംസിച്ച് രംഗത്ത് വന്നതും ആശാവഹമായ മാറ്റമാണ്. പുകവലി നിർത്തുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നാണ് ചിലർ പറയുന്നത്. ഇരട്ടി വില കൊടുത്ത് ദിവസവും സിഗരറ്റ് പാക്കറ്റുകൾ വാങ്ങുന്നത് അപ്രായോഗികമാണെന്ന് മറ്റു ചിലർ പറയുന്നു. കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന പുകവലിക്കാർ മന്ത്രാലയ തീരുമാനം മൂലം ദുശ്ശീലം ഒഴിവാക്കാൻ സാധ്യതയുണ്ട്. അതേസമയം, പുതിയ വിലവർധന മുന്നിൽ കണ്ട് കൃത്രിമമായി ഉൽപന്നങ്ങളുടെ ലഭ്യതക്കുറവ് സൃഷ്ടിക്കുകയാണ് കച്ചവടക്കാരെന്ന് പരാതികളും ഉണ്ട്. സിഗരറ്റുൾപ്പെടെയുള്ള പുകയില ഉൽപന്നങ്ങൾക്ക് വില വർധിപ്പിക്കാനുള്ള ധനകാര്യമന്ത്രാലയത്തിെൻറ തീരുമാനത്തെ അധിക ജനങ്ങളും ആരോഗ്യ പ്രവർത്തകരും സ്വാഗതം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.