ദോഹ: അറബ് സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ആദരിക്കുന്നതിനുമായി പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനിയുടെ രക്ഷാധികാരത്തിൽ ദോഹ അറബിക് ബുക്ക് അവാർഡ് പ്രഖ്യാപിച്ച് ഖത്തർ.
ദോഹ റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രഖ്യാപിച്ച അവാർഡിനായി ജൂൺ അഞ്ചുവരെ ഒൺലൈനായി നാമനിർദേശം ചെയ്യാവുന്നതാണെന്ന് ക്യു.എൻ.എ റിപ്പോർട്ട് ചെയ്തു.മികച്ച സർഗാത്മക സൃഷ്ടികൾക്ക് പ്രോത്സാഹനം നൽകുകയാണ് അവാർഡിലൂടെ ലക്ഷ്യമിടുന്നത്. അറബി പുസ്തകങ്ങൾ പുറത്തിറക്കുന്നതിനോടൊപ്പം പ്രസാധക സ്ഥാപനങ്ങളെ പിന്തുണക്കുകയും ചെയ്യും.അവാർഡ് പ്രഖ്യാപനത്തിന്റെ ഭാഗമായി വിവിധ മേഖലകളിൽ നിന്നുള്ള പത്ത് പ്രതിഭകളെ ആദരിച്ചു. ഇസ്ലാമിക പഠനം, മാനവിക വിഷയം തുടങ്ങിയ മേഖലകളിലെ പഠനങ്ങളിൽ സംഭാവന നൽകിയ ഖത്തർ, ലബനാൻ, സൗദി അറേബ്യ, ഇറാഖ്, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ആദരിച്ചത്. ഗൗരവമേറിയ പഠനങ്ങൾ പ്രസിദ്ധീകരിക്കുന്നതോടൊപ്പം തന്നെ സാമൂഹിക ശാസ്ത്രത്തിലും മാനവികതയിലും മികച്ച സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുകയാണ് അവാർഡ് ആരംഭിക്കുന്നതിലൂടെ ലക്ഷ്യമിടുന്നതെന്ന് ദോഹ അറബിക് ബുക്ക് അവാർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുൽ വാഹിദ് അൽ അലാമി പറഞ്ഞു.
സർഗാത്മകതയുടെ ഇടങ്ങൾ പരിപോഷിപ്പിക്കാനും അറബ് രാഷ്ട്രങ്ങളിലെ സാംസ്കാരിക വളർച്ചയെ പിന്തുണക്കാനും അവാർഡ് പുസ്തക പ്രേമികളെ അനുവദിക്കുമെന്ന് അൽ നഅ്മയെ ഉദ്ധരിച്ച് ഖത്തർ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.