ദോഹ: അത്യാവശ്യ വ്യോമ സേവനങ്ങൾ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഖത്തറിൽ വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചു. പരിമിതമായ വിമാന സർവിസുകൾക്കും എയർ കാർഗോ പ്രവർത്തനങ്ങൾക്കും മാത്രമാണ് അനുമതിയുള്ളതെന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളം വ്യക്തമാക്കി. ദോഹയിലേക്കും തിരിച്ചുമുള്ള ഷെഡ്യൂൾ ചെയ്ത വിമാന സർവിസുകൾ ഇതിൽ ഉൾപ്പെടില്ല. വ്യോമാതിർത്തി ഭാഗികമായി തുറന്നതോടെ, ശനിയാഴ്ച രാവിലെ ദോഹയിൽനിന്ന് എ 380 ജെറ്റ് ലണ്ടനിലേക്ക് പുറപ്പെട്ടു. മുതിർന്നവർ, മെഡിക്കൽ സമ്പന്ധമായ ആവശ്യങ്ങളുള്ളവർ, അടിയന്തര യാത്ര ആവശ്യമുള്ളവർ എന്നിവർക്കാണ് മുൻഗണന നൽകുന്നതെന്ന് വ്യോമയാന അധികൃതർ അറിയിച്ചു.
യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷക്ക് മുൻഗണന നൽകിയും സുരക്ഷ സ്ഥിതിഗതികൾ വിലയിരുത്തിയും ബന്ധപ്പെട്ട അധികാരികളുടെ നിർദേശാനുസരണമായിരിക്കും വരുംദിവസങ്ങളിൽ വിമാന സർവിസുകൾ പുനരാരംഭിക്കുക. ഖത്തർ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വ്യോമാതിർത്തി വീണ്ടും സുരക്ഷിതമായി തുറന്നാൽ വിമാന സർവിസുകൾ പുനരാരംഭിക്കും.
യാത്രക്കാർ എയർപോർട്ടിലേക്ക് പോകരുതെന്നും വിമാന സർവിസുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്നും ഹമദ് അന്താരാഷ്ട്ര വിമാനത്താവളം അധികൃതർ ആവശ്യപ്പെട്ടു. ഫെബ്രുവരി 28ന് മേഖലയിലെ സംഘർഷങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് വ്യോമാതിർത്തി താൽക്കാലികമായി അടച്ചിട്ടിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.