ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് ദർബ് അൽ സാഇയിൽ തുടക്കം കുറിച്ചപ്പോൾ
ദോഹ: ഖത്തർ ദേശീയ ദിനാഘോഷങ്ങൾക്ക് തുടക്കംകുറിച്ച് ദർബ് അൽ സാഇയിലെ പ്രധാന ചത്വരത്തിൽ ദേശീയ ഗാനങ്ങളുടെ അകമ്പടിയോടെ പതാക ഉയർന്നു. ഉമ്മു സലാൽ ഏരിയയിലെ ദർബ് അൽ സാഇയിൽ സ്ഥിരം വേദിയിൽ നടന്ന പരിപാടി സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി പരിപാടി ഉദ്ഘാടനം ചെയ്തു.
'നിങ്ങളാൽ ഉയർച്ച, നിങ്ങളിൽ പ്രതീക്ഷ' എന്ന മുദ്രാവാക്യത്തെ പ്രമേയമാക്കി സാംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന പരിപാടികൾ ഡിസംബർ 20 വരെ തുടരും. കൂടാതെ, അറേബ്യൻ കുതിരകൾ, ഒട്ടകങ്ങൾ പരമ്പരാഗത ഖത്തരി അർദ നൃത്തവും അണിനിരന്ന പരേഡും ദർബ് അൽ സാഇ അരങ്ങേറി. ഉദ്ഘാടനത്തിന് ശേഷം വിവിധ അംബാസഡർമാർ, ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർക്കൊപ്പം ദർബ് അൽ സാഇയിലെ 150,000 ചതുരശ്ര മീറ്റർ സ്ഥലത്ത് ഒരുക്കിയിട്ടുള്ള പ്രദർശനവും സാംസ്കാരിക മന്ത്രി ശൈഖ് അബ്ദുൽറഹ്മാൻ ബിൻ ഹമദ് ബിൻ ജാസിം ബിൻ ഹമദ് ആൽഥാനി സന്ദർശിച്ചു.
അൽ മുക്തിർ, അൽ ഇസ്ബ എന്നീ ഹെറിറ്റേജ് ക്യാമ്പുകളാണ് പരിപാടികളുടെ പ്രധാനപ്പെട്ട സവിശേഷത. ഈ പരമ്പരാഗത കൂടാരങ്ങൾ ഖത്തരി മരുഭൂമിയിലെ ജീവിതത്തിന്റെ യഥാർത്ഥ അവതരണം സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. പൗരന്മാർക്കും താമസക്കാർക്കും ഖത്തറിന്റെ ചരിത്രവും, മൂല്യങ്ങളും സ്വത്വവും എന്നിവ മനസ്സിലാക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ സൈബർ സുരക്ഷാ ഏജൻസി, കമ്യൂണിക്കേഷൻ ആൻഡ് ഐ.ടി മന്ത്രാലയം, ഖത്തർ നാഷനൽ ആർക്കൈവ്സ്, ദോഹ ഫോറം, ഖത്തർ കൾച്ചറൽ സെന്റർ ഫോർ ദി ഡെഫ്, ഖത്തർ ഫോട്ടോഗ്രാഫി സെന്റർ, ഖത്തർ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ ഫോർ ദി ബ്ലൈൻഡ്, ഖത്തർ റീഡ്സ്, ഖത്തർ ഇസ്ലാമിക് ബാങ്ക് എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾ ഈ വർഷത്തെ പരിപാടികളിൽ പങ്കാളികളാണ്. കുട്ടികൾക്കായി പ്രത്യേക ഇടം തന്നെ ദർബ് അൽ സാഇയിൽ സ്ഥാപിച്ചിട്ടുണ്ട്.
വിവിധ കായിക വിനോദങ്ങൾ ഉൾപ്പെടെ കുട്ടികൾക്കായി വിവിധ പരിപാടികൾ തുറന്ന വേദികളിൽ സംഘടിപ്പിക്കും. സിംപോസിയങ്ങൾ, കവിതാ സായാഹ്നങ്ങൾ തുടങ്ങിയ സാംസ്കാരിക പരിപാടികളും നടക്കും. കുട്ടികൾക്കും സ്ത്രീകൾക്കും മുതിർന്നവർക്കുമെല്ലാം ആഘോഷിക്കാനുള്ള വൈവിധ്യങ്ങളും ദർബ് അൽസാഇ ഒരുക്കും.
കരകൗശല നിർമാണങ്ങളും പ്രദർശനങ്ങളും, വിനോദ പരിപാടികളും സന്ദർശകരെ ആകർഷിക്കുന്നതായിരിക്കും. ദേ
ശീയ ദിനത്തോടനുബന്ധിച്ച് രാജ്യത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും തലമുറകളിലേക്ക് പകരുകയാണ് സാംസ്കാരിക മന്ത്രാലയം.
ദിവസവും വൈകുന്നേരം മൂന്ന് മുതൽ രാത്രി 11 വരെ വിപുലമായ പരിപാടികളാണ് ആസൂത്രം ചെയ്തിരിക്കുന്നതെന്ന് സാംസ്കാരിക മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.